തോമസ് ചാണ്ടിക്ക് രക്ഷയില്ല; ഹര്‍ജി ഹൈക്കോടതി തള്ളി – Kairalinewsonline.com
Big Story

തോമസ് ചാണ്ടിക്ക് രക്ഷയില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

ഹര്‍ജി പരിഗണിക്കണമെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതാണ് ഉത്തമം

കൊച്ചി: ഭൂമി കയ്യേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

കളക്ടറുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കാൻ മന്ത്രിക്ക് 15 ദിവസത്തിനകം കളക്ടറെ തന്നെ സമീപിക്കാമെന്ന് ജസ്റ്റിസ് പി എൻ രവീന്ദ്രൻ നിർദ്ദേശിച്ചു.

സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്വ ലംഘനമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിന്യായത്തിൽ നിരീക്ഷിച്ചു.

ജസ്റ്റിസ് പി എൻ രവീന്ദ്രൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത് . കളക്ടറുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കാൻ ജില്ലാ കളക്ടറെ തന്നെ 15 ദിവസത്തിനകം മന്ത്രിക്ക് സമീപിക്കാമെന്ന് ജസ്റ്റിസ് പി എം രവീന്ദ്രൻ നിർദ്ദേശിച്ചു.

കളക്ടറുടെ റിപ്പോർട്ടിൽ മന്ത്രിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങളോ നടപടി നിർദ്ദേശങ്ങളോ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ചിലയിടങ്ങളിൽ മന്ത്രിയുടെ പേര് പരാമർശിച്ചിട്ടുണ്ട്. അത് നീക്കംചെയ്യാൻ മന്ത്രിക്ക് കളക്ടറെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു .

എന്നാൽ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്വ ലംഘനമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. മന്ത്രിക്ക് ഭരണഘടനയുടെ 226 ആം വകുപ്പുപ്രകാരം നിവൃത്തി തേടാനാവില്ല . കാരണം മന്ത്രി സാധാരണ പൗരനല്ലെന്ന് ഉത്തരവിൽ പറയുന്നു .

രാവിലെ ഹർജിയിൽ വാദം ആരംഭിച്ചത് മുതൽ കടുത്ത വിമർശനങ്ങളാണ് മന്ത്രിക്കെതിരെ കോടതി നടത്തിയത്. മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു .

സ്വന്തം സർക്കാരിനെതിരെ ഒരു മന്ത്രിക്ക് കോടതിയെ സമീപിക്കാൻ കഴിയുമോ തുടങ്ങിയ വാക്കാൽ പരാമർശങ്ങൾ കോടതിയുടെ ഭാഗത്തുനിന്ന് വാദത്തിനിടെ ഉണ്ടായി .

രാവിലത്തെ രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ വേണമെങ്കിൽ മന്ത്രിക്ക് ഹർജി പിൻവലിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. എന്നാൽ ഉച്ചയ്ക്ക് ശേഷം കോടതി പുനരാരംഭിച്ചപ്പോൾ ഹർജി പിൻവലിക്കുന്നില്ലന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

തോമസ് ചാണ്ടിയുടെ ഹർജി അപക്വമെന്ന നിലപാടാണ് വാദത്തിനിടെ സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചത്.

To Top