സന്നിധാനത്തെ വിവിധ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ ജനുവരി 15ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് കണ്ണന്താനം

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എരുമേലി എന്നീ സ്ഥലങ്ങളില്‍ അനുവദിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ ജനുവരി 15ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ സംബന്ധിച്ച് സന്നിധാനത്തു ചേര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടേയും കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ 105 കോടി രൂപയാണ് ശബരിമലയിലെയും അനുബന്ധ സ്ഥലങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചിട്ടുള്ളത്. ഈ തുക ഉപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച് ആറുമാസത്തിനകം പൂര്‍ത്തിയാക്കുവാന്‍ കഴിയണം.

ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തുക വേഗത്തില്‍ ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ തുക ലഭ്യമാക്കാന്‍ കഴിയും. ശബരിമലയിലെത്തുന്ന കോടിക്കണക്കിനു തീര്‍ഥാടകരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൈകോര്‍ത്തു പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

പമ്പയിലും സന്നിധാനത്തും നടന്നു വരുന്ന തീര്‍ഥാടന മുന്നൊരുക്കങ്ങളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ശബരിമലയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള കുന്നാര്‍ അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കുക, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ലഭ്യമാക്കുക എന്നീ വിഷയങ്ങള്‍ കേന്ദ്രം വനം, പരിസ്ഥിതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി അനുകൂലമായ തീരുമാനമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സിപി രാമരാജ പ്രേമ പ്രസാദ്, കേന്ദ്രം ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News