പി.ജയരാജനെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടില്ലെന്ന് സിപിഐഎം; വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും ഭാവനാ സൃഷ്ടിയും മാത്രം

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി യോഗത്തെപ്പറ്റി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശന, സ്വയംവിമര്‍ശനം നടക്കുന്നത് സ്വാഭാവികമാണ്. അതിനെ വക്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങള്‍. പി.ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി യാതൊരുവിധ അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല.

പി.ജയരാജന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി എന്നുള്ളത് ആ പത്രത്തിന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും വ്യക്തമാക്കി. ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്. ഉള്‍ക്കൊള്ളേണ്ട വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും. ഓരോ പ്രവര്‍ത്തകനും വിമര്‍ശനത്തിന് വിധേയനാവുന്നതിനോടൊപ്പം സ്വയംവിമര്‍ശനവും നടത്തണം. വിമര്‍ശനവും സ്വയംവിമര്‍ശനവും ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല’.-ജയരാജന്‍ വ്യക്തമാക്കി.

‘വിമര്‍ശനം, സ്വയം വിമര്‍ശനം എന്നത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയാണ്. ബ്രാഞ്ച് മുതല്‍ ഏത് പാര്‍ട്ടി കമ്മറ്റിയിലും വിമര്‍ശനം ഉണ്ടാവണം. ആ വിമര്‍ശനങ്ങളോട് ശരിയായ നിലയ്ക്കാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും പ്രതികരിക്കേണ്ടത്.’-പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here