ആക്രമിക്കപ്പെട്ട ശേഷവും നടിയെ മോശക്കാരിയാക്കാന്‍ ദിലീപ് ശ്രമിച്ചു; ഇതിന് സിനിമാ പ്രമുഖരുടെ സഹായവും; അനുകൂല വികാരമുണ്ടാക്കാന്‍ സോഷ്യല്‍മീഡിയ പ്രചരണവും; കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ആക്രമിക്കപ്പെട്ട ശേഷവും നടിയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ഇതിന് സിനിമാ മേഖലയിലെ പ്രമുഖരുടെ സഹായം ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ്, സിനിമാ പ്രമുഖരെ കൊണ്ട് പറയിപ്പിച്ചു. ആക്രമിക്കപ്പെട്ട നടി മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരുന്നെന്ന പരാമര്‍ശം ചിലര്‍ നടത്തിയത് ദിലീപിന്റെ സ്വാധീനമൂലമാണ്. പൊതുസമൂഹത്തില്‍ അനുകൂല വികാരമുണ്ടാക്കാന്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരണങ്ങള്‍ നടത്തിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ ആലുവയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ദിലീപ് സൃഷ്ടിച്ചു. എന്നാല്‍ ഈ ദിവസങ്ങളില്‍ രാമലീലയുടെ ഷൂട്ടിംഗിനായി ദിലീപ് പങ്കെടുത്തിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തി.

അതേസമയം, കേസിന്റെ വിചാരണ വേഗത്തില്‍ നടത്തണമെന്ന് അന്വേഷണസംഘം സര്‍ക്കാരിനോട് ആവശ്യപ്പെടും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെടും.

കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റാന്‍ സാധ്യതയുണ്ട്. ഇത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്നും അന്വേഷണസംഘം നിരീക്ഷിക്കുന്നു.

പീഡന കേസുകളില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശവും പൊലീസ് അപേക്ഷയില്‍ വ്യക്തമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News