പീപ്പിള്‍ വാര്‍ത്ത തുണയായി; നിമിഷ നേരം കൊണ്ട് എസ്ബിഐ മണിലാലിന് പണം കൈമാറി

കൊല്ലം: ആശുപത്രി കിടക്കയില്‍ നിന്ന് ശരീരം തളര്‍ന്ന് കിടപ്പിലായ രോഗിയെ ആംബുലന്‍സില്‍ ബാങ്കിന്റെ മുമ്പില്‍ എത്തിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലം ചവറ എസ്ബിഐ ശാഖയുടെ അനീതിക്കെതിരെയാണ് പ്രതിഷേധം.

വിദേശത്ത് ജോലിക്കിടെ വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ പണമില്ലാതെ വലയുന്ന വീട്ടമ്മയെ ഭര്‍ത്താവിന്റെ സ്ഥിര നിക്ഷേപം പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കുന്നില്ലെന്നാണ് പരാതി. സംഭവം പീപ്പിള്‍ ടിവി തത്സമയം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബാങ്ക് നിമിഷ നേരം കൊണ്ട് പണം കൈമാറി.

മണിലാലിന് മൂന്ന് മാസം മുമ്പ് ഒമാനില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ തലയ്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു കിടപ്പിലായത്. ഇപ്പോള്‍ 52 ദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സക്ക് കൂടുതല്‍ പണം ആവശ്യ മുള്ളതിനാല്‍ മണിലാലിന്റെ എഫ്.ഡിയിലുള്ള പണം പിന്‍വലിക്കാന്‍ ഭാര്യ സന്ധ്യയുടെ പേരിലേക്ക് നിക്ഷേപം മാറ്റാന്‍ കൊല്ലം ചവറ എസ്.ബി.ഐ ബാങ്ക് അധികൃതരെ സമീപിച്ചു.

നിക്ഷേപം സന്ധ്യയുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ നല്‍കേണ്ട അപേക്ഷയില്‍ ഭര്‍ത്താവിന്റെ വിരലടയാളത്തിനൊപ്പം ചികിത്സിക്കുന്ന ഡോക്ടറുടെ ഒപ്പ് കൂടി വേണമെന്ന് ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മണിലാലിന്റെ ആരോഗ്യം സംബന്ധിക്കുന്ന വിശദ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ ഫണ്ട് ട്രാന്‍സഫര്‍ ചെയ്യണമെന്ന രോഗിയുടെ ഭാര്യയുടെ അപേക്ഷയില്‍ ഒപ്പിടില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കിതോടെ ഡോക്ടറുടെ ഒപ്പില്ലാതെ അപേക്ഷ സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടിലായി ബാങ്ക് മാനേജര്‍.

രോഗിയായ ഭര്‍ത്താവിന്റെ തുടര്‍ ചികിത്സക്ക് പണമില്ലാതെ ഭാര്യ സിന്ധു നെട്ടോട്ടം ഓടുമ്പോഴാണ് ബാങ്കിന്റെ വക എട്ടിന്റെ പണി.
കഴിഞ്ഞ ബുധനാഴ്ചയാണ് ബാങ്കിനെ സമീപിക്കുന്നത്. ബാങ്ക് ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയപ്പോഴാണ് സന്ധ്യയുടെ അപേക്ഷയില്‍ ഡോക്ടറുടെ ഒപ്പു കൂടി വേണമെന്ന പുതിയ നിബന്ധന ബാങ്ക് മാനേജര്‍ മുന്നോട്ടു വെച്ചത്.

ഗത്യന്തരമില്ലാതായതോടെയാണ് ഡോക്ടറുടെ അനുമതിയോടെ മണിലാലിനെ ചവറയിലെ ബാങ്കിനു മുമ്പില്‍ രോഗിയുടെ അവസ്ഥ ബോധ്യപ്പെടുത്താന്‍ എത്തിക്കേണ്ടി വന്നത്. പീപ്പിള്‍ ടിവി സംഭവം തത്സമയം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബാങ്ക് പണം കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News