വരുന്നു ലോക കേരള സഭ; കേരള സര്‍ക്കാരിന്റെ പുതിയ സംരംഭം

മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത് വിളിച്ച പത്രാധിപ യോഗത്തിലായിരുന്നു പ്രഖ്യാപനം.

സഭയില്‍ 351 അംഗങ്ങളുണ്ടാകും. കേരളത്തില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും മറ്റിടങ്ങളിലെ മലയാളി ജനപ്രതിനിധികളും സഭയിലുണ്ടാകും. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള 177 മലയാളികളെ സഭയില്‍ അംഗങ്ങളാക്കും. വിവിധ മേഖലകളിലെ വിദഗ്ധര്‍, പ്രതിഭകള്‍ തുടങ്ങിയവര്‍ അംഗങ്ങളില്‍ ഉള്‍പ്പെടും.

വിദേശ മലയാളികളുടെ സംഘടനകളുടെ പ്രതിനിധികള്‍ക്കും പ്രാതിനിധ്യമുണ്ടാകും. ലോകത്തിന്റെ വിവിധ ഭൂഭാഗങ്ങളിലുള്ള പ്രവാസികളുടെ പ്രാതിനിധ്യവും സഭയില്‍ ഉറപ്പുവരുത്തും.

സഭയുടെ നേതാവ് മുഖ്യമന്ത്രിയായിരിക്കും. പ്രതിപക്ഷ നേതാവ് ഉപ നേതാവാകും. ചീഫ് സെക്രട്ടറിയാണ് സെക്രട്ടറി ജനറല്‍. സ്പീക്കറുടെ നേതൃത്വത്തിലുള്ള പ്രസീഡിയമായിരിക്കും സഭ നിയന്ത്രിക്കുക.

ലോക കേരള സഭ സ്ഥിരം സഭയായിരിക്കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരും.

ജനുവരി 12, 13 തിയതികളില്‍ തിരുവനന്തപുരത്ത് ആദ്യ യോഗം ചേര്‍ന്നുകൊണ്ട് സഭയുടെ പ്രവര്‍ത്തനം ആരംഭിക്കും. യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമാപനയോഗത്തില്‍ പ്രതിപക്ഷ നേതാവ് അധ്യക്ഷനായിരിക്കും.

പ്രവാസികളുടെ കൂട്ടായ്മ പ്രോത്സാഹിപ്പിക്കുക, അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക, കേരളത്തിന്റെ സാമൂഹികസാമ്പത്തികസാങ്കേതികപുരോഗതിക്ക് പ്രവാസികളുടെ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക എന്നിവയാണ് സഭയുടെ ലക്ഷ്യങ്ങള്‍. സഭയില്‍ ഉണ്ടാകുന്ന തീരുമാനങ്ങള്‍ വിലമതിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി. സംരംഭത്തിന്റെ വിജയത്തിന് മാധ്യമങ്ങളുടെ സഹായസഹകരണങ്ങളും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

വിവിധ മാധ്യമങ്ങളുടെ അധിപന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News