സംവരണം; സാമുദായികവും സാമ്പത്തികവും

ദേവസ്വങ്ങളില്‍ എസ്സി/എസ്ടി പിന്നോക്കവിഭാഗ സംവരണം കൂടാതെ മുന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം നല്‍കാനുള്ള തീരുമാനം വിവാദവിഷയമായിരിക്കുകയാണ്. തീരുമാനം എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോ അനുസരിച്ചാണെന്നതോ ഇതുവരെ ബ്രാഹ്മണര്‍ കൈയടക്കിവച്ചിരുന്ന മേഖലയിലാണ് ഈ അടിസ്ഥാനപരമായ മാറ്റമുണ്ടായിരിക്കുന്നത് എന്നതോ ചര്‍ച്ചകളെ സ്വാധീനിക്കുന്നില്ല.

മുന്നോക്കവിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണം നല്‍കിയതുതന്നെ ഒരു പത്രലേഖകന്റെ ഭാഷയില്‍ പിണറായി വിജയനും എന്‍എസ്എസുമായി അടുക്കുന്നതാണ്. ചില ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം (അത് ചില കോണ്‍ഗ്രസുകാരും ഏറ്റുപിടിക്കുന്നുണ്ട്) കമ്യൂണിസ്റ്റുകാര്‍ ബ്രാഹ്മണിക്കലാണെന്നതിന്റെ തെളിവാണ്.

ഇത്തരം വാദങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. സംവരണമെന്നാല്‍ എന്താണ് എന്നതാണ് പ്രശ്നം. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം സാമുദായികസംവരണം ജാതിവിവേചനം ഇല്ലായ്മ ചെയ്യുന്നതിനും പുറന്തള്ളപ്പെട്ടവര്‍ക്ക് അധികാരം നല്‍കുന്നതിനുമുള്ള മാര്‍ഗമാണ്.

സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയമാണ്. ചരിത്രപരമായി പിന്നോക്കവിഭാഗക്കാര്‍ അനുഭവിച്ചുപോന്ന മര്‍ദനത്തിനും വിവേചനത്തിനും അന്ത്യംകുറിക്കുന്ന നൈതികതയുടെ മാര്‍ഗമാണ്. ഇതിനെ സാമ്പത്തികചൂഷണവുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ല. ദാരിദ്യ്രം ഇല്ലായ്മചെയ്യാന്‍ സംവരണംകൊണ്ട് കഴിയില്ല.

അതിന് മറ്റ് വഴികള്‍ തേടുന്നതാണ് ഉചിതം. സാമ്പത്തികസംവരണം കൊണ്ടുവരുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന് വാദിക്കുന്നവര്‍വരെയുണ്ട്. ആദ്യത്തെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനയുടെ 93-ാമത്തെ ഭേദഗതിയില്‍ സാമ്പത്തികസംവരണം അംഗീകരിക്കപ്പെട്ടുവെന്നത് പലപ്പോഴും മറക്കുന്നു.

പക്ഷേ, സാമുദായിക സംവരണത്തെക്കുറിച്ച് ഉന്നയിച്ച കാതലായ വാദങ്ങള്‍ ഒറ്റനോട്ടത്തില്‍ ശരിയാണ്. സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അംബേദ്കറടക്കമുള്ള ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യം അതുതന്നെയായിരുന്നു.

ജാതിബദ്ധമായ സമൂഹത്തില്‍ ഭരണഘടനാപരമായി തുല്യനീതി ഉറപ്പാക്കാനുള്ള ശക്തമായ ഉപാധിയായാണ് സംവരണത്തെ കണ്ടത്. സംവരണത്തിന്റെ സാമ്പ്രദായിക തത്വങ്ങളെ മറികടന്ന് ന്യൂനപക്ഷങ്ങള്‍ക്കുകൂടി സംവരണം ഭരണഘടന അംഗീകരിച്ചു.

പിന്നീട് മണ്ഡല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംവരണം പിന്നോക്കവിഭാഗങ്ങള്‍ക്കുകൂടി വ്യാപിപ്പിച്ചു. കേരളത്തില്‍ മുമ്പുതന്നെ ഉണ്ടായിരുന്ന പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം ഔപചാരികതലത്തില്‍ മറ്റെല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായി.

സംവരണത്തിന്റെ ഇത്തരത്തിലുള്ള വ്യാപകമായ ഉപയോഗം രണ്ടുതരത്തിലുള്ള പ്രശ്നങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഒന്ന്, സംവരണലിസ്റ്റില്‍ പെടാത്ത നിരവധി സമുദായങ്ങള്‍ സംവരണത്തിനുവേണ്ടി വാദിക്കാന്‍ തുടങ്ങി. ഗുജറാത്തില്‍ നടന്ന ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള സമരം ഉദാഹരണമാണ്.

നായര്‍ സര്‍വീസ് സൊസൈറ്റി കേരളത്തില്‍ നേരത്തെ ഉന്നയിച്ച സാമ്പത്തികസംവരണ വാദം മറ്റൊരു ഉദാഹരണമാണ്. ഇവിടെയെല്ലാം സംവരണമെന്നാല്‍ സാമൂഹ്യനീതിയുടെയോ തുല്യതയുടെയോ രൂപമായല്ല, സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട ഒരു അവകാശമായാണ് കണക്കാക്കപ്പെട്ടത്.

ജാതിപരമായ പിന്നോക്കാവസ്ഥ ഇല്ലെങ്കില്‍ സാമ്പത്തികമായ പിന്നോക്കാവസ്ഥ ഉണ്ടാകും. അതുകൊണ്ട് ഏതെങ്കിലും വിധത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും സംവരണം ബാധകമാക്കണം. ഭരണഘടനയില്‍ നിര്‍ദേശിച്ച സംവരണത്തിന്റെ ലിബറല്‍ സങ്കല്‍പ്പത്തെ സാമുദായികമായി ഉപയോഗിക്കാനുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്. ഇത് പലപ്പോഴും സാമുദായിക സംഘര്‍ഷങ്ങളിലേക്കും നീങ്ങി. രാജസ്ഥാനില്‍ ഗുജ്ജറുകളും മീണകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉദാഹരണമാണ്.

കേരളത്തില്‍പ്പോലും ചില ആദിവാസി ഗോത്രവിഭാഗങ്ങള്‍ സംവരണ ആനുകൂല്യങ്ങള്‍ മുഴുവന്‍ കൈയടക്കുന്നുവെന്ന ധാരണ മറ്റുള്ളവരില്‍ കാണാം. അതേസമയം, മണ്ഡല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഉത്തരേന്ത്യയിലെ പിന്നോക്ക ദളിത് സമുദായങ്ങളുടെ വളര്‍ച്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തുവെന്ന വസ്തുതയുമുണ്ട്.

പ്രശ്നം ഇതാണ്. ഇതുകൊണ്ടെല്ലാം സംവരണം സാമൂഹ്യനീതിയുടെ അടിസ്ഥാനഘടകമായി മാറുമോ? ഇവിടെ സംവരണ സങ്കല്‍പ്പത്തിന്റെ ചില അടിസ്ഥാന ദൌര്‍ബല്യങ്ങളും കാണണം.സംവരണം എന്നത് അധികാരഘടനയിലെ പ്രതിനിധാനം മാത്രമല്ല. പ്രതിനിധാനത്തിന്റെ വര്‍ഗീകരണംകൂടിയാണ്.

നിയമപരമായി ഒരുകൂട്ടം ആളുകളെ സംവരണ വിഭാഗമാക്കി മാറ്റുമ്പോള്‍ അവരും മറ്റുള്ളവരും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാകുകയല്ല, അതേപടി നിലനില്‍ക്കുകയാണ് ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ ഭൂമി മുഴുവന്‍ പിടിച്ചെടുത്തപ്പോള്‍ തദ്ദേശീയരായ ബാണ്ടു വംശജരെ റിസര്‍വേഷനുകളിലേക്ക് തള്ളുകയാണ് ചെയ്തത്. അവിടെ ബാണ്ടു ഭാഷ പഠിക്കാനും സംസ്കാരം നിലനിര്‍ത്താനുമുള്ള സൌകര്യങ്ങള്‍ ഒരുക്കിയെന്നത് നേരാണ്.

പക്ഷേ, അവരും വെള്ളക്കാരും തമ്മിലുള്ള ഭിന്നത നിലനിന്നു. തികഞ്ഞ യാഥാസ്ഥിതികരായ മിന്റോ പ്രഭുവും മോര്‍ലിയും ഇതേ ആശയംതന്നെയാണ് ഇന്ത്യയില്‍ സംവരണത്തിലൂടെ ആവിഷ്കരിച്ചത്. അതനുസരിച്ച് ഇന്ത്യയിലെ ആദിവാസികളെയും ദളിതരെയും നിയമപരമായ ഷെഡ്യൂള്‍ഡ് വിഭാഗങ്ങളാക്കി.

പിന്നീട് അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസത്തിലും പ്രത്യേക സീറ്റുകള്‍ നല്‍കി. മുസ്ളിങ്ങള്‍ക്കും ഇതുപോലുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പുകളില്‍ റിസര്‍വ്ഡ് മണ്ഡലങ്ങളുണ്ടായി. 1932ലെ കമ്യൂണല്‍ അവാര്‍ഡ് വഴി സംവരണം ദളിത്- ആദിവാസി- പിന്നോക്ക വിഭാഗങ്ങള്‍ക്ക് ബൂര്‍ഷ്വാഭരണകൂടത്തിലും സ്ഥാപനങ്ങളിലും പ്രതിനിധാനം ഉറപ്പുവരുത്തുന്ന ഏകമാര്‍ഗമായി. ജാതിതന്നെ നിര്‍മൂലനം ചെയ്യാനുള്ള മറ്റൊരു മാര്‍ഗം അംബേദ്കര്‍ നിര്‍ദേശിച്ചുവെങ്കിലും അത് നടപ്പായില്ല.

അതിന് സഹായകമായ കാര്‍ഷികവിപ്ളവത്തിലേക്ക് നീങ്ങാന്‍ ഇന്ത്യന്‍ ഭരണവര്‍ഗം തയ്യാറായിരുന്നില്ല. അക്കാലത്തെ തെലങ്കാനയും തേഭാഗയും കേരളത്തിലെ കര്‍ഷകസമരങ്ങളുമടക്കമുള്ള സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സംവരണം ലിബറല്‍ ചിന്തയുടെയും ഇന്ത്യന്‍ ഭരണഘടനയുടെയും ആണിവേരായത്.

സംവരണം ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗം നടപ്പില്‍വരുത്തിയ സാമൂഹ്യസമവായത്തിന്റെ രൂപമാണ്. ഭരണഘടനയനുസരിച്ച് ഔപചാരികമായ തുല്യത ഉറപ്പുവരുത്താനുള്ള രീതിയാണ്.

സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അധികാരം നേടാന്‍ സഹായിക്കുന്ന ആത്യന്തികമാര്‍ഗമായി സംവരണത്തെ കാണാന്‍ കഴിയില്ല. ഇതുവരെ പുറന്തള്ളപ്പെട്ടവര്‍ക്ക് ജീവിതസുരക്ഷ ഉറപ്പുവരുത്തുന്ന താല്‍ക്കാലിക ആശ്വാസനടപടിയായിമാത്രമേ സംവരണത്തെ കാണാന്‍ കഴിയൂ.

നമ്മുടെ ബൂര്‍ഷ്വാ ജനാധിപത്യക്രമത്തില്‍ ഉറപ്പുവരുത്താന്‍ കഴിയുന്ന പ്രതിനിധാനത്തിന്റെ രൂപവുമാണത്. ന്യൂനപക്ഷസംവരണം നടപ്പാക്കിയതിലൂടെ കേവലമായ ജാതിസംവരണത്തിനപ്പുറം കടന്ന് ഭൂരിപക്ഷമതം അടിച്ചമര്‍ത്തുന്ന മതവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കി. ഇത്തരം മതങ്ങള്‍ നിയമപരമായ മതസമുദായങ്ങളായി. ജാതി സാമുദായികത എന്ന പ്രയോഗംതന്നെ വളര്‍ന്നുവന്നത് അതിനുശേഷമാണ്.

ജാതിമതനിരപേക്ഷമായ സ്വതന്ത്രസമുദായം ഉണ്ടാകാമെന്ന ധാരണപോലും ഇല്ലാതായി. സെക്യുലറിസം എന്നാല്‍, സാമുദായികമായ ഉള്‍പ്പെടല്‍ രാഷ്ട്രീയമായി. സ്ത്രീകള്‍ക്ക് പാര്‍ലമെന്റില്‍ 33 അഥവാ 1/3 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്യണമെന്ന വാദമുയര്‍ന്നപ്പോള്‍ സംവരണത്തിന് മറ്റൊരു മാനംവന്നു. സാമുദായിക സംവരണവുമായുള്ള പൊരുത്തക്കേടുകളാണ് സ്ത്രീസംവരണത്തിനെതിരായ പ്രധാന തടസ്സവാദങ്ങളെന്നുമോര്‍ക്കണം.

മണ്ഡല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിത്തന്നെ ഉയര്‍ന്നുവന്ന സാമ്പത്തിക- സാമൂഹ്യ സംവരണ തര്‍ക്കത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കര്‍പൂരി ഠാക്കൂര്‍ മുന്നോട്ടുവച്ച ഫോര്‍മുലയും ശ്രദ്ധേയമാണ്. ഇന്ത്യയൊട്ടാകെ വ്യാപിച്ച മുന്നോക്ക- പിന്നോക്ക സമുദായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍പൂരി ഠാക്കൂര്‍ മുന്നോക്കവിഭാഗങ്ങളിലെ അതിദരിദ്രര്‍ക്കും സംവരണം നല്‍കണമെന്ന് വാദിച്ചത്. പലരും ധരിക്കുന്നതുപോലെ ദാരിദ്യ്രം ഇല്ലായ്മചെയ്യാനല്ല.

മുന്നോക്കവിഭാഗങ്ങളിലെ സമ്പന്നവര്‍ഗം ഭൂരിഭാഗം തൊഴിലുകളും വിദ്യാഭ്യാസ സൌകര്യങ്ങളും കൈയടക്കിവച്ച സാഹചര്യങ്ങളില്‍ അവരുടെ ഇടയിലെ അവശവിഭാഗങ്ങളുടെ പ്രതിനിധാനംതന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. പിന്നോക്കവിഭാഗങ്ങളിലെ സമ്പന്നരെ (ക്രീമിലെയര്‍) ഒഴിവാക്കണമെന്നും നിര്‍ദേശം വന്നു. സംവരണത്തിനുള്ള ആവശ്യം ശക്തിപ്പെട്ടതോടെ സംവരണവിരുദ്ധ പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെകാലത്ത് അര്‍ജുന്‍സിങ്ങിന്റെ ഭരണഘടനാഭേദഗതിയോടെ വിദ്യാഭ്യാസരംഗത്ത് പിന്നോക്കവിഭാഗ സംവരണവും മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരുടെ സംവരണവും നിയമത്തിന്റെ ഭാഗമായി.

സംവരണത്തിന്റെ ഈ ലഘുചരിത്രം പുറത്തുകൊണ്ടുവരുന്ന ചില വസ്തുതകളുണ്ട്. കേവലമായ പ്രതിനിധാനത്തിന്റെ രാഷ്ട്രീയം മാത്രമല്ല സംവരണംകൊണ്ട് സാധിച്ചത്. അതിനോടൊപ്പം സാമൂഹ്യസംഘര്‍ഷങ്ങളെ വേറൊരു രൂപത്തില്‍ മാറ്റിയെടുക്കാനും സാമുദായികതയെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ ബൂര്‍ഷ്വാ ജനാധിപത്യരാഷ്ട്രീയത്തില്‍ ഇത് വരുത്തിവച്ച മാറ്റമാണ് സംവരണവിരുദ്ധര്‍ക്കുമാത്രമല്ല, അവരുടെ ചുമലിലേറി ഹിന്ദുത്വരാഷ്ട്രീയത്തിനും ജനസ്വാധീനം നേടാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ കര്‍പൂരി ഠാക്കൂര്‍ ഫോര്‍മുലയെ ഉയര്‍ത്തിപ്പിടിച്ച് വാദിക്കാന്‍ ശ്രമിച്ചത് ഇ എം എസിനെപ്പോലുള്ളവരായിരുന്നു.

റിസര്‍വേഷന്‍ ഒരു സംവര്‍ഗമായി നമ്മുടെ ജനാധിപത്യക്രമം അംഗീകരിക്കുന്നിടത്തോളം കാലം അതിനെ ഉപയോഗിച്ച് തുല്യതയും അധികാരഘടനയില്‍ പ്രതിനിധാനവും നേടിയെടുക്കാനുള്ള ശ്രമം തുടരും. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇടയില്‍നിന്നുമാത്രമല്ല, ഇന്ന് അടിച്ചമര്‍ത്തപ്പെടുന്നവരില്‍നിന്നും അതേ പ്രതികരണമുണ്ടാകാം.

കേന്ദ്ര സര്‍ക്കാര്‍, ജനതയെ എപിഎല്ലെന്നും ബിപിഎല്ലെന്നുമാക്കി തിരിച്ചപ്പോള്‍ ബിപിഎല്ലിന്റെ ഭാഗമാകാന്‍ നടത്തിയ നെട്ടോട്ടം ഉദാഹരണമാണ്. ഇത്തരത്തിലുള്ള ജനവിഭാഗമുണ്ടെന്ന് തിരിച്ചറിയുകയും അവര്‍ക്ക് ന്യായമായി ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മാത്രമാണ് സാമ്പത്തികസംവരണംകൊണ്ട് സാധിക്കാവുന്നത്.

അത് സംവരണത്തെ വെല്ലുവിളിക്കുകയാണെന്ന് വാദിക്കുന്നത് സാമൂഹ്യനീതി എന്നാല്‍, സാമുദായികനീതിയാണെന്ന് വാദിക്കുന്നതിനുതുല്യമാണ്. മുതലാളിത്തവ്യവസ്ഥിതിയെ സംബന്ധിച്ചിടത്തോളം തെരുവില്‍ വലിച്ചെറിയപ്പെടുന്നവരുടെ പാരമ്പര്യം മാത്രമല്ല നോക്കുക. തീര്‍ച്ചയായും വംശീയതയും ജാതീയതയും ലിംഗഭേദങ്ങളുമുള്ളവര്‍ തെരുവില്‍ അതിവേഗം വലിച്ചെറിയപ്പെടും.

ഏറെ താമസിയാതെ മറ്റുള്ളവരും തെരുവിലേക്ക് വലിച്ചെറിയപ്പെടുമെന്നുതന്നെയാണ് മുതലാളിത്തത്തിന്റെ ഇതുവരെയുള്ള അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ജനാധിപത്യക്രമം അനുവദിക്കുന്നതരത്തിലുള്ള മുന്‍കരുതലുകള്‍കൂടി എടുക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ബൂര്‍ഷ്വാസമൂഹവും നിയമാവലിയും അംഗീകരിക്കുന്നവിധത്തിലുള്ള ഔപചാരികതുല്യത ഒരുപരിധിവരെ നേടിയെടുക്കാന്‍മാത്രമേ ഇതുകൊണ്ട് സാധിക്കൂ എന്ന തിരിച്ചറിവും ആവശ്യമാണ്.

ജാതീയത നിലനില്‍ക്കുന്ന ഇന്ത്യയില്‍ തുല്യതയുടെ മാനദണ്ഡം ജാതീയമായ പ്രതിനിധാനവുമാകും. അതുകൊണ്ട് എല്ലാതലങ്ങളിലും സാമൂഹ്യനീതി ഉറപ്പുവരുത്താമെന്നും ദാരിദ്യ്രനിര്‍മാര്‍ജനം നടത്താമെന്നും ചൂഷണവ്യവസ്ഥ അവസാനിപ്പിക്കാമെന്നുമുള്ള അവകാശവാദങ്ങള്‍ ആരെങ്കിലും ഉന്നയിക്കുമെന്ന് കരുതുന്നില്ല. ദേവസ്വംവകുപ്പിന്റെ തീരുമാനത്തെക്കുറിച്ച് ന്യായമായും അഭിപ്രായവ്യത്യാസമുണ്ടാകാം.

പക്ഷേ, വരേണ്യവര്‍ഗത്തിന്റെ കുത്തകയായിരുന്ന തൊഴില്‍ തുറകളില്‍ സാധ്യമായ വിധത്തിലുള്ള പ്രവേശനം ഉറപ്പുവരുത്താനായി പുറന്തള്ളപ്പെടുന്നവര്‍ക്ക് നല്‍കുന്ന താല്‍ക്കാലികാശ്വാസമായി ഇത്തരം നടപടികളെ കണ്ടാല്‍ മതി. അത് ചെയ്യാന്‍ ശ്രമിക്കുന്നവരെ സവര്‍ണ ബ്രാഹ്മണിക്കല്‍ കമ്യൂണിസ്റ്റുകാരെന്നും മറ്റും വിളിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിടുവായത്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News