ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ലെന്ന് തോമസ് ചാണ്ടി; ഹൈക്കോടതി വിധിക്കെതിരെ നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കും

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ലെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി.

ഹൈക്കോടതി വിധിക്കെതിരെ നാളെ തന്നെ സുപ്രീംകോടതിയില്‍ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ 90 ശതമാനവും തെറ്റാണെന്നും ധൃതിയില്‍ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നും തോമസ് ചാണ്ടി പറഞ്ഞു.

ജഡ്ജിയുടെ പരാമര്‍ശങ്ങളാണ് രാജിയിലേക്ക് നയിച്ചത്. മാര്‍ത്താണ്ഡം കായല്‍ താന്‍ നികത്തിയിട്ടില്ല. കര്‍ഷകര്‍ക്ക് സഞ്ചരിക്കാനായി വഴി മണ്ണിട്ട് വൃത്തിയാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീകോടതി മുന്‍പാകെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരാന്‍ കഴിയും എന്ന വിശ്വാസം തനിക്കുണ്ട്.സിപിഐ മുന്നണി മര്യാദ പാലിച്ചില്ല. അഞ്ച് ദിവസം മുമ്പ് രാജിയെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും  തോമസ് ചാണ്ടി മാധ്യമങ്ങോട് പറഞ്ഞു.
ഭൂസംരക്ഷണ നിയമം ലംഘിച്ചുവെന്ന് വ്യക്തമാക്കുന്ന ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ രാജി അനിവാര്യമാകുകയായിരുന്നു.

കുട്ടനാട് മണ്ഡലത്തില്‍നിന്നുള്ള എന്‍സിപി അംഗമാണ് തോമസ് ചാണ്ടി. എന്‍സിപിയുടെ മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ രാജിവെച്ചതോടെ കഴിഞ്ഞ ഏപ്രിലിലാണ് തോമസ് ചാണ്ടി മന്ത്രിയായത്.

തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചുവെന്നാണ് ആരോപണമുള്ളത്.

തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി നിയമാനുസൃതം നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഇന്നലെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഇല്ലെന്നും പരാമര്‍ശങ്ങള്‍ വാട്ടര്‍വേള്‍ഡ് കമ്പനിക്കെതിരെയാണെന്നും കോടതി നിരീക്ഷിച്ചു. തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് 15 ദിവസത്തിനകം കലക്ടറെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News