ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍; കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍.

ദിലീപ് കേസ് അട്ടിമറിക്കുകയാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍.

ഇതിനിടെ, വിദേശത്ത് പോകാന്‍ ദിലീപിന് ഇന്ന് ഹൈക്കോടതി അനുമതി നല്‍കി. ഗള്‍ഫില്‍ 29-ാം തീയതി ദേ പുട്ടിന്റെ ഷോപ്പ് ഉദ്ഘാടനത്തിന് പോകാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയുടെ വാദത്തിനിടെ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് തമിഴ്‌നാട്ടില്‍ അഭയം നല്‍കിയ ചാര്‍ളി തോമസിനെയും കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതിന് തെളിവുകള്‍ ലഭിച്ചിരുന്നു. സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം തടഞ്ഞത് ദിലീപാണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് 85 ദിവസത്തെ ജയില്‍വാസം ദിലീപ് അനുഭവിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കികൊണ്ടുള്ള അനുബന്ധ കുറ്റപത്രം നാളെ പൊലീസ് സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News