ഈ മലയാളിയുടെ മരണത്തിന് കാരണം ബിജെപി മുഖ്യമന്ത്രി

കൊച്ചി: ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി ഐസിയുവില്‍ നിന്ന് ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് മലയാളി കായിക താരം മരിച്ചു. കിക്ക് ബോക്‌സിംഗില്‍ ഏഷ്യന്‍ ചാമ്പ്യനായ ഹരികൃഷ്ണന്‍ ആണ് മരിച്ചത്.

സെപ്തംബര്‍ 10ന് ദേശീയ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെയാണ് ഹരികൃഷ്ണന്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് റായ്പൂര്‍ അംബേദ്കര്‍ ആശുപത്രിയിലെത്തിച്ച ഹരികൃഷ്ണന് അടിയന്തിര ശസ്ത്രക്രിയ നടത്തി. ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരും സംസ്ഥാന ദേശീയ കിക്ക് ബോക്‌സിംഗ് അസോസിയേഷനുകളും ഇടപെട്ടതിനെ തുടര്‍ന്ന് ഹരിക്ക് ആശുപത്രിയിലെ വിവിഐപി ബ്ലോക്കിലെ ഐസിയു അനുവദിച്ചിരുന്നു.

എന്നാല്‍ രമണ്‍സിംഗ് മരുമകളുടെ പ്രസവത്തിനായി ഈ ബ്ലോക്കിലെ എല്ലാ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഹരികൃഷ്ണന്റെ നില അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ഗുരുതരമായത്. നില മെച്ചപ്പെടും മുന്‍പ് ഐസിയുവില്‍ നിന്ന് മാറ്റിയതിനാലാണ് അണുബാധയുണ്ടായത്.

തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ ഹരിയെ വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

ദേശീയതലത്തില്‍ ആറു തവണ സ്വര്‍ണ്ണ മെഡലും 12 തവണ വെള്ളിമെഡലും നേടിയിട്ടുള്ള താരമാണ് ഹരികൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel