37 വര്‍ഷം നീണ്ടുനിന്ന ഭരണത്തിന് അന്ത്യം കുറിച്ച് മുഗാബെയുടെ രാജി

ഹരാരേ:37 വര്‍ഷം നീണ്ടുനിന്ന മുഗാബെഭരണത്തിന് അന്ത്യം. ഇംപീച്ച്‌മെന്റ് നടപടി പുരോഗമിക്കവെ സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. മുഗാബെ രാജിവച്ച കാര്യം സ്പീക്കര്‍ ജേക്കബ് മുഡേണ്ടോയാണ് പുറത്തുവിട്ടത്. 1980ല്‍ സ്വാതന്ത്ര്യം കിട്ടിയതോടെയാണ് സ്വാതന്ത്ര്യ സമരനായകനായിരുന്ന റോബര്‍ട്ട് മുഗാബെ പ്രസിഡന്റാകുന്നത്.

മുഗാബെയുടെ രാജിക്കായി സ്വന്തം പാര്‍ടിയായ സാനു-പിഎഫ് (സിംബാബ്വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ പിഎഫ്) അടക്കം രംഗത്തുവരികയും ജനം തെരുവില്‍ ഇറങ്ങുകയും ചെയ്തതോടെയാണ് രാജി.

ഒരാഴ്ചമുമ്പ് അട്ടിമറിയിലൂടെ സൈന്യം മുഗാബെയെ വീട്ടുതടങ്കലിലാക്കിയിരുന്നു. തുടര്‍ന്ന് സാനു- പിഎഫ് പാര്‍ടി അദ്ദേഹത്തെ പാര്‍ടി അധ്യക്ഷപദവിയില്‍നിന്ന് പുറത്താക്കുകയും ഭാര്യ ഗ്രേസിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. സ്വാതന്ത്യ്രസമരനായകനും പാര്‍ടിയിലെ രണ്ടാമനുമായ എമേഴ്‌സണ്‍ നാന്‍ഗാഗ്വയെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതാണ് സൈനിക അട്ടിമറിക്കുപിന്നിലെന്ന് ഊഹാപോഹം ഉണ്ടായിരുന്നു.

ഇതിനെ ശരിവച്ച് പാര്‍ടി മുഗാബെയെ അധ്യക്ഷപദവിയില്‍നിന്ന് നീക്കി നാന്‍ഗാഗ്വയെ പാര്‍ടി പ്രസിഡന്റായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. തന്റെ പിന്‍ഗാമിയായി ഭാര്യ ഗ്രേസിനെ കൊണ്ടുവരാനുള്ള ശ്രമമാണ് മുഗാബെയുടെ വീഴ്ചയ്ക്ക് കാരണമായത്. നാന്‍ഗാഗ്വയെ നീക്കി ഗ്രേസിനെയാണ് മുഗാബെ വൈസ് പ്രസിഡന്റാക്കിയത്.

പാര്‍ടി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കിയിട്ടും മുഗാബെ രാജിവയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് പാര്‍ലമെന്റിന്റെ ഇരുചേംബറുകളും ചേര്‍ന്ന് ഇംപീച്ച് നടപടി ആരംഭിച്ചത്. ഇതിനിടെയാണ് രാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here