മോദിയുടെ നയതന്ത്രത്തിലും വിദേശനയത്തിലും എവിടെയാണ് രാജ്യസ്നേഹം ?

അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും ചേര്‍ന്നുള്ള ചതുര്‍രാഷ്ട്രസംഖ്യം രൂപംകൊള്ളുകയാണിപ്പോള്‍. മനിലയില്‍ കഴിഞ്ഞദിവസം നടന്ന ആസിയന്‍ ഉച്ചകോടിവേളയില്‍ നാലു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പ്രത്യേകയോഗം ചേരുകയുണ്ടായി. ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഈ രാജ്യങ്ങളിലെ നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

എന്നാല്‍, ഉദ്യോഗസ്ഥതലയോഗത്തിനുശേഷം നാലു രാജ്യങ്ങളും ചേര്‍ന്ന് സംയുക്തപ്രസ്താവന ഇറക്കിയില്ല. ഒരോ രാജ്യവും യോഗത്തിന്റെ പരിണതഫലത്തെക്കുറിച്ച് പ്രസ്താവന ഇറക്കുകയായിരുന്നു.

ഈ നാല് പ്രസ്താവനകളുടെയും സാരാംശം ഇന്തോ-പസഫിക് മേഖലയെ വാണിജ്യത്തിനും നാവികഗതാഗതത്തിനുമായി തുറന്നതും സ്വതന്ത്രവുമായി നിലനിര്‍ത്തുമെന്നും സമാധാനത്തിനും സ്ഥിരതയ്ക്കുമെതിരെ ഉയരുന്ന ഭീഷണികളെ തടയുമെന്നുമാണ്. അതായത് ചൈനയുടെ വളര്‍ച്ചയെയും സ്വാധീനത്തെയും ചെറുക്കാനാണ് നീക്കമെന്നര്‍ഥം.

ഏഷ്യ-പസഫിക് മേഖലയില്‍ ‘ജനാധിപത്യരാഷ്ട്രങ്ങളുടെ’ ചതുര്‍രാഷ്ട്രസഖ്യം എന്ന ആശയം ഇപ്പോള്‍ ശക്തമായി മുന്നോട്ടുവച്ചത് അമേരിക്കയാണ്. പത്തുവര്‍ഷംമുമ്പ് 2007ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചിരുന്നു. ആ സമയത്ത് 2007 മേയില്‍ മനിലയില്‍ത്തന്നെ ആസിയന്‍ പ്രാദേശിക ഉച്ചകോടിവേളയില്‍ ഈ നാലുരാജ്യങ്ങളിലെയും നേതാക്കള്‍ കണ്ടുമുട്ടി.

ഇതിനുശേഷം ഇന്ത്യയും അമേരിക്കയും ജപ്പാനും ചേര്‍ന്ന് സംയുക്ത നാവികാഭ്യാസവും ആരംഭിച്ചു. എന്നാല്‍, ചൈനയുടെ എതിര്‍പ്പ് കാരണം ഈ ചതുര്‍രാഷ്ട്ര സഖ്യം ഫലവത്തായില്ല. നാലുരാഷ്ട്രങ്ങളിലെയും സര്‍ക്കാരുകള്‍ക്ക് ഇത്തരമൊരു കൂട്ടുകെട്ടിന്റെ ആവശ്യമെന്തെന്ന് ആരാഞ്ഞുകൊണ്ട് ചൈന ഔദ്യോഗികമായിത്തന്നെ കത്തെഴുതുകയുണ്ടായി. സഖ്യനീക്കത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു ഈ നീക്കം.

ഒരുവര്‍ഷത്തിനകം ഓസ്‌ട്രേലിയയില്‍ ഭരണമാറ്റം ഉണ്ടായതുകൊണ്ടുതന്നെ ചതുര്‍രാഷ്ട്രസഖ്യം യാഥാര്‍ഥ്യമായില്ല. പുതിയ പ്രധാനമന്ത്രി കെവിന്‍ റൂഡാകട്ടെ ചൈനയുമായി അടുത്ത വ്യാപാര സാമ്പത്തികബന്ധം സ്ഥാപിക്കണമെന്ന പക്ഷക്കാരനായിരുന്നു. അതുകൊണ്ടുതന്നെ പുതിയ സഖ്യനീക്കത്തിനില്ലെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മന്‍മോഹന്‍സിങ് സര്‍ക്കാരും ഈ ആശയവുമായി മുന്നോട്ടുപോയില്ല.

ഷിന്‍സോ ആബെ എന്ന വലതുപക്ഷ ദേശീയവാദി വീണ്ടും ജപ്പാനില്‍ അധികാരത്തില്‍വന്നതോടെ ഈ ആശയം വീണ്ടും പൊടിതട്ടിയെടുത്തു. യുപിഎ സര്‍ക്കാരിന്റെകാലത്ത് ജപ്പാനും അമേരിക്കയുമായി ചേര്‍ന്നുള്ള ത്രികക്ഷി സുരക്ഷാസഖ്യം രൂപംകൊണ്ടു. 2010ല്‍ നടന്ന മലബാര്‍ സൈനികപരിശീലനത്തില്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടെ നാലു രാഷ്ട്രങ്ങളും പങ്കെടുത്തു.

ബറാക് ഒബാമ പ്രസിഡന്റായ ഘട്ടത്തിലാണ് അമേരിക്ക ഏഷ്യപിവട്ട് അഥവാ ഏഷ്യന്‍ അച്ചുതണ്ട് പ്രഖ്യാപിച്ചതും 60 ശതമാനം നാവികസേനയെയും ഏഷ്യ-പസഫിക് മേഖലയിലേക്ക് മാറ്റിയതും.

ഈ അച്ചുതണ്ടിന്റെ പ്രധാന ആണിയായി നില്‍ക്കാന്‍ ഇന്ത്യക്കു മേല്‍ സമ്മര്‍ദമുണ്ടായി. അമേരിക്കയുടെ സമ്പൂര്‍ണ സൈനിക പങ്കാളിയായിത്തീരാനുള്ള സമ്മര്‍ദവും ഇതോടൊപ്പമുണ്ടായി.

മോഡി അധികാരമേറ്റശേഷം 2015 ജനുവരിയില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തെക്കുറിച്ചും ഏഷ്യന്‍ മേഖലയെക്കുറിച്ചും സംയുക്ത കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന പ്രസ്താവനയില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പിട്ടു.

ഈ പ്രസ്താവനയിലൂടെ ഏഷ്യന്‍ പസഫിക് മേഖല സംബന്ധിച്ച അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങളില്‍ ഇന്ത്യ ഔദ്യോഗികമായിത്തന്നെ പങ്കാളിയായി. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ് പോളിസി’യെ അമേരിക്കയുടെ ഏഷ്യന്‍ അച്ചുതണ്ടുമായി കൂട്ടിക്കെട്ടപ്പെട്ടു.

ചതുര്‍രാഷ്ട്ര സുരക്ഷാസഖ്യത്തില്‍ ഇന്ത്യ ഭാഗഭാക്കായി എന്നതിനര്‍ഥം ചൈനയെ തളയ്ക്കുക എന്ന അമേരിക്കന്‍ നയതന്ത്രത്തിന്റെഭാഗമായി ഇന്ത്യ മാറിയെന്നാണ്. അമേരിക്കയുടെ പ്രധാന സൈനികസഖ്യ ശക്തികളാണ് ജപ്പാനും ഓസ്‌ട്രേലിയയും. ഇന്ത്യയും ഇപ്പോള്‍ ആ ഗ്രൂപ്പിലായി.

ഏഷ്യയില്‍ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാകാനുള്ള സുപ്രധാന തീരുമാനമാണിപ്പോള്‍ മോഡി സര്‍ക്കാര്‍ കൈക്കൊണ്ടത്. അമേരിക്ക ഇന്ത്യയെ വീഴ്ത്തിയത് ഏഷ്യ പസഫിക് മേഖലയെ ‘ഇന്തോ-പസഫിക’് മേഖല എന്ന പദപ്രയോഗം ഉപയോഗിച്ചുകൊണ്ടായിരുന്നു. ഏഷ്യ-പസഫിക് തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇതിനെ മാറ്റുകവഴി ഇന്ത്യയുടെ അഹംബോധത്തെയാണ് അമേരിക്ക പ്രോത്സാഹിപ്പിച്ചത്. അമേരിക്കന്‍ തന്ത്രപ്രധാന സംഹിതയില്‍ ചൈനയ്ക്കുള്ള പ്രതിയോഗിയാണ് ഇന്ത്യ.

ഇതേസമയം ഇന്ത്യയെ സൈനികസഖ്യ ശക്തിയായി മാറ്റുക വഴി വന്‍തോതിലുള്ള ആയുധങ്ങള്‍ വില്‍ക്കാന്‍ കഴിയുമെന്ന വാണിജ്യതാല്‍പ്പര്യമാണ് അമേരിക്കയെ നയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സിദ്ധാന്തംതന്നെ ‘അമേരിക്ക ആദ്യം’ എന്നതാണ്. അത്യന്താധുനിക ആയുധങ്ങള്‍ ഇന്ത്യക്ക് വിറ്റ് അമേരിക്കയ്ക്ക് പണവും തൊഴിലവസരങ്ങളും നേടുകയെന്നതാണ് ലക്ഷ്യം.

‘രാജ്യസ്‌നേഹത്തെ’ക്കുറിച്ച് പറയുന്ന മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയതാല്‍പ്പര്യങ്ങളെയും അമേരിക്കയുടെ തന്ത്രപ്രധാന താല്‍പ്പര്യങ്ങള്‍ക്ക് പണയംവച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍, ചതുര്‍രാഷ്ട്രസഖ്യത്തില്‍ ഇന്ത്യയുടെ കൂട്ടാളികളായ മൂന്ന് രാഷ്ട്രങ്ങള്‍ക്കും ചൈനയുമായി ശക്തമായ സാമ്പത്തികവ്യാപാരബന്ധമുണ്ട്.

ചൈനയുമായുള്ള അഭിപ്രായവ്യത്യാസത്തിനിടയിലും അവരുടെ സമ്പദ്വ്യവസ്ഥയുടെ ഭാവി ചൈനയുടെ സാമ്പത്തികവളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുകയാണ്.

അമേരിക്കയും ചൈനയുമായുള്ള 2016ലെ വ്യാപാരം 650 ബില്യണ്‍ ഡോളറാണ്. അമേരിക്കയ്ക്ക് ചൈനയില്‍ വലിയ നിക്ഷേപവുമുണ്ട്. ജപ്പാനാകട്ടെ ചൈനയുമായുള്ള വ്യാപാരം 340 ബില്യണ്‍ ഡോളറിന്റേതാണ്. ജപ്പാന്റെ എറ്റവും വലിയ വ്യാപാരപങ്കാളിയും ചൈന തന്നെയാണ്. ചൈനയിലെ ഏറ്റവും വലിയ വിദേശനിക്ഷേപകനും ജപ്പാനാണ്. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് ജപ്പാന്റെ നിക്ഷേപം 100 ബില്യണ്‍ ഡോളറാണ്. ഓസ്‌ട്രേലിയയുടെയും ഏറ്റവും വലിയ വ്യാപാരപങ്കാളി ചൈനയാണ്. ഓസ്‌ട്രേലിയയുടെ 28.8 ശതമാനം കയറ്റുമതിയും ചൈനയിലേക്കുതന്നെയാണ്.

ഏഷ്യയില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ ഇന്ത്യയാണ്. എന്നാല്‍, ചൈനയുമായുള്ള വ്യാപാരം 2016 ല്‍ 70.8 ദശലക്ഷം ഡോളര്‍ മാത്രമാണ്. കഴിഞ്ഞവര്‍ഷം 2.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനയുമായുള്ള വ്യാപാരം വര്‍ധിക്കേണ്ടത് ഇന്ത്യയുടെ താല്‍പ്പര്യമാണ്. അത് ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഗുണകരമായിരിക്കും. എന്നാല്‍, ഇന്ത്യയുടെ ചുമലില്‍നിന്നുകൊണ്ട് ചൈനയെ എതിര്‍ക്കുകയെന്ന തന്ത്രമാണ് അമേരിക്കയും സഖ്യകക്ഷികളും സ്വീകരിച്ചിട്ടുള്ളത്.

അമേരിക്ക ആഗ്രഹിക്കുന്ന കളിയാണ് ഇന്ത്യയിപ്പോള്‍ കളിക്കുന്നത്. ഇന്ത്യക്ക് തന്ത്രപ്രധാനമായി ഒരു പ്രാധാന്യവുമില്ലാത്ത ദക്ഷിണ ചൈന കടല്‍ത്തര്‍ക്കത്തില്‍ നിലപാടെടുത്ത് ചൈനയെ പ്രകോപിപ്പിക്കുയെന്നതാണ് ഈ കളി. അമേരിക്കയുമായി തന്ത്രപ്രധാന സൈനികസഖ്യത്തില്‍ ഇത്രമാത്രം ഇഴുകിച്ചേരുമ്പോള്‍ ചൈനയുമായുള്ള ബന്ധമാണ് വഷളാകുക.

അമേരിക്കയ്ക്കുവേണ്ടി ഇന്ത്യ ഈ പ്രവൃത്തിചെയ്യുമ്പോള്‍ത്തന്നെ സഖ്യത്തിലെ മൂന്ന് രാഷ്ട്രങ്ങളും ചൈനയുമായുള്ള വ്യാപാരത്തിലുടെയും നിക്ഷേപത്തിലുടെയും സാമ്പത്തികനേട്ടം കൈവരിക്കുമെന്നതാണ് വിരോധാഭാസം. കഴിഞ്ഞയാഴ്ച ട്രംപ് ചൈന സന്ദര്‍ശിച്ചപ്പോള്‍ പോലും 250 ബില്യണ്‍ ഡോളറിന്റെ ബിസിനസ് കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.

ചൈനയുടെ ‘വണ്‍റോഡ് വണ്‍ ബെല്‍റ്റ്’ പദ്ധതിയുമായി സഹകരിക്കാന്‍ ഇന്ത്യ വിസമ്മതിക്കുകവഴി രാജ്യത്തെ പശ്ചാത്തലസൌകര്യ വികസനമേഖലകളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് ചൈനയെ തടയുകയാണ് ഇന്ത്യ. അമേരിക്കന്‍ ശിങ്കിടിയായി ചൈനയുമായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്ന മോഡി ഗവണ്‍മെന്റിന്റെ നയം ഇന്ത്യയുടെ താല്‍പ്പര്യങ്ങളെയാണ് ഹനിക്കുന്നത്. മോഡിയുടെ തന്ത്രപ്രധാന-വിദേശനയങ്ങളില്‍ എവിടെയാണ് ‘രാജ്യസ്‌നേഹം’ ദര്‍ശിക്കാനാകുക?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here