രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന്‍ നിരപരാധി; വെളിപ്പെടുത്തലുമായി സിബിഐ മുന്‍ ഉദ്യേഗസ്ഥന്‍

ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ 26 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍ നിരപരാധിയാണെന്ന് വെളിപ്പെടുത്തി സിബിഐ മുന്‍ ഉദ്യേഗസ്ഥന്‍ രംഗത്ത്.

സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വി.ത്യാഗരാജന്‍ എന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, തന്നെ മോചിപ്പിക്കണമെന്ന് കാട്ടി പേരറിവാളന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി.

രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മ്മിക്കാന്‍ ബാറ്ററികള്‍ വാങ്ങിനല്‍കി എന്നതാണ് പേരറിവാളന് മേല്‍ ആരോപിക്കപ്പെട്ടിരുന്ന കുറ്റം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ആരോപണങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സിബിഐക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്ന് ത്യാഗരാജന്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ബാറ്ററി വാങ്ങിയത് എന്ത് ആവശ്യത്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന പേരറിവാളന്റെ മൊഴി താന്‍ രേഖകളില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നും ത്യാഗരാജന്‍ വെളിപ്പെടുത്തി.

1991ല്‍ എല്‍ടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയര്‍ലെസ് സന്ദേശത്തില്‍ നിന്ന് പേരറിവാളന്‍ നിരപരാധി ആണെന്ന വിവരം സിബിഐയ്ക്ക് ബോധ്യപ്പെട്ടതാണെന്നും ത്യാഗരാജന്‍ വെളിപ്പെടുത്തി.

ഒരു നിരപരാധിക്ക് 26 വര്‍ഷത്തിനു ശേഷമെങ്കിലും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് ത്യാഗരാജന്‍ പറയുന്നു. ടാഡ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തിയാണ് ത്യാഗരാജന്‍ സത്യവാങ്മൂലം നല്കിയിരിക്കുന്നത്.

അതേസമയര്‍ം തന്നെ മോചിപ്പിക്കണമെന്ന് കാട്ടി പേരറിവാളന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നെങ്കിലും അപ്പെക്‌സ് കോടതി പേരറിവാളന്റെ ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു.

ത്യാഗരാജനന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അനുകൂലവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പേരറിവാളന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

പേരറിവാളനെ മോചിപ്പിക്കുന്നതില്‍ അനുകൂലമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡിസംബര്‍ ആറിനാണ് കേസില്‍ കോടതി ഇനി വാദം കേള്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here