കുഞ്ഞു ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; ട്രാഫിക് സിനിമയെ വെല്ലുന്ന തരത്തില്‍ കോഴിക്കോട് നിന്നും കൊച്ചിയില്‍ പറന്നെത്തിയ ആംബുലന്‍സിന് കൈയ്യടി

കുഞ്ഞു ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം . അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ള 30 ദിവസം പ്രായമുള്ള കുഞ്ഞിനെ കോഴിക്കോട് നിന്നും മൂന്ന് മണിക്കൂർ 10 മിനിറ്റുകൊണ്ട് കൊച്ചിയിലെത്തിച്ചു.

സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ദൗത്യത്തിന് ആരോഗ്യ മന്ത്രി ഫെയ്സ് ബുക്കിൽ പിന്തുണ നേടിയിരുന്നു.

മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ തുടിക്കുന്ന കുഞ്ഞു ജീവനുമായി ആംബുലൻസ് കൊച്ചിയിലെ ആശുപത്രി മുറ്റത്തെത്തി.

കുഞ്ഞിന്റ ജീവൻ രക്ഷിക്കാനുള്ള ശ്രമം ഫലം കാണുമെന്ന പ്രതീക്ഷയിൽ താനൂർ സ്വദേശികളായ ദമ്പതികൾ, തങ്ങളുടെ ഒരു മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഡോക്ടർമാരുടെ കൈകളിലേയ്ക്ക് കൈമാറി.

ഇതോടെ 3 മണിക്കൂർ പത്ത് മിനിറ്റുകൊണ്ട് കുഞ്ഞിനെ കോഴിക്കോട് നിന്നും കൊച്ചിയിലെത്തിച്ച ആംബുലൻസിന്റെ ഡ്രൈവർ അഖിലിനും വലിയ ആശ്വാസമായി.

ജന്മനാ ഹൃദയധമനികൾക്ക് അസുഖം ബാധിച്ചകുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സർക്കാരിന്റെ ഹൃദ്യം പദ്ധതി പ്രകാരം സഹായം ലഭ്യമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കുഞ്ഞിനെയും രക്ഷിതാക്കളെയും കയറ്റി കൃത്യം 1 മണിക്ക് കോഴിക്കോടു നിന്നും പുറപ്പെട്ടു. ഇതിനു പിറകെ മന്ത്രി ശൈലജ ടീച്ചറുടെ ഫെയ്സ് ബുക്ക് പോസ്റ്റുമെത്തി.

കുഞ്ഞു ജീവനു വേണ്ടി നമുക്ക് കൈ കോർക്കാമെന്നും ആംബുലൻസ് പോകുന്ന പാതയിൽ ഗതാഗതം സുഗമമാക്കണമെന്നും മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

പോലീസ് സഹായത്തോടെ കുതിച്ച ആംബുലൻസ്‌ 3 മണിക്കൂർ 10 മിനിറ്റുകൊണ്ട് കൊച്ചിയിലെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News