സുവര്‍ണ്ണമയൂര പ്രതീക്ഷയില്‍ മലയാളം; ടേക്ക് ഓഫ്’ ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തിലേക്ക്

ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മഹേഷ് നാരായണന്റെ ടേക്ക് ഓഫ്’ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് മത്സര വിഭാഗത്തിലേക്കും ടേക്ക് ഓഫിന് അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായി അറിയപ്പെടുന്ന ഗോവയില്‍ അങ്ങനെ മലയാളത്തിന് ഒരു പുരസ്‌കാരപ്രതീക്ഷയായി. കഴിഞ്ഞ വര്‍ഷം ഇറാനിയന്‍ ചിത്രം ഡോട്ടറായിരുന്നു മത്സരവിഭാഗത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട് സുവര്‍ണ്ണ മായൂരം നേടിയത്.

ഗോവമേളയില്‍ മലയാളത്തില്‍ നിന്ന് ഏറ്റവും ശുഷ്‌ക്കമായ സാന്നിധ്യമുള്ള വര്‍ഷമാണിത്. മറാത്തിയില്‍ നിന്ന് ആറ് ചിത്രങ്ങളുള്ള പനോരമയില്‍ മലയാളത്തെ പ്രതിനിധീകരിക്കുന്നത് ഒരൊറ്റ ചിത്രം മാത്രമാണ്. എന്നാല്‍ ആ ചിത്രം മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് വലിയ നേട്ടമാവുകയാണ്.

മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടേക്ക് ഓഫ് അന്താരാഷ്ട്രമാനമുള്ള ഒരു മലയാള ചിത്രമാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള ചിത്രങ്ങളില്‍ ഒന്നുമാണ്. തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇറാഖില്‍ ഒറ്റപ്പെട്ടുപോയ ഒരു പറ്റം നേഴ്സുമാരുടെ ദുരവസ്ഥയാണ് സിനിമ. മഹേഷ് നാരായണനും കഥാകൃത്ത് പിവി ഷാജികുമാറുമാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്.

പാര്‍വ്വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയവരാണ് അഭിനേതാക്കള്‍. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട സെക്‌സി ദുര്‍ഗ്ഗയും ന്യൂഡും ഉയര്‍ത്തിവിട്ട വിവാദത്തിലാണ് ഇത്തവണ ഗോവയിലെ ഇന്ത്യന്‍ പനോരമ.

ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷിന് പിന്നാലെ രണ്ട് ജൂറി അംഗങ്ങള്‍ കൂടി രാജി സമര്‍പ്പിച്ചു. ജൂറി അംഗങ്ങളായ അപൂര്‍വ്വ ആസ്രാണിയും ഗ്യാന്‍ കൊറെയുമാണ് രാജി സമര്‍പ്പിച്ച് ചെയര്‍മാന്റെ പ്രതിഷേധത്തിനൊപ്പം അണിചേര്‍ന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News