പാര്‍ട്ടിയുടെ പ്രതിച്ഛായയല്ല സര്‍ക്കാരിന്റെ പ്രതിച്ഛായയാണ് വലുത്; ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണം: എ കെ ബാലന്‍

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന സി.പി.ഐ നിലപാടിന് മന്ത്രി എ കെ ബാലന്റെ വിമര്‍ശനം. മുന്നണിയിലെ പാര്‍ട്ടികളുടെ പ്രതിച്ഛായയെക്കാളും വലുത് സര്‍ക്കാരിന്റെ പ്രതിച്ഛായയാണെന്ന് ബാലന്‍ ഓര്‍മ്മിപ്പിച്ചു.

സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് ബഹിഷ്‌ക്കരണം നടത്തിയ സി പി ഐ നിലപാട് ഭൂഷണമല്ല. പ്രതിച്ഛായയുടെ ഹോള്‍സെയില്‍ അവകാശം ഒരുപാര്‍ട്ടിയും ഏറ്റെടുക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാണ്ടി പ്രശ്‌നം എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തതാണ്. അന്നത്തെ യോഗത്തിന് ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് മന്ത്രിസഭാ യോഗത്തില്‍ വിട്ടു നിന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്സേമയം മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടമായിട്ടില്ലെന്ന് മന്ത്രി തിലോത്തമന്‍ പ്രതികരിച്ചു. എന്‍ സി പി യോടുള്ള പാര്‍ട്ടി നിലപാട് വിഷയാദിഷ്ടിതം മാത്രമാണ്. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും സര്‍ക്കാര്‍ ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിമര്‍ശിച്ചിരുന്നു. അസാധാരണ നടപടിയെന്നാണ് മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News