ഗൗരിയുടെ ആത്മഹത്യ; ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: കൊല്ലം ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ആരോപണവിധേയരായ രണ്ട് അധ്യാപികമാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

17ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണം. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ 18, 19, 20 തീയതികളില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം. കൂടാതെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സിന്ധു പോള്‍, ക്രസന്റ് നെവിസ് എന്നീ അധ്യാപികമാര്‍ക്കാണ് പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പും, ഗൗരിയുടെ സഹപാഠികളുടെ മൊഴിയും ഉള്‍പ്പെടുന്ന കേസ് ഡയറിയും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ്.

എന്നാല്‍ നിലവിലുള്ള അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും, മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ഗൗരിയുടെ അച്ഛന്‍ പ്രസന്നന്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രസന്ന. കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നുവെന്നും പ്രസന്നന്‍ ആരോപിച്ചു.

ഗൗരിയുടെ മരണത്തെ തുടര്‍ന്ന് രണ്ട് അദ്ധ്യാപികമാരും ഒളിവിലായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. അധ്യാപികമാര്‍ക്ക്, മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും ചോദ്യംചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News