കുറ്റം തെളിഞ്ഞാല്‍ ദിലീപിനെ കാത്തിരിക്കുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ചുമത്തിയ കുറ്റം തെളിഞ്ഞാല്‍ 60 വര്‍ഷത്തിലധികം തടവുശിക്ഷ ലഭിക്കാം.

ഇന്ത്യന്‍ ശിക്ഷാനിയമം 120ബി, 109, 342, 366, 354, 354ഡി, 357, 376ഡി, 506, 201, 21, 34, 452 വകുപ്പുകളും ഐടി ആക്ടിലെ 66, 67 വകുപ്പുകളുമാണ് ദിലീപിനെതിരെ ചുമത്തിയത്.

ക്രിമിനല്‍ ഗൂഢാലോചന, കുറ്റംചെയ്യാന്‍ പ്രേരിപ്പിക്കല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തടങ്കലില്‍വയ്ക്കാനായി ബലപ്രയോഗം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, തെളിവുനശിപ്പിക്കല്‍, കുറ്റവാളിയെ സംരക്ഷിക്കല്‍, സംഘംചേര്‍ന്നുള്ള കുറ്റകൃത്യം, പ്രകൃതിവിരുദ്ധ പീഡനം, ബലമായി തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയത്.

കേസില്‍ ദിലീപിന്റെ പങ്കാളിത്തം ഉറപ്പിക്കുന്ന തെളിവുകളോടെയാണ് അന്വേഷണസംഘം അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചത്. ദിലീപ് എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. മഞ്ജുവാര്യരുടേതടക്കം 355 സാക്ഷിമൊഴികളാണ് 1425 പേജുള്ള കുറ്റപത്രത്തിലുള്ളത്.

കേസില്‍ ആകെ 12 പ്രതികളുണ്ട്. നാനൂറോളം രേഖകളും 33 രഹസ്യമൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാ മേഖലയില്‍നിന്നുള്ള 18 പേരുടെ മൊഴികളുമുണ്ട്.

കേസില്‍ സുനില്‍ കുമാര്‍, ദിലീപ് എന്നിവരെ കൂടാതെ സുനിയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. രാജുജോസഫ്, ഇദ്ദേഹത്തിന്റെ ജൂനിയര്‍ പ്രതീഷ് ചാക്കോ, മേസ്തിരി സുനില്‍, വിഷ്ണു എന്നിവരും പ്രതികളാണ്. വിപിന്‍ലാല്‍, പൊലീസുകാരന്‍ അനീഷ് എന്നിവരെ മാപ്പുസാക്ഷികളാക്കി.

മേസ്തിരി സുനിലും വിഷ്ണുവും എറണാകുളം ജില്ലാ ജയിലില്‍ സുനിയുടെ സഹതടവുകാരായിരുന്നു. ദിലീപിനെ ഫോണ്‍ ചെയ്യാന്‍ സുനിയെ സഹായിച്ചയാളാണ് അനീഷ്. ഇയാള്‍ പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News