മന്ത്രിസഭ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം

ദില്ലി; മന്ത്രിസഭ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ട്‌നിന്നത് അസാധാരണ നടപടിയെന്ന് സിപിഐ എം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

എതിര്‍പ്പ് ഉണ്ടായിരുന്നെങ്കില്‍ മന്ത്രിസഭാ യോഗത്തിന് മുമ്പ് സിപിഐ അറിയിക്കണമായിരുന്നു. ഹൈക്കോടതി പരാമര്‍ശം വന്ന് അടുത്ത ദിവസം തന്നെ തോമസ് ചാണ്ടി രാജിവച്ചുവെന്നും സിപിഐഎം. ചൂണ്ടികാട്ടുന്നു.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ജി ഭവനിലെത്തി പോളിറ്റ്ബ്യൂറോയംഗങ്ങളെ കണ്ടു.തോമസ് ചാണ്ടിയുടെ രാജിയും മറ്റ് സംഭവവികാസങ്ങളും മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ കേന്ദ്ര നേതൃത്വം വിലയിരുത്തി.

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ സിപിഐ മന്ത്രിമാര്‍ മാറിനിന്ന നടപടിയിലെ അതൃപ്ത്തി കേന്ദ്ര നേതൃത്വം വ്യക്തമാക്കി.അസാധാരണമായ നടപടിയാണ് സിപിഐ മന്ത്രിമാരില്‍ നിന്നുണ്ടായതെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി.

സിപിഐ അടക്കം എല്ലാ ഘടകകക്ഷികളും പങ്കെടുത്ത എല്‍.ഡി.എഫ് യോഗം ഇക്കഴിഞ്ഞ ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. ഉചിതമായ തീരുമാനം എടുക്കാന്‍ ആ എല്‍.ഡി.എഫ് യോഗമാണ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.ഇത് പ്രകാരം മുഖ്യമന്ത്രി നടപടികള്‍ എടുത്തു.

തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിന് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ മന്ത്രിസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സിപിഐയ്ക്ക് മുഖ്യമന്ത്രിയെ അറിയിക്കാമായിരുന്നു.

എതിരായ ഹൈക്കോടതി പരാമര്‍ശം വന്ന് അടുത്ത ദിവസം തന്നെ തോമസ് ചാണ്ടി രാജി വച്ചുവെന്നും കേന്ദ്ര നേതൃത്വം ചൂണ്ടികാട്ടുന്നു.

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ മന്ത്രിമാര്‍ മാറി നിന്നതിനെ കാനം രാജേന്ദ്രന്‍ ന്യായീകരിച്ചതിന് പിന്നാലെയാണ് സിപിഐ എം കേന്ദ്ര നേതൃത്വത്തില്‍ നിലപാട് പുറത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here