ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരുടെ മുന്നൂറോളം വാട്സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു

കണ്ണൂര്‍: ഇസ്ളാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് സിറിയയിലേക്ക് പോയ കണ്ണൂര്‍ സ്വദേശികളുടെ കൂടുതല്‍ ഫോണ്‍ സന്ദേശങ്ങള്‍ പൊലീസ് കണ്ടെത്തി. ചക്കരക്കല്‍ സ്വദേശി ഷാജിലിന്റെ ഭാര്യയുടേതടക്കമുള്ള മുന്നൂറോളം വാട്സ്ആപ് ഓഡിയോ സന്ദേശങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.

ഏച്ചൂരിനടുത്ത കമാല്‍പീടികയിലെ കൊല്ലപ്പെട്ട ഷാജിലിന്റെ ഭാര്യയുടെ ശബ്ദസന്ദേശത്തില്‍ യുദ്ധഭൂമിയിലാണുള്ളതെന്നാണ് അറിയിക്കുന്നത്. ഭര്‍ത്താക്കന്മാര്‍ മരിച്ച കുറേപേര്‍ കൂടെയുണ്ടെന്നും അവര്‍ പറയുന്നതായി കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ പറഞ്ഞു. ഈ ശബ്ദസന്ദേശത്തില്‍നിന്ന് കൂടുതല്‍ മലയാളികള്‍ പരിസരത്തുള്ളതായും വ്യക്തമാകുന്നുണ്ട്.

ഇപ്പോള്‍ സിറിയയിലുള്ള വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ് ബാങ്ക് അക്കൌണ്ട് നമ്പര്‍ ആവശ്യപ്പെട്ട് മറ്റൊരാളെ വിളിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷാജിലിന്റെ കടബാധ്യത തീര്‍ക്കുന്നതിനാണ് ഇയാള്‍ ഗള്‍ഫിലുണ്ടായിരുന്ന ചക്കരക്കല്‍ സ്വദേശിയോട് അക്കൌണ്ട് നമ്പര്‍ ആവശ്യപ്പെട്ടത്. ചക്കരക്കല്‍ സ്വദേശി അക്കൌണ്ട് നമ്പര്‍ നല്‍കിയില്ല. ഈ രണ്ട് ശബ്ദസന്ദേശത്തിലും ഇവര്‍ സിറിയയിലാണുള്ളതെന്നും പറയുന്നുണ്ട്.

വെടിയേറ്റ ഷാജില്‍ വാഹനത്തിനടുത്തേക്ക് നടന്നുവന്നതും പിന്നീട് മരിച്ചതായും ഭാര്യ ഹഫ്സിയ പറയുന്നതും ശബ്ദസന്ദേശത്തിലുണ്ട്. ദുരിതപൂര്‍ണമായ സാഹചര്യമാണിവിടെയെന്ന് ദൈന്യതയോടെയാണിവര്‍ പറയുന്നതെന്നും ഡിവൈഎസ്പി പറഞ്ഞു. സിറിയയിലേക്ക് പോയവരുടെയും തിരിച്ചയക്കപ്പെട്ടവരുടെയും പാസ്പോര്‍ട്ടുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതായും പൊലീസ് പറഞ്ഞു. തലശേരിയിലെ ഫോര്‍ച്യൂണ്‍, അക്ബര്‍ ട്രാവല്‍സുകള്‍ മുഖേന ഇവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെയും വിസ അടിച്ചുകിട്ടിയതിന്റെയും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

തലശേരി സ്വദേശി മനോഫ് റഹ്മാന്റെയും ഭാര്യയുടെയും അഞ്ച് മക്കളുടെയും പാസ്പോര്‍ട് മംഗളൂരു എയര്‍പോര്‍ട്ടില്‍നിന്നാണ് പൊലീസ് കണ്ടെടുത്തത്. കുറ്റ്യാട്ടൂര്‍ ചെറുവത്തലമൊട്ടയിലെ അബ്ദുള്‍ ഖയൂം സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഐഎസ് യൂണിഫോമിട്ട് തോക്ക് പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ഇയാളുടെ ടെലിഗ്രാം ഐഡിയുടെ പ്രൊഫൈലിലെന്നും കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് പിടിയിലായ റാഷിദ്, മിഥിലാജ് എന്നിവരുടെ യാത്രാരേഖകളും കണ്ടെത്തി. പാസ്പോര്‍ട്ടില്‍, സന്ദര്‍ശിച്ച രാജ്യങ്ങള്‍ രേഖപ്പെടുത്തിയത് മായ്ച്ചു കളഞ്ഞിട്ടുണ്ട്. ഇസ്താംബൂളിലെ കാപിസി എയര്‍പോര്‍ട്ടില്‍നിന്ന് പാസ്പോര്‍ടില്‍ സീല്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഐഎസ് ബന്ധം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് കണ്ണൂരില്‍ പിടിയിലായ അഞ്ചുപേര്‍ കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News