പടയൊരുക്കം കൊടുങ്കാറ്റാകുമെന്ന് ചെന്നിത്തല; ചായക്കോപ്പയിലെ കാറ്റായെന്ന് സോഷ്യല്‍ മീഡിയ

ഓഖി വീശിയടിച്ചതോടെ തകര്‍ന്നു പോയത് ചെന്നിത്തലയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കാസര്‍ഗോട്ടു നിന്ന് പടയൊരുക്കം തിരുവനന്തപുരത്തെത്തുമ്പോള്‍ കൊടുങ്കാറ്റായി മാറുമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാല്‍ ഓഖി ആഞ്ഞു വീശി പടയൊരുക്കത്തിന്റെ സമാപനം തന്നെ പൊളിഞ്ഞതോടെ സോഷ്യല്‍ മീഡിയക്കാര്‍ ചെന്നിത്തലയെ ട്രോളി പൊളിച്ചടുക്കി.

പടയൊരുക്കം പൂര്‍ണമായും പരാജയപ്പെട്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കളുടെ വിലയിരുത്തല്‍. അടുത്തിടെ നടന്ന ഇടതുമുന്നണിയുടെ ജനജാഗ്രതായാത്രയുടെ ഏഴയലത്തു പോലുമെത്താന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല.

ജാഥയ്ക്കിടയില്‍ ഉയര്‍ന്നുവന്ന സോളാര്‍ കേസ്, തോമസ് ചാണ്ടി വിഷയവുമെല്ലാം ജാഥയുടെ പ്രാധാന്യം ഇല്ലാതാക്കി. മാധ്യമങ്ങളും ഏതാണ്ട് പൂര്‍ണമായും അവഗണിച്ചതോടെ ജാഥ അക്ഷരാര്‍ഥത്തില്‍ നനഞ്ഞ പടക്കമായി.

ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് അവസാനിക്കേണ്ടിയിരുന്ന ജാഥ ചുഴലിക്കാറ്റുമൂലം മാറ്റിവെക്കേണ്ടി വന്നത് കോണ്‍ഗ്രസിനും യു ഡി എഫിനും ഒരു പോലെ ക്ഷീണമായി. ആഴ്ചകള്‍ക്കുശേഷം മാത്രമേ ഇനി പടയൊരുക്കത്തിന്റെ സമാപന സമ്മേളനം സംഘടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

മാത്രമല്ല, കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കാനുള്ള സാധ്യതയും അനിശ്ചിതത്വത്തിലാണ്. ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് എ ഗ്രൂപ്പും സോളാര്‍ കേസില്‍ ആരോപണ വിധേയരായിരിക്കെ പാര്‍ട്ടിയില്‍ ചെന്നിത്തലയ്ക്ക് ശക്തനാകാനുള്ള അവസരം കൂടിയായിരുന്നു പടയൊരുക്കം.

ജാഥ കൊണ്ട് പാര്‍ട്ടിയില്‍ പിടിമുറുക്കാമെന്ന് കരുതിയ ചെന്നിത്തലയുടെ മോഹങ്ങളെല്ലാം പൊളിഞ്ഞു .എന്നാല്‍ പടയൊരുക്കം പൊളിഞ്ഞതില്‍ ഉമ്മന്‍ ചാണ്ടി ക്യാമ്പ് ആഹ്ലാദത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here