സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ ജഡ്ജിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം; സിപിഐഎം

ദില്ലി: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഎം.

ലോയയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നുള്ള അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ആരോപണം കഴിഞ്ഞ ദിവസം കാരവാന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്ത് വന്നത്.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അനുകൂല വിധി പറയാന്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രമിച്ചുവെന്നതടക്കമുള്ള ബന്ധുക്കളുടെ ആരോപണങ്ങളാണ് കാരവാന്‍ റിപ്പോര്‍ട്ട് ചെയ്തത്. 100 കോടി രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയയുടെ സഹോദരി അനുരാധയാണ് വെളിപ്പെടുത്തിയത്.

സൊഹ്രാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരില്‍ വെച്ചാണ് ജസ്റ്റിസ് ലോയ മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

എന്നാല്‍ മരണം വിവരം ബന്ധുക്കളെ അറിയിക്കാന്‍ വൈകിയതും മൃതശരീരത്തില്‍ കണ്ട ചോരപ്പാടുകളും മൃതദേഹം കൈമാറുന്നതിലെ നടപടി ക്രമങ്ങള്‍ സംബന്ധിച്ച സംശയങ്ങളുമാണ് മരണം സംബന്ധിച്ച ദുരൂഹതകള്‍ ഉയരാന്‍ ഇടയാക്കിയത്.

സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം 2005 നവംബറില്‍ കസ്റ്റഡിയില്‍ എടുക്കുകയും ലഷ്‌കര്‍-ഇ-തോയിബ തീവ്രവാദികള്‍ എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടല്‍ നാടകത്തിലൂടെ വെടിവെച്ച് കൊല്ലുകയുമായിരുന്നു എന്നാണ് കേസ്.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേസിലെ പ്രധാന പ്രതികളിലൊരാളാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News