സഹകരണ വാരം ഇന്നു തുടങ്ങുന്നു; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സന്ദേശം

ദേശീയ സഹകരണ യൂണിയന്റെ ആഹ്വാനമനുസരിച്ച് 64-ാമത് സഹകരണ വാരാഘോഷം നവംബര്‍ 14 മുതല്‍ 20 വരെ രാജ്യത്ത് നടക്കുകയാണ്. സഹകരണമെന്ന മാനവികതയിലൂന്നിയ ആശയത്തെ രാജ്യത്തിന്റെ വികസനസങ്കല്‍പ്പവുമായി  ഇഴചേര്‍ക്കാമെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി നയപരിപാടികള്‍ ആവിഷ്കരിച്ച ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനെ അനുസ്മരിച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനംമുതല്‍ ഒരാഴ്ച നീളുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സംസ്ഥാന സഹകരണ യൂണിയനാണ് കേരളത്തില്‍ ഇതിന് നേതൃത്വം നല്‍കുന്നത്. ഇന്ന് കോഴിക്കോട്ട് സംസ്ഥാനതല ഉദ്ഘാടനവും നവംബര്‍ 20ന് കോട്ടയത്ത് സമാപനവും നടക്കും.

സഹകരണമെന്ന ആശയത്തിന്റെ അന്തഃസത്ത ജനങ്ങളിലെത്തിക്കുക എന്നതാണ് വാരാഘോഷത്തിന്റെ മുഖ്യലക്ഷ്യം. മാറുന്ന ജീവിതസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സഹകരണ പ്രസ്ഥാനത്തിന് കഴിയുന്നുണ്ടോ എന്നുള്ള ഒരു വിശകലനംകൂടിവാരാഘോഷനാളുകളില്‍ നടക്കും. ഈ വര്‍ഷത്തെ വിഷയം “ജനശാക്തീകരണം സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ’എന്നതാണ്.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ യുഗമാണിത്. ഈ സൌകര്യങ്ങള്‍ ഭൂരിപക്ഷജനതയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. എന്നാല്‍മാത്രമേ വികസനലക്ഷ്യങ്ങള്‍ വേഗത്തില്‍ നേടിയെടുക്കാനാകൂ. ഈ ദൌത്യം ഏറ്റവും എളുപ്പത്തില്‍ നടപ്പാക്കാനാകുന്നത് സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെയാണ്.

കാരണം, നമ്മുടെ രാജ്യത്ത് ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും കടന്നുചെല്ലാന്‍ സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഡിജിറ്റലൈസേഷന്റെ പ്രയോജനം ജനങ്ങളിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിക്കുന്നതിന് ഈ പ്രസ്ഥാനത്തിലൂടെ കഴിയും.
ബാങ്കിങ് ധനവിനിമയരംഗത്ത് ഡിജിറ്റല്‍ സാമ്പത്തികക്രമംതന്നെ രൂപപ്പെട്ടുകഴിഞ്ഞു. എന്നാല്‍, ഇതിനെ ഗ്രാമീണജനതയുമായി ബന്ധിപ്പിക്കുന്നതിന് ഫലപ്രദമായ സ്ഥാപനങ്ങളുടെ അഭാവമുണ്ട്. ഇതാണ് സഹകരണ സംഘങ്ങള്‍ നികത്തേണ്ടത്. ആ ലക്ഷ്യമാണ് പുതിയ മുദ്രാവാക്യത്തിലൂടെ ദേശീയ സഹകരണ യൂണിയന്‍ അര്‍ഥമാക്കുന്നത്.

ഇവിടെയാണ് കേരളം ഒരുപടി മുന്നേ സഞ്ചരിക്കുന്നത്. കേരളത്തിന്റെ സഹകരണമേഖലയില്‍ കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്. ഭൂരിഭാഗം സഹകരണ സംഘങ്ങളും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്.

ത്രിതല സഹകരണ ബാങ്കിങ് സംവിധാനത്തില്‍ സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണബാങ്കും സമ്പൂര്‍ണമായും കോര്‍ബാങ്കിങ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നു. 40 ശതമാനത്തോളം പ്രാഥമിക ബാങ്കുകള്‍ കോര്‍ബാങ്കിങ്ങിലും 40 ശതമാനത്തോളം ടോട്ടല്‍ ബ്രാഞ്ച് ഓട്ടോമേഷനിലും പ്രവര്‍ത്തിക്കുന്നു. എല്ലാ പ്രാഥമിക ബാങ്കുകളെയും ഏകീകൃത കോര്‍ബാങ്കിങ് സോഫ്റ്റ് വെയറില്‍ കൊണ്ടുവന്ന് സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണം സാധ്യമാക്കുന്നതിനും കേരള ബാങ്ക് രൂപീകരണത്തിനുശേഷം പ്രാഥമിക ബാങ്കുകളെ അതുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ബൃഹത്തായ ഒരു കര്‍മപദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം.

കേരളത്തിലെ അര്‍ബന്‍ സഹകരണ ബാങ്കുകളെല്ലാം കോര്‍ബാങ്കിങ്ങിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ 2017-18 സാമ്പത്തികവര്‍ഷം പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനികവല്‍ക്കരണത്തിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന ആശയംതന്നെ ഡിജിറ്റല്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി എല്ലാ ആധുനിക ബാങ്കിങ് സൌകര്യങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. ഇതനുസരിച്ച് 14 ജില്ലാ സഹകരണ ബാങ്കിന്റെ 804 ബ്രാഞ്ചും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ബ്രാഞ്ചും ചേര്‍ന്ന ഒരു ഏകീകൃത നെറ്റ്വര്‍ക്ക് വരുന്നതോടെ കേരളത്തിലെ ബാങ്കിങ്ങിന്റെ മുഖച്ഛായതന്നെ മാറും.

കേരള ബാങ്കിലൂടെ സഹകരണ ബാങ്കിങ്ങിന്റെ വ്യാപ്തി, ബിസിനസ് മൂല്യം, ഉപയോക്താക്കളുടെ എണ്ണം, എന്‍ആര്‍ഇ നിക്ഷേപം, പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും, മികച്ച മനുഷ്യവിഭവശേഷി എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഒരു കുതിച്ചുചാട്ടംതന്നെ ഉണ്ടാക്കാന്‍ കഴിയും. ഇത്രയും മൂല്യവത്തായ ഒരു സംരംഭത്തെ തടസ്സപ്പെടുത്താന്‍ തല്‍പ്പരകക്ഷികള്‍ നടത്തുന്ന ചില ദുര്‍ബലമായ ഇടപെടലുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ സഹകാരിസമൂഹവും പൊതുജനങ്ങളും മുന്നിട്ടിറങ്ങണം.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സ്വീകരിച്ച പൊതുനയമാണ് എല്ലാ സര്‍ക്കാര്‍വകുപ്പുകളും പരമാവധി ജനകേന്ദ്രീകൃതവും അഴിമതിരഹിതവും സുതാര്യവും വേഗതയാര്‍ന്നതുമായിരിക്കണം എന്നുള്ളത്. അതിനായി എല്ലാ വകുപ്പും ഡിജിറ്റലൈസേഷന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും തീരുമാനിക്കുകയുണ്ടായി.

ഇതേത്തുടര്‍ന്ന് സഹകരണവകുപ്പ് സഹകരണസംഘങ്ങള്‍ക്ക് അനുവദിക്കുന്ന വിവിധ ധനസഹായങ്ങള്‍, അതിന്റെ തിരിച്ചടവ്, ഭരണസമിതി തെരഞ്ഞെടുപ്പ് നടപടികള്‍, പുതിയ സംഘം രജിസ്ട്രേഷന്‍, ബൈലോ ഭേദഗതി തുടങ്ങി സേവനങ്ങള്‍ ഒന്നാംഘട്ടത്തില്‍ ഓണ്‍ലൈനാക്കിക്കഴിഞ്ഞു. സഹകരണസംഘങ്ങളുടെ ഓഡിറ്റടക്കം സോഫ്റ്റ് വെയര്‍ അധിഷ്ഠിതമാക്കാനുള്ള നടപടികള്‍ നടന്നുവരുന്നു.

ചുരുക്കത്തില്‍, ദേശവ്യാപകമായി സഹകരണപ്രസ്ഥാനം ഏറ്റെടുത്ത് നടത്താന്‍ ആഹ്വാനം ചെയ്യപ്പെട്ട സഹകരണമേഖലയുടെ ഡിജിറ്റലൈസേഷന്‍ നടപടികള്‍ കേരളത്തില്‍ വളരെയേറെ മുന്നേറിയിട്ടുണ്ട്.

സഹകരണ വാരാഘോഷത്തിനായി കോഴിക്കോട് ജില്ല ഒരുങ്ങിയത് ഈ പ്രസ്ഥാനത്തിന് വളരെ വലിയ മതിപ്പ് ഉളവാക്കുന്ന രീതിയിലാണ്. ആഘോഷത്തിന്റെ ‘ഭാഗമായി മാലിന്യ സംസ്കരണശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിപുലമായി ഏറ്റെടുത്ത് നടത്തി. ഹരിതം സഹകരണം എന്ന പേരില്‍ സഹകരണസംഘങ്ങളിലൂടെ 1000 ഏക്കര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചു. അഞ്ഞൂറോളം മഴക്കുഴി ഉണ്ടാക്കി.

അത്തരത്തില്‍ നാടിന് ഇന്ന് എന്താണോ ആവശ്യം ആ കാര്യങ്ങളാണ് ഈ ജില്ലയിലെ സഹകാരികള്‍ നടപ്പാക്കിയത്. ഇത് മാതൃകയാണ്. കേരളം ഒന്നടങ്കം ഏറ്റെടുക്കേണ്ട മാതൃക. സഹകരണ വാരാഘോഷത്തിന്റേതായ നാളുകള്‍ കേരളത്തിലെ സഹകരണമേഖല നാളിതുവരെ ആര്‍ജിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും സാമൂഹ്യപ്രാധാന്യമുള്ള കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനും പ്രയോജനപ്പെടുത്തണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News