വായു മലിനീകരണത്തില്‍ നിന്ന് രക്ഷയില്ല; ആംബുലൻസ് ഒ‍ഴികെയുള്ള മു‍ഴുവന്‍ വാഹനങ്ങള്‍ക്കും ദില്ലിയില്‍ നിയന്ത്രണം

ദില്ലി; വായു മലിനീകരണം നേരിടാൻ ഒറ്റ ഇരട്ട അക്ക നമ്പർ വാഹന നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ദില്ലി സർക്കാർ പിൻവലിച്ചു. ദേശീയ ഹരിത ട്രിബ്യുണൽ കർശന നിർദേശങ്ങൾ മുന്നോട്ട് വച്ച സാഹചര്യത്തിലാണിത്.

ആംബുലൻസ് പോലുള്ള അടിയന്തിര സേവനങ്ങൾ ഒഴികെ മുഴുവൻ വാഹനങ്ങൾക്കും നിയന്ത്രണം വേണം എന്നായിരുന്നു ഹരിത ട്രിബ്യുണലിൻ്റെ ഉത്തരവ്. തിങ്കളാഴ്ച മുതൽ അഞ്ചു ദിവസം വാഹന നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു ദില്ലി സർക്കാരിന്റെ തീരുമാനം.

എന്നാൽ ഹരിത ട്രിബ്യുണൽ നിർദേശങ്ങൾ വന്നതിനു പിന്നാലെ മുഖ്യ മന്ത്രി അരവിന്ദ് കെജറിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം വേണ്ടെന്ന് വച്ചത്.

ദില്ലിയിലെ വായു മലിനീകരണം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കത്തിന്റെ പേരിൽ ദില്ലി സർക്കാരിന് രൂക്ഷ വിമർശനങ്ങളാണ് ദേശീയ ഹരിത ട്രിബ്യുണലിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്നത്.

മലിനീകരണം കുറക്കാൻ സുപ്രീം കോടതിയും ഹരിത ട്രിബ്യുണലും നിരവധി നിർദേശങ്ങൾ മുന്നോട്ടു വച്ചെങ്കിലും ദില്ലി സർക്കാർ ഒന്നും നടപ്പാക്കിയില്ല.ഒറ്റ ഇരട്ട അക്ക നമ്പർ വാഹന നിയന്ത്രണത്തിൽ മാത്രമാണ് ദില്ലി സർക്കാറിന് താൽപ്പര്യമെന്നും ട്രിബ്യുണൽ നിരീക്ഷിച്ചിരുന്നു.

സർക്കാർ ഉദ്ദേശിക്കുന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നും ട്രിബ്യുണൽ വ്യക്തമാക്കി.ആംബുലൻസ് ഫയർ പോലുള്ള അടിയന്തിര സേവനങ്ങൾ ഒഴികെ എല്ലാ വാഹനങ്ങളും നിയന്ത്രണത്തിന്റെ പരിധിയിൽ വരണം എന്നായിരുന്നു ട്രിബ്യുണലിൻ്റെ പ്രധാന നിർദേശം.

ടു വീലറുകൾ,സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ,സർക്കാർ വാഹനങ്ങൾ എന്നിവയ്ക്ക് ഇളവ് അനുവദിക്കാൻ ആകില്ലെന്നും ട്രിബ്യുണൽ വ്യക്തമാക്കി.എന്നാൽ ഈ നിർദേശങ്ങൾ പ്രായോഗികമല്ല എന്ന് പറഞ്ഞാണ് ദില്ലി സർക്കാരിന്റെ പിന്മാറ്റം.

ടു വീലറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൊതു ഗതാഗത സംവിധാനങ്ങൾക്ക് ആ വിടവ് പരിഹരിക്കാനാകില്ല,സ്ത്രീ സുരക്ഷ പരമ പ്രധാനം എന്നിരിക്കെ സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ല തുടങ്ങിയ കാര്യങ്ങളാണ് ദില്ലി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News