ചര്‍ച്ച പരാജയം; ഫിലിം ചേംബറിന്റെ നിര്‍ദേശങ്ങള്‍ അമ്മ തള്ളി

ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന ഫിലിം ചേംബറിന്റെ നിര്‍ദേശം അമ്മ തള്ളി.

അതേ സമയം ചര്‍ച്ചകളെക്കുറിച്ച് പ്രതികരിക്കാന്‍ അമ്മ ഭാരവാഹികളൊ ഫിലിം ചേംബര്‍ പ്രതിനിധികളൊ തയ്യാറായില്ല.

രാവിലെ 10.30 ഓടെയാണ് അമ്മയും ഫിലിം ചേംബറും തമ്മിലുള്ള ചര്‍ച്ച കൊച്ചിയില്‍ തുടങ്ങിയത്.അമ്മയ്ക്കു വേണ്ടി പ്രസിഡന്റ് ഇന്നസെന്റ്, ഇടവേള ബാബു, സിദ്ദിഖ്, ഗണേഷ് കുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

അടുത്ത 3 വര്‍ഷത്തേക്ക് ,ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍ നിര്‍ദേശം മുന്നോട്ട് വെച്ചു. ഇത് അംഗീകരിക്കാന്‍ അമ്മ തയ്യാറായില്ല.

ചാനലുകളുമായി സഹകരണം ആവശ്യമാണെന്ന നിലപാടില്‍ അമ്മ ഉറച്ച് നിന്നതോടെ രണ്ടര മണിക്കൂറോളം നീണ്ട ചര്‍ച്ച പരാജയമാകുകയായിരുന്നു. ഇന്നസെന്റുള്‍പ്പടെ അമ്മ ഭാരവാഹികളാരും ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.ഫിലിം ചേംബര്‍ പ്രതിനിധികളും മാധ്യമങ്ങളോട് സംസാരിച്ചില്ല.

ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകള്‍കൊണ്ട് തങ്ങള്‍ക്ക് ഗുണംകിട്ടുന്നില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളും വിതരണക്കാരും. മലയാളത്തില്‍ റിലീസിനു മുന്‍പ് തന്നെ ചിത്രങ്ങള്‍ ചാനലുകള്‍ വാങ്ങുകയായിരുന്നു നേരത്തെ പതിവ്.

എന്നാല്‍ ഇന്ന് തിയ്യറ്ററുകളില്‍ ഹിറ്റാകുന്ന ചിത്രങ്ങള്‍ മാത്രം നോക്കിയാണ് ചാനലുകള്‍ സംപ്രേഷണാവകാശം വാങ്ങുന്നത്. ഇത് സിനിമാ മേഖലയെ വലിയ രീതിയില്‍ ബാധിച്ചുവെന്നും അതിനാല്‍ ചാനലുകളുമായി ഇനി സഹകരണം വേണ്ടെന്നുമാണ് ഫിലിം ചേംബര്‍ തീരുമാനിച്ചത്.

ഈ സാഹചര്യത്തിലാണ് ഇക്കാര്യം അമ്മ ഭാരവാഹികളുമായി ചര്‍ച്ച ചെയ്തത്. എന്നാല്‍ ഈ തീരുമാനത്തോട് യോജിക്കാന്‍ തയ്യാറല്ലെന്ന് അമ്മ പ്രതിനിധികള്‍, ചേംബര്‍ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News