ശബരിമലയിലെ ട്രാക്ടര്‍ തൊഴിലാളികളും ഉടമകളും നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി

ശബരിമലയിലെ ട്രാക്ടര്‍ തൊഴിലാളികളും ഉടമകളും നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ട്രാക്ടറുകളുടെ ഗതാഗത നിയന്ത്രണം തീര്‍ത്ഥാടക ബാഹുല്യമുള്ള ദിവസങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്താമെന്ന് ഉറപ്പിന്‍മേലാണ് തീരുമാനം.

നേരത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും സമരം ചെയ്യുന്നവരുടെ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രാക്ട്രര്‍ സമരം ഒത്തുതീര്‍പ്പായത്.

ഭക്തജന തിരക്കുള്ള സമയങ്ങളില്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ 3 മണിവരെ മാത്രം ട്രാക്ടര്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിച്ചുതുടങ്ങിയതോടെ ട്രാക്ടര്‍ തൊഴിലാളികളും ഉടമകളും പണിമുടക്ക് ആരംഭിക്കുകയായിരുന്നു.

ഇതോടെ ശബരിമലയിലെക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും നിലച്ചു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ സമരം ചെയ്യുന്നവരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും സ്‌പെഷ്യല്‍ കമ്മീഷണറുടെ അംഗീകാരത്തൊടെ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയുമായിരുന്നു.

ട്രാക്ടറുകളുടെ ഗതാഗത നിയന്ത്രണം തീര്‍ത്ഥാടക ബാഹുല്യമുള്ള ദിവസങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്താമെന്ന് ഉറപ്പിന്‍മേലാണ് ട്രാക്ടര്‍ ഉടമകള്‍ സമരം പിന്‍വലിച്ചത്.

ഹൈക്കോടതി ഇടപെടലുകള്‍ ശബരിമലയിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്, ആയതിനാല്‍ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും എ പദ്മകുമാര്‍ വ്യക്തമാക്കി.

നിലവില്‍ രണ്ട് ലോഡ് മാത്രമാണ് ഒരു ട്രാക്ടറിന് ലഭിക്കുന്നത്. ഇതും പ്രശ്‌നമാണ്. തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങളും അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വിവിധഉദ്യോഗസ്ഥ മേധാവികളുമായി നടത്തുന്ന അവലോകന യോഗത്തില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനുള്ള മാര്‍ഗ്ഗം തയ്യാറാക്കുമെന്നും എ പത്മകുമാര്‍ പറഞ്ഞു.

ശബരിമലയിലെ സാഹചര്യം ഇന്ന് തന്നെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News