തോമസ് ചാണ്ടി വിഷയത്തില്‍ എന്‍സിപി സാവകാശം ചോദിച്ചു; ഉത്തമമായ തീരുമാനമുണ്ടാകും;മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണസംഭവമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം; തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച ചര്‍ച്ചകള്‍ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്‍ സി പി സംസ്ഥാന ഘടകം മന്ത്രിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാനായി സാവകാശം വേണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം ഉടന്‍ തന്നെ തീരുമാനമറിയിക്കുമെന്ന് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല്മന്ത്രിമാര്‍ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗം തുടരും മുന്നേ സിപിഐയുടെ മന്ത്രി ഇ ചന്ദ്രശേഖരന്റെ കത്ത് ലഭിച്ചിരുന്നു.

തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ വിട്ടുനില്‍ക്കാന്‍ പാര്‍ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പങ്കെടുക്കുന്നില്ലെന്നുമാണ് കത്തിലുണ്ടായിരുന്നത്. ഇതൊരു അസാധാരണ സംഭവമാണ്. മന്ത്രിയായിരിക്കുന്നിടത്തോളം യോഗത്തില്‍ പങ്കെടുക്കാന്‍ തോമസ്ചാണ്ടിക്ക് അവകാശമുണ്ട്.

അതേസമയം ഒരു മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അവരുടെ നിലപാടുകള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയേയും എന്‍സിപിയേയും ചുമതലപ്പെടുത്തുകയായിരുന്നു. ഇന്നലെയാണ് കോടതി വിധി വന്നത്.

ഇന്ന് രാവിലെ മുതല്‍ ആ വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നും അതൊരു വൈകലായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here