നടി തൊടുപുഴ വാസന്തി അന്തരിച്ചു

70കളിലും 80കളിലും മലയാള സിനിമയുടെ നിറസാനിധ്യമായിരുന്ന നടി തൊടുപുഴ വാസന്തി അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധ മൂലം വളരെക്കാലം ചികിത്സയിലായിരുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തിയത്.അടൂര്‍ ഭവാനിക്കൊപ്പമായിരുന്നു നാടക പ്രവേശനം.

ബാല കളിയിലൂടെ കലാലോകത്തേക്ക് കടന്നുവന്ന P. വസന്തകുമാരി എന്ന തൊടുപുഴ വാസന്തി , നാടക രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്. 16ആം വയസിൽ ധർമക്ഷേത്ര, കുരുക്ഷേത്രയിൽ നർത്തകിയായി എത്തിയ വാസന്തി, തോപ്പിൽ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലാണ് ആദ്യമായി കഥാപാത്രത്തെ അവതരിപ്പിച്ചത്.

1976 മുതൽ സിനിമാ മേഖലയിൽ സജീവമായ അവർ, കണ്ണപ്പനുണ്ണി, വൃതം, അമ്മത്തൊട്ടിൽ, യവനിക, ആലോലം, കാര്യംനിസാരം, ഗോഡ്ഫാഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങി 450 ഓളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2016ൽ പുറത്തിറങ്ങിയ ഇത്‌ താൻ ടാ പൊലീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 16 സീരിയലുകളിലും നൂറിലേറെ നാടകങ്ങളിലും അഭിനയിച്ചു. ഏറെ ദുരിതം നിറന്നെ നാളുകളായിരുന്നു അവരുടേത്. അർബുദവും പ്രമേഹവും വേട്ടയാടിയതിനൊപ്പം ഹൃദയ സംബന്ധമായ അസുഖങ്ങളും അവരെ തളർത്തി. പ്രമേഹം മൂർച്ഛിച്ചതോടെ വലത് കാൽ മുറിച്ച് മാറ്റേണ്ടി വന്നു.

ഇതോടെ ജീവിതം പൂർണ്ണമായും നാല് ചുമരുകൾക്കുള്ളി ൽ ഒതുങ്ങി. അവസാന നാളുകളിലും അഭിനയ രംഗത്തേക്ക് മടങ്ങി വരണമെന്നായിരുന്നു മികച്ച നർത്തകി കൂടിയായ ഈ കലാകാരിയുടെ ആഗ്രഹം.

നാടകപ്രവർത്തകനായിരുന്ന കെ ആർ രാമകൃഷ്ണൻ നായരുടെയും തിരുവാതിര ആശാട്ടി പി.പങ്കജാക്ഷിയുടെയും മകളാണ് വാസന്തി. രക്ഷിതാക്കൾക്ക് പിറകെ ഭർത്താവ് രജീന്ദ്രനും മരണപ്പെട്ടതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടു. മക്കളില്ലാത്ത ഇവർ പിന്നീട് മണക്കാടുള്ള വീട്ടിൽ സഹോദരങ്ങൾക്കൊപ്പമായിരുന്നു താമസം. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തൊടുപുഴക്കടുത്ത മണക്കാട്ടെ വീട്ടുവളപ്പിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here