കൊച്ചിയില്‍ ആഞ്ഞടിച്ച് തിരമാലകള്‍; തീരദേശം കടലാക്രമണ ഭീഷണിയില്‍; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി:കൊച്ചിയുടെ തീരദേശങ്ങളിലും കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം. ചെല്ലാനം, കണ്ണമാലി, എടവനക്കാട് മേഖലകളില്‍ ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കൊച്ചിയില്‍ നിന്നും ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ രണ്ടായിരത്തോളം പേര്‍ ഇനിയും കരയില്‍ തിരിച്ചെത്താത്തത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ചെല്ലാനം, കണ്ണമാലി, എടവനക്കാട് തീരദേശമേഖലകളില്‍ താമസിക്കുന്നവരാണ് പ്രധാനമായും കടല്‍ക്ഷോഭത്തിന് ഇരകളായിരിക്കുന്നത്. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളില്‍ 150ഓളം വീടുകളിലും എടവനക്കാട് 50ഓളം വീടുകളിലും വെളളം കയറി.

കടലില്‍ നിന്നും ശക്തമായി ആഞ്ഞടിക്കുന്ന തിരമാലകള്‍ സമീപപ്രദേശത്തെയാകെ മുക്കിയിരിക്കുകയാണ്. റോഡ് കവിഞ്ഞും വെളളം ഒഴുകുകയാണ്.

ചെല്ലാനം സെന്റ് മേരീസ് സ്‌കൂളിലും മറ്റിടങ്ങളിലേക്കും പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. സ്ത്രീകളും കുട്ടികളും വാര്‍ധക്യം ചെന്നവരും രോഗികളുമെല്ലാം സ്‌കൂള്‍ കെട്ടിടങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

അതേ സമയം ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മുഴുവന്‍ മത്സ്യബന്ധനയാനങ്ങളും സുരക്ഷിതരാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.

ഗുജറാത്ത് മുതല്‍ തമിഴ്നാട് വരെയുള്ള തീരസംസ്ഥാനങ്ങളിലെ അറുന്നൂറോളം ബോട്ടുകള്‍ മത്സ്യബന്ധനത്തിന്റെ ഭാഗമായി കൊച്ചിയില്‍ വന്നു പോകാറുണ്ട്. ഇവര്‍ക്കാര്‍ക്കെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമമാണ് നാവികസേനയും പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News