ദിലീപ്-കാവ്യ ബന്ധത്തിന്റെ തെളിവ് ആക്രമിക്കപ്പെട്ട നടി മഞ്ജുവിന് കൈമാറി; കാവ്യ 34-ാം സാക്ഷി, മഞ്ജു 11-ാം സാക്ഷി; മയക്കുമരുന്ന് കുത്തിവച്ച് നഗ്നവീഡിയോ എടുക്കുമെന്ന് സുനിയുടെ ഭീഷണി; ദിലീപിന്റെ ക്വട്ടേഷന്‍ ക്രൂരതകള്‍ ഇങ്ങനെ

കൊച്ചി: കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു. നടി ആക്രമിക്കപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്താണെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നതാണ് കുറ്റപത്രം.

നടി ആക്രമിക്കപ്പെടുന്നതിന്റെ ഒരേ ഒരു കാരണം ദിലീപിനുണ്ടായിരുന്ന പകയാണ്. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരോട് പറഞ്ഞതാണ് നടിയോട് ദിലീപിന് വൈരാഗ്യം തോന്നാന്‍ കാരണമായതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

ബന്ധത്തിന്റെ തെളിവായ ദിപീല്-കാവ്യ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ആക്രമിക്കപ്പെട്ട നടി മഞ്ജുവാര്യര്‍ക്കു കൈമാറിയിരുന്നു. ഇതാണ് ദിലീപില്‍ പക വളര്‍ത്തിയതെന്നും, തുടര്‍ന്നാണ് ക്രൂരമായി നടിയെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ 34-ാം സാക്ഷിയാണ്. മുന്‍ഭാര്യ മഞ്ജു 11-ാം സാക്ഷിയും.

ടെമ്പോ ട്രാവലറിലിട്ട് നടിയെ ക്രൂരമായി പീഡിപ്പിക്കാനായിരുന്നു നിര്‍ദേശം. ഇതിനായി വാഹനത്തിന്റെ പ്ലാറ്റ്‌ഫോമില്‍ കാവി മുണ്ട് വിരിച്ചിരുന്നെന്നും ഇവിടെ കിടത്തി കൂട്ടബലാല്‍സംഗം ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇതൊരു ക്വട്ടേഷന്‍ ആണെന്നും നഗ്ന വീഡിയോ എടുക്കണമെന്നും ഒന്നാം പ്രതിയായ പള്‍സര്‍ സുനി നടിയോട് ആവശ്യപ്പെട്ടു. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച് നഗ്നവീഡിയോ എടുക്കമെന്നും സുനി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിസഹായാവസ്ഥയിലായ നടിയെ സുനി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സിനിമയില്‍ നിന്ന് നടിയെ മാറ്റിനിര്‍ത്താനും ദിലീപ് ശ്രമിച്ചു. അവസരം നല്‍കിയവരോട് ദിലീപ് കടുത്ത നീരസം പ്രകടിപ്പിച്ചെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണ്‍ പ്രതികള്‍ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമാറി. പ്രതികള്‍ എറണാകുളത്തെത്തി കീഴടങ്ങുന്നതിനു മുന്‍പായിരുന്നു ഇതെന്നും പ്രതീഷ് ചാക്കോ ഈ ഫോണ്‍ അഡ്വ. രാജു ജോസഫിന് കൈമാറിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ദിലീപിന്റെ ക്വട്ടേഷന്‍ ഒന്നര കോടിക്ക്; കൂട്ടബലാത്സംഗം നടത്തി അശ്ലീല ദൃശ്യം പകര്‍ത്താന്‍ നിര്‍ദശം; വൈരാഗ്യത്തിന് കാരണം കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതിന്; കുറ്റപത്രത്തിന്റെ പകര്‍പ്പ് പീപ്പിളിന്
പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിപരമായി വൈരാഗ്യമില്ലത്തതും കുറ്റപത്രത്തില്‍ എടുത്തു പറയുന്നു. ദിലീപ് നല്‍കിയ ബലാത്സംഗക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

അങ്കമാലി കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാണ്.

അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. കേസിലെ 12 പ്രതികളില്‍ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ ഉണ്ട്. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here