നീലക്കുറിഞ്ഞി പ്രദേശത്തിന്റെ വിസ്തൃതി കുറക്കില്ല; പ്രദേശത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തും; മുഖ്യമന്ത്രി

കൂത്തുപറമ്പ്:നീലക്കുറിഞ്ഞി പ്രദേശത്തിന്റെ വിസ്തൃതി കുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറക്കുന്നതിനായി ഒരു സര്‍വേയും നടക്കുന്നില്ലെന്നും പ്രദേശത്തെ കുറിച്ച് പഠനങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ അകറ്റേണ്ടതുണ്ട്. ഉദ്യാനം സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂത്തൂപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം കൂത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീസില്‍സ് റുബെല്ല വാക്‌സിനേഷനെതിരെ ഉണ്ടാകുന്ന കുപ്രചണങ്ങളെ നാം ഓര്‍ക്കേണ്ടതുണ്ട്. അതിന്റെ മൂര്‍ധന്യാവസ്ഥ കഴിഞ്ഞ ദിവസം ഉണ്ടായി. വാക്‌സിന്‍ പ്രവര്‍ത്തനത്തിനായി എത്തിയ നഴ്‌സിനേയും ഡോക്ടറെയുമൊക്കെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായി. ചില ശക്തികള്‍ വാക്‌സിനെതിരെ തെറ്റായ പ്രചരണം നടത്തുകയാണ്.

അനാവശ്യമായ ഭീതി ആളുകളില്‍ ഉണ്ടാക്കുന്നു. വാക്‌സിന്‍ നടത്തിയാല്‍ രോഗം വരാതിരിക്കാനുള്ള പ്രതിരോധമാണത്. ഇക്കാര്യത്തില്‍ നല്ല കരുതല്‍ പൊതുവേ ഉണ്ടാകേണ്ടതാണ്. വാക്‌സിനെതിരായ ശക്തികളെ ഒറ്റപ്പെടുത്തണം. ചില തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നത് സാധാരണ പ്രവര്‍ത്തകരല്ല.മറ്റുചില വികാരങ്ങള്‍ സൃഷ്ടിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനദ്രോഹ നയമാണ് ബിജെപി രാജ്യത്ത് സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. ഇതിനെതിരെ അണിനിരക്കുക എന്നത് രാജ്യത്ത് ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരണം. ഇടതുപക്ഷത്തെ സംബന്ധിച്ച് നിലപാടുകളില്‍ അവ്യക്തതയില്ല. ഇടതുപക്ഷത്തോടൊപ്പം ആരൊക്കെ വരണം.

മോഡി നടപ്പാക്കുന്ന ആഗോള ഉദാരവത്കരണ നയത്തിന് കൂട്ടുപിടിക്കുന്നവര്‍ ഇടതിനൊപ്പം വന്നതുകൊണ്ട് ഒരു പ്രത്യേകതയുമില്ല. രാജ്യത്തെ ഇന്നത്തെ സ്ഥിതിയിലേക്കെത്തിക്കാന്‍ കാരണമായ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരിക്കല്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരിച്ചുകൊള്ളാം എന്നവര്‍ പറഞ്ഞതിന്റെ അനുഭവം നമുക്കുണ്ട്.

ഇടതുനിലപാടുകള്‍ അംഗീകരിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ അന്നുനടന്നു. അതിന്റെയെല്ലാം ഫലമായി അപൂര്‍വ്വം ചില കാര്യങ്ങള്‍ നേടാന്‍ കഴിഞ്ഞു. എന്നാല്‍ ഉദാരവത്കരണത്തോടാണ് അവര്‍ക്ക്‌ കൂറുണ്ടായിരുന്നത്.

അവര്‍ ഇടതുപക്ഷത്തിന്റെ ഭാഗമായത് കൊണ്ടുമാത്രം നമ്മുടെ രാജ്യത്തിന്റെ ദുരിതം അകലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രധാന സര്‍വകലാശാലകള്‍ ഇടതുപക്ഷത്തിന്റെ കൈയ്യിലാണെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

യാദൃശ്ചികമല്ല ആ നേട്ടം. മാറ്റത്തിന്റെ കാറ്റ് എത്രത്തോളം ശക്തമാണെന്നാണ് അത് കാണിക്കുന്നത്. രാജ്യം ശ്രദ്ധിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നത് ഇതന്റെ ഭാഗമായാണ്. ഇതിനെ ശരിയായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഡിവൈഎഫ്‌ഐക്കാകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News