സോളാര്‍ റിപ്പോര്‍ട്ടിന്റെ ജാള്യത മറയ്ക്കാനാണ് ചെന്നിത്തലയുടെ ജാഥയെന്ന് കാനം; നേതാക്കള്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ തയ്യാറാകണം

കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ജാള്യത മറയ്ക്കാനാണ് രമേശ് ചെന്നിത്തലയുടെ ജാഥയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എല്‍ഡിഎഫില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ക്കുന്ന മാധ്യമങ്ങള്‍, സോളാറില്‍ യുഡിഎഫിനെ വെളളപൂശുകയാണെന്ന് മന്ത്രി എംഎം മണി പറഞ്ഞു. എല്‍ഡിഎഫ് കോഴിക്കോട്ട് സംഘടിപ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുളള രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നടപടികളും വിശദീകരിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ രാഷ്ട്രീയവിശദീകരണ പൊതുയോഗങ്ങള്‍ നടന്നു വരികയാണ്. കോഴിക്കോട് മുതലക്കുളത്ത് നടന്ന യോഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സോളാര്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായ യുഡിഎഫ് നേതാക്കള്‍ സ്ഥാനങ്ങള്‍ രാജിവെക്കാന്‍ തയ്യാറാകണമെന്ന് കാനം പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ജാള്യത മറയ്ക്കാനാണ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കമെന്നും കാനം പറഞ്ഞു

സോളാര്‍ അഴിമതിയും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ മിണ്ടാതിരുന്ന എകെ ആന്‍ണിയുടെ ഇപ്പോഴത്തെ അഭിപ്രായ പ്രകടനങ്ങള്‍ ജല്‍പ്പനങ്ങളാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടെന്ന വരുത്തിതീര്‍ക്കുകയാണ് മാധ്യമങ്ങള്‍. സോളാര്‍ റിപ്പോര്‍ട്ടില്‍ കളളന് കാവല്‍ നില്‍ക്കുന്ന സമീപനമാണ് മാധ്യമങ്ങളുടേതെന്നും കുറ്റപ്പെടുത്തി.

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എല്‍ഡിഎഫ് ഘടകക്ഷി നേതാക്കളും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here