കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാവുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പ്
കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായ്.

കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്സ് ഡല്‍ഹി ഘടകത്തിന് വേണ്ടി സന്തോഷ് കോശി ജോയ് നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് രാജ്ദീപ് പ്രവചനം നടത്തിയത്.

“കേരളം ഒരു മൂന്നാം ബദലിന്റെ സാധ്യത തേടുന്നുണ്ട് എന്നാണ് തോന്നുന്നത്. പശ്ചിമബംഗാളിനും ത്രിപുരയ്ക്കുമൊപ്പം കേരളവും പിടിച്ചടക്കാനാണ് ബിജെപി കിണഞ്ഞ് ശ്രമിക്കുന്നത്.

രണ്ടോ മൂന്നോ ടേമിന് ശേഷം പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരള രാഷ്ടീയം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ളയാളെ ഉടന്‍ മുന്നോട്ട് വയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നത്.”

മലയാളികളുടെ രാഷ്ട്രീയ ബോധത്തെ രാജ്ദീപ് അഭിനന്ദിച്ചു. “മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തിലെ എന്റെ ആദ്യ അസൈന്‍മെന്‍റ് 1991ലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു അക്കാലത്ത്.

സഹപ്രവര്‍ത്തകനായ ബിആര്‍ മണിയോടൊപ്പമായിരുന്നു യാത്ര. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. മലയാളികളുടെ രാഷ്ട്രീയ വിശകലന രീതികള്‍ എനിക്ക് ഇഷ്ടമാണ്. പൊതു ഇടങ്ങളില്‍ ആളുകളുമായി സംവദിക്കുന്നത് ഒരു റിപ്പോര്‍ട്ടറെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്.”