വർത്തമാനകാല ദുശ്ശാസനന്മാർ; യോഗിയുടെ പരിപാടിക്കെത്തിയ മുസ്ലിം വനിതയുടെ മേല്‍വസ്ത്രം അ‍ഴിച്ചുമാറ്റിയതില്‍ കടുത്ത പ്രതിഷേധവുമായി എം വി ജയരാജന്‍

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പൊതുപരിപാടിക്കെത്തിയ സ്ത്രീയുടെ മേൽവസ്ത്രം (പർദ്ദ) പരസ്യമായി അഴിച്ചുമാറ്റിയ സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായാണ് എം വി ജയരാജന്‍ രംഗത്തെത്തിയത്.

എം വി ജയരാജന്‍റെ പ്രതിഷേധക്കുറിപ്പ് ഇങ്ങനെ

കൗരവസഭയില്‍ നടന്ന പഞ്ചാലീ വസ്ത്രാക്ഷേപത്തെക്കുറിച്ച്‌ പുരാണത്തിലുണ്ട്. ഏറെക്കുറേ സമാനമായ ഒരു നടപടി വർത്തമാനകാലത്ത്‌ നടന്നിരിക്കുന്നു.

യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പൊതുപരിപാടിക്കെത്തിയ സ്ത്രീയുടെ മേൽവസ്ത്രം (പർദ്ദ) പരസ്യമായി അഴിച്ചുമാറ്റിയിരിക്കുന്നു. ഒരു പൊതുപരിപാടിയിൽ സഭ്യമായ വസ്ത്രമേതും ധരിക്കാം.

എന്നാലിവിടെ എന്തുവസ്ത്രം ധരിക്കണം എന്നുപോലും സംഘപരിവാർ നിശ്ചയിക്കുകയാണ്‌. അധികാരമുപയോഗിച്ച് പോലീസിനെക്കൊണ്ട് അത് നടപ്പാക്കുകയാണ്.

ഐ.പി.സി 354 ാം വകുപ്പ്‌ പ്രകാരം പൊതുയിടത്ത് സ്ത്രീകളെ അപമാനിക്കുന്നത് കുറ്റകരമാണ്. ഇവിടെ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പാക്കുന്ന വ്യക്തിസ്വാതന്ത്യത്തിന്റെ നഗ്നമായ ലംഘനം കൂടിയാണ് നടന്നിരിക്കുന്നത്.

ഒന്നുമില്ലെങ്കിലും മുഖ്യമന്ത്രിയായ ഘട്ടത്തിൽ ആദിത്യനാഥിനെ അദ്ദേഹത്തിന്റെ പിതാവ് ഓർമ്മപ്പെടുത്തിയതെങ്കിലും മറന്നുപോകരുതായിരുന്നു.

അതിതായിരുന്നു – “എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ മുഖ്യമന്ത്രിയായ ആദിത്യനാഥിന് സാധിക്കണം. ബുർഖ ധരിച്ച സ്ത്രീകളും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാ വിശ്വാസങ്ങളിൽ പെട്ടവരെയും ബഹുമാനിക്കണം“. ഫലത്തിൽ പിതാവിന്റെ വാക്കുകൾ തന്നെ ആദിത്യനാഥ് തള്ളിയിരിക്കുന്നു. വർത്തമാനകാല ദുശ്ശാസനന്മാരായി സംഘപരിവാര്‍ നേതാക്കള്‍ അധ:പതിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here