യൂസഫലി സാറിനെയും, പീപ്പിള്‍ ടിവിയേയും ജീവനുളള കാലത്തോളം മറക്കില്ല; സന്തോഷം കൊണ്ട് മൂന്ന് ദിവസമായി ഉറങ്ങാന്‍ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാന്‍ തയ്യാറായി നിന്ന ആറംഗ കുടുബത്തിന് പീപ്പിള്‍ വാര്‍ത്ത തുണയായതിങ്ങനെ

തിരുവനന്തപുരം: കിടപ്പാടം നഷ്ടമായി ആത്മഹത്യ ചെയ്യാനൊരുങ്ങിയ ആറംഗ കുടുംബത്തിന് പീപ്പിള്‍ വാര്‍ത്ത തുണയായി. കുടുംബത്തിന്റെ കടം അടച്ച് തീര്‍ത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ കൈത്താങ്ങ്.

റപ്‌കോ ബാങ്ക് ക്രൂരമായി വഴിയിലിറക്കിവിട്ട ഗര്‍ഭിണിയായ യുവതിക്കും, വൃദ്ധര്‍ക്കും ഇനി പഴയ വീട്ടില്‍ താമസിക്കാം. ഒന്‍പത് ലക്ഷത്തിന്റെ കടം അടച്ച് തീര്‍ത്ത് ലുലു ഗ്രൂപ്പ് വീടിന്റെ ആധാരം അവകാശികള്‍ക്ക് മടക്കി കൊടുത്തു. ജപ്തി ചെയ്ത വീടിന്റെ താക്കോല്‍ നാളെ പ്രദീപിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് അധികാരികള്‍ കൈമാറും.

പ്രദീപിന്റെ ദുരന്തകഥ യൂസഫലി അറിഞ്ഞത് പീപ്പിള്‍ ടിവിയിലൂടെ

തിരുവനന്തപുരത്ത് ശാന്തി കവാടത്തിനടുത്തുളള പ്രദീപിന്റെ ദുരന്തകഥ പീപ്പിള്‍ ടിവിയിലൂടെയാണ് ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എംഎം യൂസഫലിയുടെ ശ്രദ്ധയില്‍പെട്ടത്. 14 ലക്ഷം ലോണ്‍ എടുത്ത കുടുംബം മുതലും പലിശയും അടക്കം 23 ലക്ഷം അടച്ചിട്ടും ബാങ്ക് വീട് കൈവശപെടുത്തി എന്ന വാര്‍ത്ത പീപ്പിള്‍ ടിവിയാണ് പൊതുജനശ്രദ്ധയില്‍ കൊണ്ടു വന്നത്.

അപസ്മാര രോഗിയും ഗര്‍ഭിണിയായുമായ യുവതിയേയും 85 വയസുളള വൃദ്ധയേയും അടക്കമുളള ആറംഗകുടുബത്തെ ലോണ്‍ പൂര്‍ണമായും തിരിച്ചടച്ചില്ലെന്ന പേരില്‍ പെരുവഴിയില്‍ ഇറക്കി വിട്ടായിരുന്നു ചെന്നൈ ആസ്ഥാനമായ റപ്‌കോ ബാങ്കിന്റെ ക്രൂരത.

ലുലു ഗ്രൂപ്പിലെ മുന്‍ ജീവനക്കാരനായ പ്രദീപിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പെട്ട ഉടന്‍ എംഎ യൂസഫലി വിഷയത്തില്‍ ഇടപെട്ടു.

തുടര്‍ന്ന് ലുലു ഗ്രൂപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ റപ്‌കോ ബാങ്കിനെ ബന്ധപ്പെട്ട് അടക്കാനുളള ലോണ്‍ തുകയായ പത്ത് ലക്ഷത്തിനടുത്ത് രൂപ അടക്കുകയായിരുന്നു. പീപ്പിള്‍ ടിവിക്കും ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തിയ എംഎ യൂസഫലിക്കും നന്ദി പറയാന്‍ വാക്കുകള്‍ ഇല്ലെന്ന് പ്രദീപ് പറഞ്ഞു.

നടന്നത് സത്യമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ ഉറങ്ങിയിട്ട്. പീപ്പിള്‍ വാര്‍ത്ത വന്നതിന്റെ രണ്ടാം ദിനത്തിലാണ് എന്നെ ലുലു ഗ്രൂപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ബന്ധപെടുന്നത്. അടക്കാനുളള കടത്തില്‍ അല്‍പം ഇളവ് വേണമെന്നെ കരുതിയുളളു. ബാങ്കിന്റെ കടം മുഴുവനായി അടക്കാമെന്ന് യൂസഫലി സാര്‍ നിര്‍ദ്ദേശം നല്‍കി എന്ന് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

യൂസഫലി സാറിനെയും കൈരളി പീപ്പിള്‍ ടിവിയേയും ജീവനുളള കാലത്തോളം മറക്കില്ല. എന്റെയും എന്റെ വീട്ടുകാരേയും രക്ഷപ്പെടുത്തിയത് നിങ്ങളാണ്. മരിച്ചാലും നിങ്ങളെ മറക്കില്ല. നിങ്ങളെ ഒക്കെ ദൈവം രക്ഷിക്കും‘.

ബാങ്കിന്റെ ജപ്തി ഒഴിവാക്കാന്‍ പ്രദീപിന് പണമായി അഞ്ച് ലക്ഷം നല്‍കിയ പത്മാവതിയും, വരുന്ന ഡിസംബറില്‍ നടക്കാന്‍ പോകുന്ന ചെറുമകളുടെ വിവാഹ ആവശ്യത്തിന് വെച്ചിരുന്ന രണ്ട് ലക്ഷം രൂപ കടം ആയി സഹായിച്ച ആമിനയും സന്തോഷത്തിലാണ്. ഇരുവരുടെയും കട ബാധ്യത പ്രദീപിന് മുന്നില്‍ ചോദ്യ ചിഹ്നം ആണെങ്കിലും ഇവരും പ്രദീപിനെ പോലെ തന്നെ സന്തോഷത്തിലാണ്.

കാലിന് ഗുരുതര രോഗം ബാധിച്ച പ്രദീപിന് ജനുവരിയില്‍ നടക്കുന്ന ഒരു മേജര്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തണം. ഇതിനിടയില്‍ അപസ്മാര രോഗിയായ ഭാര്യ അഞ്ചുവിന്റെ പ്രസവം, ഭാര്യ മാതാവിന്റെ ശാസകോശത്തില്‍ അതിവേഗം വളരുന്ന മുഴ, വീട് ജപ്തി ആവാതിരിക്കാന്‍ പണവും, പണ്ടവും തന്ന് സഹായിച്ചവരോടുളള ബാധ്യതകള്‍ തീരാത്ത പ്രശ്‌നങ്ങള്‍ പ്രദീപിനെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ടെങ്കിലും കിടപ്പാടം തിരികെ ലഭിക്കുന്നതിന്റെ സന്തോഷം വേറെ തന്നെയെന്ന് ഈ കുടുംബം സാക്ഷ്യപെടുത്തുന്നു.

യൂസഫലിയുടെ ഇടപെടലിന് കാരണമായ പീപ്പിള്‍ ടിവി വാര്‍ത്ത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News