രാജ്യത്തെ മികച്ച ആരാധക കൂട്ടമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട; വന്‍ സ്വീകരണം നല്‍കി കൊച്ചി

കൊച്ചി: ഇന്ത്യയിലെ മികച്ച ആരാധക കൂട്ടമായി തെരഞ്ഞെടുക്കപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയ്ക്ക് കൊച്ചി സ്റ്റേഡിയത്തില്‍ വന്‍ സ്വീകരണം.

ആരാധക കൂട്ടം എന്നതിനപ്പുറം കേരളത്തില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് മഞ്ഞപ്പട പറഞ്ഞു. ഐഎസ്എല്‍ ആരവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മഞ്ഞപ്പട കാണികളുടെ ഗാലറിയിലിരുന്ന് ഗോളടിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് എന്നാല്‍ കേരളത്തിലെ ഓരോ ഫുട്‌ബോള്‍ ആരാധകന്റെയും ആവേശമാണ്. ഈ ആവേശം മഞ്ഞക്കടലായി മാറിയപ്പോള്‍ രൂപം കൊണ്ട മഞ്ഞപ്പട എന്ന ആരാധക കൂട്ടായ്മ ഇപ്പോള്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിക്കഴിഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച കാണികള്‍ക്കുളള പുരസ്‌കാരമാണ് വമ്പന്‍മാരായ ബംഗളൂരു അടക്കമുളളവരെ പിന്തളളി മഞ്ഞപ്പട സ്വന്തമാക്കിയത്. വിരാട് കോഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച പുരസ്‌കാരമാണിതെന്നത് ഇരട്ടി മധുരവും നല്‍കുന്നു.

മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം സൊഹൈല്‍ ഖാനില്‍ നിന്ന് മഞ്ഞപ്പടയുടെ പ്രതിനിധി സോമു ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി. കൊച്ചിയിലെത്തിയ ആരാധക കൂട്ടായ്മ ഈ വിജയം ആഘോഷലഹരിയിലാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധക കൂട്ടമായ ഭാരത് ആര്‍മി, ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരായ നമ്മ ടീം ആര്‍ സി ബി, ബംഗളൂരു എഫ്‌സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്നിവരെയാണ് മഞ്ഞപ്പട മറികടന്നത്.

ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. കേരളത്തിനകത്തും പുറത്തുമായി 2.35 ലക്ഷം അംഗങ്ങളുളള ആരാധകവൃന്ദമായി മഞ്ഞപ്പട മാറിക്കഴിഞ്ഞു. കളികള്‍ക്കപ്പുറം ജീവകാരുണ്യപ്രവര്‍ത്തികളില്‍ കൂടി സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് ഈ മഞ്ഞക്കൂട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News