സൂരജിന്‍റെ ‘ഹെലിക്യാം’ വിസ്മയങ്ങളുടെ കൂടാരമാണ് തീര്‍ക്കുന്നത് – Kairalinewsonline.com
Gadget

സൂരജിന്‍റെ ‘ഹെലിക്യാം’ വിസ്മയങ്ങളുടെ കൂടാരമാണ് തീര്‍ക്കുന്നത്

ഷാജഹാനും പരിയക്കുട്ടിയും’ എന്ന ചിത്രത്തിലാണ് സൂരജ് ആദ്യമായി ഹെലിക്യാം വര്‍ക്കുചെയ്യുന്നത്

കോട്ടയം: ആകാശത്തു നിന്നുള്ള കാഴ്‌ചകള്‍ പ്രേക്ഷകരെ എന്നും കോരിത്തരിപ്പിക്കാറുണ്ട്. പഴയകാല സിനിമകളില്‍ ഹെലികോപ്റ്ററിലാണ് ഇത്തരം രംഗങ്ങള്‍ ചിത്രികരിച്ചിരുന്നത്. ഹെലികോപ്റ്റര്‍ ഷോട്ട് എന്നുപറഞ്ഞ് പ്രേക്ഷകര്‍ ആ കാഴ്‌ച കണ്ട് അത്ഭുതത്തോടെ അപ്പോള്‍ ചാടി എഴുന്നേല്‍ക്കുമായിരുന്നു. ഇപ്പോള്‍ പുതിയ സിനിമകളിലും ഇത്തരം ആകാശക്കാഴ്‌ചകള്‍ ഒഴിവാക്കാനാകാത്ത ഘടകമായി മാറിയിരിക്കുകയാണ്.

ഹെലിക്യാം എന്ന ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് ഈ രംഗങ്ങള്‍ പകര്‍ത്തുന്നത്. മലയാളസിനിമയില്‍ ഹെലിക്യാം ക്യാമറ ഉപയോഗിച്ച് അദ്ഭുതങ്ങള്‍ കാണിക്കുന്നവരില്‍ പ്രമുഖനാണ് കോട്ടയം സ്വദേശി സൂരജ് ലൈവ്. 2013ല്‍ സ്വന്തമായി ഹെലിക്യാം നിര്‍മ്മിച്ച് കേരളത്തില്‍ ആദ്യമായി പ്രമുഖ പത്രങ്ങള്‍ക്കുവേണ്ടി ആകാശത്ത് നിന്ന് അദ്ഭുതകാഴ്ചകള്‍ പകര്‍ത്തിക്കൊണ്ടാണ് സൂരജിന്റെ തുടക്കം. തുടര്‍ന്ന് ബി ബി സി ചാനലില്‍ ഡോണ്‍ ലേക്ക് എന്ന ആഫ്രിക്കക്കാരി സംവിധാനം ചെയ്ത ട്രാവല്‍ ഷോയില്‍ ഹെലിക്യാം ചെയ്തു.

ആലപ്പുഴയുടെയും, കേരളത്തിന്റെയും അദ്ഭുതസൗന്ദര്യം ലോകത്തിന് കാണിച്ച് കൊടുത്ത ഈ ട്രാവല്‍ ഷോ സൂരജിനെ ശ്രദ്ധേയനാക്കി. അതോടെ സിനിമാമേഖലയും, സൂരജിനെ തിരഞ്ഞുതുടങ്ങി. ‘ഷാജഹാനും പരിയക്കുട്ടിയും’ എന്ന ചിത്രത്തിലാണ് സൂരജ് ആദ്യമായി ഹെലിക്യാം വര്‍ക്കുചെയ്യുന്നത്. തുടര്‍ന്ന് സഖാവ്, ടീം ഫൈവ്, സോളോ, ടൊവിനോയുടെ മറഡോണ, ആസിഫലിയുടെ മന്ദാരം, കഥ പറഞ്ഞ കഥ, മഴയത്ത്, തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി ഹെലിക്യാം ക്യാമറ പ്രവര്‍ത്തിപ്പിച്ചു. ഹെലിക്യാം ഓപ്പറേറ്റേഴ്‌സിന്റെ സംഘടനയായ പി എ സി എ യുടെ പ്രസിഡന്റ് കൂടിയാണ് സൂരജ് ലൈവ്.

ഹെലിക്യാം ക്യാമറ ഉപയോഗിച്ച് വളരെ ചിലവ് ചുരുക്കിയാണ് ആകാശക്കാഴ്ചകള്‍ സിനിമയ്ക്കുവേണ്ടി പകര്‍ത്തുതെന്ന് സൂരജ് ലൈവ് പറയുന്നു. റെഡ്ക്യാമറയുടെ അലക്‌സാ ക്യാമറ പോലെ, ഫോര്‍ കെ ക്യാമറയാണ് ഹെലിക്യാമിലും ഉപയോഗിക്കുന്നത്. റേഡിയോ ഫ്രീക്ക്വന്‍സിയില്‍ ഉള്ള റിമോട്ടുകള്‍ വഴി എത്ര ദൂരമുള്ള ചിത്രീകരണം പോലും സംവിധായകന് മോണിറ്ററില്‍ കാണാന്‍ സാധിക്കും എതാണ് ക്യാമിന്റെ പ്രത്യേകത;സൂരജ് പറയുന്നു.

ജി പിഎസ്, സാറ്റ്‌ലൈറ്റ് മാപ്പ്‌സ്, ആള്‍ട്ടിറ്റിയൂട് ഓഫ് സ്റ്റെക്കിള്‍സറുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ഹെലിക്യാമറകള്‍ പറക്കുന്നത്. വ്യോമ മന്ത്രാലയത്തിന്റെ നിയമമനുസരിച്ച് 120 അടിമുതല്‍ 1600 അടിവരെ ഉയരത്തില്‍ പോയി ആകാശക്കാഴ്ചകള്‍ ചിത്രീകരിക്കാം. ചുരുക്കത്തില്‍ മലയാളസിനിമയ്ക്കും പ്രേഷകര്‍ക്കും ഒഴിവാക്കാനാവാത്ത ഘടകമായിമാറിയിരിക്കുകയാണ് ആകാശത്തുനിന്നുള്ള സൂരജിന്റെ ഈ വിസ്മയക്കാഴ്ചകള്‍.

കടപ്പാട്: ദേശാഭിമാനി

To Top