ഡിസംബര്‍ ആറ് രാജ്യവ്യാപകകരിദിനം; ഇടതുപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം

ദില്ലി: അയോധ്യയില്‍ ബാബ്‌റി പള്ളി തകര്‍ത്ത ഡിസംബര്‍ ആറ് രാജ്യവ്യാപകമായി കരിദിനമായി ആചരിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം.

കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെ നേതൃത്വത്തിലുള്ള പല സംസ്ഥാന സര്‍ക്കാരുകളുടെയും ആശീര്‍വാദത്തോടെയും പ്രോത്സാഹനത്തോടെയും നടക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് കരിദിനാചരണം.

വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ ഏത് രൂപത്തില്‍ വേണമെന്ന് സംസ്ഥാന ഘടകങ്ങള്‍ തീരുമാനിക്കുമെന്ന് സിപിഐഎം, സിപിഐ, സിപിഐ എംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്‌ളോക്ക്, എസ്യുസിഐ (കമ്യൂണിസ്റ്റ്) എന്നീ പാര്‍ടികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഡിസംബര്‍ ആറ് ഭരണഘടനാ ശില്‍പ്പിയായ ഡോ. ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികദിനംകൂടിയാണ്. രാജ്യത്തെങ്ങും ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരായുള്ള പ്രചാരണദിനമായിക്കൂടി ഇടതുപാര്‍ട്ടികള്‍ ഈ ദിനം ആചരിക്കും.

ആര്‍എസ്എസ് സ്‌പോണ്‍സര്‍ഷിപ്പില്‍ ബിജെപി നേതാക്കളാല്‍ നയിക്കപ്പെട്ട വിവിധ ഹൈന്ദവ സ്വകാര്യസേനകളാണ് ബാബ്‌റി പള്ളി പൊളിച്ചത്. ഇതേ ശക്തികള്‍ ഇന്നും നിയമം കൈയിലെടുക്കുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here