മോദി സര്‍ക്കാരിന്റെ അടുത്ത ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; ചെക്ക് ബുക്കിന് നിരോധനം?

ദില്ലി: ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ബുക്കുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ബിസിനസ് ടൈംസ് ആണ് ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ടല്‍വാലിനെ ഉദ്ധരിച്ചാണ് ബിസിനസ് ടൈംസ് റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെയുള്ള ഈ പുതിയ നീക്കം വിവാദത്തിലാവുകയാണ്.

നോട്ടുനിരോധനത്തെ തുടര്‍ന്ന് ചെക്കുബുക്കുകള്‍ വഴിയുളള സാമ്പത്തിക ഇടപാടുകള്‍ പലമടങ്ങ് വര്‍ധിച്ചിരുന്നു. ഇത് കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിന് വിഘാതം സൃഷ്ടിക്കുന്നതായാണ് മോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതാണ് ചെക്കുബുക്ക് നിരോധനത്തിലേക്ക് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നത്.

നിലവില്‍ രാജ്യത്ത് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ക്യാഷ്‌ലെസ് ട്രാന്‍സാക്ഷനുകള്‍ക്കായി ഉപയോഗിക്കുന്നത് വെറും അഞ്ച് ശതമാനം മാത്രമാണ്. ബാക്കി 95 ശതമാനവും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പണം പിന്‍വലിക്കാനാണെന്ന് പ്രവീണ്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ എല്ലാ ബാങ്കുകളും ചെക്ക് ബുക്കുകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബാങ്കുകളില്‍നിന്ന് ഒരു വര്‍ഷം രണ്ടു ചെക്ക് ബുക്കുകള്‍ സൗജന്യമായി ലഭിക്കുമായിരുന്നെങ്കില്‍ അടുത്തിടെ ഇത് ഒരെണ്ണമായി വെട്ടിച്ചുരുക്കിയിരുന്നു. ഒന്നില്‍ കൂടുതല്‍ ചെക്ക് ബുക്കുകള്‍ ആവശ്യമുള്ളവര്‍ പണം അടയ്ക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.

ചെക്ക് ബുക്ക് നിരോധനത്തിലേക്കുള്ള ആദ്യ നടപടിയായിട്ടാണ് ഇതിനെ സാമ്പത്തികനിരീക്ഷകര്‍ നോക്കി കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News