സൗദിയില്‍ യോഗയ്ക്ക് കായിക ഇനമായി അംഗീകാരം: മാറ്റത്തിന് പ്രേരണയായത് ഈ വനിതാ ഇന്‍സ്ട്രക്ടര്‍

യോഗ അഭ്യസിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഇന്ത്യയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോള്‍ യോഗയെ കായിക ഇനമായി അംഗീകരിച്ചിരിക്കുകയാണ് സൗദി അറേബ്യ.

വര്‍ഷങ്ങളായി സൗദിയില്‍ യോഗ പഠിപ്പിക്കുന്ന നൗഫ് മുഹമ്മദ് അല്‍ മര്‍വായി എന്ന വനിതയുടെ നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് യോഗയെ കായിക ഇനമായി ഉള്‍പ്പെടുത്താന്‍ സൗദിയിലെ മതയാഥാസ്ഥിതിക ഭണകൂടം തയ്യാറായിരിക്കുന്നത്. ആദ്യം ഇവരുടെ ആവശ്യത്തിനു നേരെ സൗദി സര്‍ക്കാര്‍ മുഖം തിരിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

സൗദിയില്‍ മക്ക, റിയാദ്, മദീന, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇപ്പോള്‍ യോഗ സെന്ററുകളും യോഗ അധ്യാപകരുമുണ്ട്. നൗഫ് മുഹമ്മദ് മര്‍വായിയെന്ന എന്ന മുപ്പത്തിയേഴുകാരിയാണ് സൗദിയിലെ ആദ്യത്തെ യോഗാപരിശീലക.

യോഗയും മതവും പരസ്പരം കലഹിക്കരുതെന്നാണ് മര്‍വ്വായിയുടെ അഭിപ്രായം. യോഗയെ സൗദിയിലെത്തിച്ചതിന് പിന്നില്‍ അവര്‍ക്കൊരു ഭഗീരഥപ്രയത്‌നം തന്നെ ചെയ്യേണ്ടിവന്നിട്ടുണ്ട്.

ഒരു സമൂഹത്തിന് മുഴുവന്‍ വളരെ വ്യത്യസ്തമായൊരു ആശയം മനസിലാക്കി കൊടുക്കുക എന്നത് എളുപ്പമായിരുന്നില്ല. പക്ഷേ, സൗദിയിലെ ജനങ്ങള്‍ ഒരു പരിധിവരെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരുന്നതുകൊണ്ട് അവരോട് യോഗയുടെ ആരോഗ്യവശങ്ങളെപ്പറ്റി പറഞ്ഞ് മനസിലാക്കി കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നാണ് മര്‍വായി പറയുന്നത്.

ഇനി മര്‍ഫായിയുടെ യോഗാ ജീവിത കഥ കേള്‍ക്കൂ

ചെറുപ്പം മുതലേ വിളര്‍ച്ച, അലര്‍ജി തുടങ്ങിയ നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മര്‍വായ്. അതുകൊണ്ട് സ്വാഭാവികമായ ജീവിതരീതി പിന്തുടരാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ ഘട്ടത്തിലാണ് ആരൊക്കെയോ യോഗയെക്കുറിച്ച് പറയുന്നത്. പിന്നീട് അതിനെക്കുറിച്ച് വായിച്ച് മനസിലാക്കുകയായിരുന്നു.

ഓസ്‌ട്രേലിയയില്‍ നിന്നാണ് മര്‍വായ് യോഗ പഠിച്ചത്. പിന്നീട് ഇന്ത്യയിലെത്തി. അപ്പോഴേക്കും രോഗം മര്‍വായ്‌യുടെ വൃക്കകളെ ബാധിച്ചിരുന്നു. പിന്നീട് കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാരാണ് മര്‍വായ്‌യെ ചികിത്സിച്ചത്.

അസുഖം മാറി വന്നപ്പോഴേക്കും യോഗയുമായി നല്ല ആത്മബന്ധം ഉടലെടുത്തിരുന്നു. ഇന്ത്യക്കാര്‍ യോഗ പരിശീലിക്കുന്നത് കാണാന്‍ ഡെല്‍ഹി മുതല്‍ ഹിമാലയം വരെയുളള നിരവധി സ്ഥങ്ങളില്‍ നേരിട്ട് പോയി.

ഇന്ത്യയില്‍ പോകുന്നതിനും യോഗയും ആയുര്‍വേദവും പഠിക്കുന്നതിലുമെല്ലാം മര്‍വായ്‌യുടെ കുടുംബത്തിന് ഏറെ ആശങ്കയുണ്ടായിരുന്നു. പക്ഷേ മകളുടെ ആരോഗ്യം മെച്ചപ്പെടുമല്ലോ എന്നോര്‍ത്തപ്പോള്‍ ആരും ഇവരുടെ ആഗ്രഹത്തിന് തടസം നിന്നില്ല. പക്ഷേ കുടുബത്തിലെ മറ്റ് ആളുകളുടെ പ്രതികരണങ്ങള്‍ വളരെ രൂക്ഷമായിരുന്നു.

എന്നാലിപ്പോള്‍ അവരെല്ലാം മര്‍വായിയുടെ ക്ലിനിക്കില്‍ പരിശോധനയ്ക്കും യോഗ പരിശീലത്തിനുമെല്ലാം എത്തിച്ചേരാന്‍ തുടങ്ങി എന്നതാണ് അല്‍ഭുതം. അതിനേക്കാള്‍ അവര്‍ക്കിന്ന് ആഹ്ലാദമായിരിക്കുന്നത് സൗദി അറേബ്യ തന്നെ യോഗയെ അംഗീകരിക്കുന്ന നിലപാടെടുത്തു എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here