ഊരിലെ ജൈവപച്ചക്കറികൾ ചിന്നസാമി മൂപ്പനും കൂട്ടരും മമ്മൂട്ടിക്ക് സമ്മാനിച്ചു; മഹാനടനും തിരിച്ചു നല്‍കി ഒരു സ്വപ്നസമ്മാനം; കാണാതെ പോകരുത്

ഇടുക്കി; ആദിവാസി കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ടെലി മെഡിസിൻ സംവിധാനമൊരുക്കുമെന്ന് നടൻ മമ്മൂട്ടി. ആദിവാസികൾക്കുള്ള കാർഷിക ഉപകരണങ്ങളുടെ സംസ്ഥാന തല വിതരണോദ്ഘാടനം തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു താരം.

കഴിഞ്ഞ അഞ്ച് വർഷമായി തങ്ങളെ സഹായിക്കുന്ന പ്രിയ നടനെ കാണാനെത്തിയ മൂന്നാർ – കുണ്ടളക്കുടി കോളനിയിലെ മൂപ്പൻ ചിന്നസാമിക്കും സംഘത്തിനുമാണ് മമ്മൂട്ടി ഉപകരണങ്ങൾ സമ്മാനിച്ചത്.

മൂന്നാർ – കുണ്ടളക്കുടി കോളനിയിൽ നിന്ന് പുലർച്ചെ പുറപ്പെട്ടുവെങ്കിലും കാട്ടാന വഴി തടസ്സപ്പെടുത്തിയതിനാൽ ഉച്ചയോടെയാണ് മൂപ്പൻ എ കെ ചിന്നസാമിയും കൂട്ടരും തൊടുപുഴയിലെത്തിയത്.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കാണണമെന്നും ഒരു പിടി കാര്യങ്ങൾ പറയണമെന്നുമുള്ള അവരുടെ ആഗ്രഹം സഫലമായി. മൂപ്പന്റെയും സംഘത്തിന്റെയും പ്രധാന ആവശ്യമായിരുന്ന കാർഷികോപകരണങ്ങളായിരുന്നു കാണാനെത്തിയവർക്കുള്ള താരത്തിന്റെ സമ്മാനം.

ആദിവാസി കുടികളിൽ രോഗ നിർണയത്തിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ടെലി മെഡിസിൻ സൗകര്യമൊരുക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.

2012 ൽ, ഇടമലക്കുടി, കുണ്ടളക്കുടി എന്നീ ആദിവാസി ഗ്രാമങ്ങളെ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻറ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ദത്തെടുത്തിരുന്നു.

ഇവിടെ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തത്. സിനിമാ തിരക്കിനിടയിലും തങ്ങളെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന താരത്തിന് മൂപ്പൻ നന്ദി പറഞ്ഞു.

ഊരിൽ ജൈവകൃഷിയിലൂടെ വിളയിച്ച പച്ചക്കറികൾ മൂപ്പൻ മമ്മൂട്ടിക്ക് സമ്മാനിച്ചു. സിനിമാ ചിത്രീകരണം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മുപ്പനെയും കൂട്ടരെയും മമ്മൂട്ടി താൻ അഭിനയിക്കുന്ന പരോളിന്റെ ലൊക്കേഷനിൽ കൊണ്ട് പോയി. പിന്നീട് അവർക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷമാണ് മടക്കി അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here