ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോ‍ഴ വിവാദം; വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി – Kairalinewsonline.com
Latest

ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോ‍ഴ വിവാദം; വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി

മെഡിക്കൽ കോഴ കേസിൽ ഒരു ജഡ്ജിക്ക് എതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല

ദില്ലി: ജഡ്ജിമാർ ഉൾപ്പെട്ട മെഡിക്കൽ കോഴ കേസ് അന്വേഷണം വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ വേണം എന്നാവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി തള്ളി.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ കാമിനി ജയ്സ്വാൾ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ആർ കെ അഗർവാൾ,അരുൺ മിശ്ര,എ എം ഖാൻ വിൽക്കർ എന്നിവരുൾപ്പെട്ട ബഞ്ച് തള്ളിയത്.

ഹർജി കോടതിയലക്ഷ്യം ആണെങ്കിലും കോടതിയലക്ഷ്യ നടപടികളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പരിഗണിക്കപ്പെട്ടപ്പോഴെല്ലാം സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾക്ക് ഇടയാക്കിയ ഹർജിയാണ് മൂനംഗ ബഞ്ച് തള്ളിയത്.

ഹർജിയിലെ ആരോപണങ്ങൾ അപകീർത്തികരവും കോടതി അലക്ഷ്യവും ആണെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.കോടതി അലക്ഷ്യത്തിനു ഇപ്പോൾ കേസ് എടുക്കുന്നില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്.

മെഡിക്കൽ കോഴ കേസിൽ ഒരു ജഡ്ജിക്ക് എതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. അനുമതി ഇല്ലാതെ അങ്ങനെ ഒരു കാര്യം സാധ്യവുമല്ല.ഒരു ഹർജി നില നിൽക്കുമ്പോൾ തന്നെ മറ്റൊരു ഹർജി നൽകി പരാമർശിക്കുന്നത് ശരിയായ നടപടിയല്ല.

ചീഫ് ജസ്റ്റിസിന് കേസ് ഏതു ബഞ്ചിലേക്കും കൈമാറാനുള്ള അധികാരമുണ്ട്.വസ്തുതകൾ പരിശോധിക്കാതെ മുതിർന്ന അഭിഭാഷകർ ഹർജി നൽകിയത് നീതി ന്യായ വ്യവസ്ഥയ്ക് കളങ്കം ഏൽപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ പരോക്ഷ ആരോപണമുള്ള മെഡിക്കൽ കോഴ കേസിൽ ഏറെ വിവാദമായ ഹർജിയാണ് തള്ളിയത്.

To Top