പുതുവര്‍ഷം മെഗാസ്റ്റാറിന്റേത്; മാസ്റ്റര്‍ പീസില്‍ തുടക്കം; ഈ വര്‍ഷം മമ്മൂട്ടിക്കായി അണിയറയില്‍ ഒരുങ്ങുന്നത് കൈനിറയെ ചിത്രങ്ങള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് 2018 ല്‍ കൈനിറയെ ചിത്രങ്ങളാണ്. പതിനെട്ടോളം ചിത്രങ്ങളിലാണ് മമ്മൂട്ടി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ ചിലത് ചിത്രീകരണം പൂര്‍ത്തിയാക്കിയതാണെങ്കില്‍ ചിലതാകട്ടെ ചര്‍ച്ചയിലുള്ളതും. ഈ വര്‍ഷം ആദ്യം റിലീസിന് തയ്യാറാകുന്നതാണ് ചില ചിത്രങ്ങള്‍.

മാസ്റ്റര്‍ പീസ്

മെഗാസ്റ്റാറിന്റേതായി ആദ്യം റിലീസ് ആകുന്ന ചിത്രം അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിക്കുന്ന മാസ്റ്റര്‍ പീസാണ്. ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്.

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതുവരെ ലക്ഷങ്ങളാണ് കണ്ടിട്ടുള്ളത്. പൂനം ബജ്വെ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്.

മാമാങ്കം

മമ്മൂട്ടിയുടെ മെഗാപ്രൊജക്ട് മാമാങ്കം ഈ വര്‍ഷം റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. 12 വര്‍ഷത്തെ ഗവേഷണത്തിനു ശേഷം സഞ്ജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമാങ്കം.

വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കം’ എന്ന ചരിത്ര കഥയുമായി മലയാള സിനിമയില്‍ പുതുചരിത്രം കുറിക്കാനാണ് ആരാധകരുടെ പ്രിയ താരമെത്തുന്നത്.

17 ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഇന്ത്യന്‍ സിനിമയിലെ വലിയൊരു താരനിര തന്നെ മാമാങ്കത്തില്‍ അണിനിരക്കും.

കുഞ്ഞാലി മരയ്ക്കാര്‍

ആരാധകരുടെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ നവംബറിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമയാണ്. കുഞ്ഞാലി മരയ്ക്കാര്‍ 4 ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Kunjali Marakkar Mammootty Shankar Ramakrishnan

ബിലാല്‍

ബിഗ് ബിയെന്ന മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗവും ഈ വര്‍ഷം എത്തുമെന്നാണ് കരുതുന്നത്. ബിലാല്‍ എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നാണ്. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന ബിലാലിനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

അങ്കിള്‍

മമ്മൂട്ടിയും ജോയ് മാത്യുവും ഒന്നിക്കുന്ന ചിത്രമാണ് അങ്കിള്‍. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഗിരീഷ് ദാമോദരനാണ് സംവിധാനം. 2018ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ‘ഷട്ടര്‍’ എന്ന ചിത്രത്തിമ് ശേഷം ജോയ് മാത്യു കഥയും തിരക്കഥയും എഴുതുന്ന ചിത്രമാണ് അങ്കിള്‍.

സ്ട്രീറ്റ് ലൈറ്റ്‌സ്

ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്‌സിലും മമ്മൂട്ടി തന്നെ. സിനിമയുടെ ചിത്രീകരണവും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ക്രൈം അന്വേഷിക്കാന്‍ വരുന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. കഥ അത്രയേറെ ആകര്‍ഷിച്ചതുകൊണ്ടാണ് ചിത്രം നിര്‍മ്മിക്കാന്‍ മമ്മൂട്ടി തയ്യാറായതത്രേ.

രാജ 2

പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് വൈശാഖിന്റെ രാജ 2. മമ്മൂട്ടി രാജയായി എത്തുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുന്നു. ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്നു.

ഉണ്ട

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ‘ഉണ്ട എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

എബ്രഹാമിന്റെ സന്തതികള്‍

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും നായകന്‍ മമ്മൂട്ടി . ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗ്രേറ്റ് ഫാദര്‍ ചിത്രത്തിന്റെ സംവിധായകനായ ഹനീഫ് അദേനി ആണ്.

സി ബി ഐ – 5

കെ മധു – എസ് എന്‍ സ്വാമി ടീമിന്റെ സേതുരാമയ്യര്‍. എസ് എന്‍ സ്വാമി ചിത്രത്തിന്റെ തിരക്കഥ എഴുതി കഴിഞ്ഞതായി റിപ്പോര്‍ട്ട്. ചിത്രത്തിന് 25 കോടിയെങ്കിലും ബജറ്റ് വരുമെന്നാണ് സൂചന. ഒരു ഹൈടെക് ത്രില്ലറായി ഈ സിനിമ ഒരുക്കാനാണ് തീരുമാനം. രണ്‍ജി പണിക്കരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. 2018ന്റെ മധ്യത്തോടെ സി ബി ഐ സീരീസിലെ അഞ്ചാം ചിത്രം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

പരോള്‍

ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പരോള്‍്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മിയയാണ് ചിത്രത്തിലെ ഒരു നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് മിയ എത്തുന്നത്. അജിത് പൂജപ്പുരയാണ് പരോളിന് തിരക്കഥയെഴുതുന്നത്.

 
പേരന്‍പ്

റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. അച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

കര്‍ണന്‍

പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍. കര്‍ണന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമ. മമ്മൂട്ടിയുടെ സമയം കൂടി നോക്കിയിട്ട് പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടിയും ടൊവിനോയും ഇതാദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. തിരക്കഥ ഉണ്ണി ആര്‍ ആണ്. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല.

അതോടൊപ്പം പ്രേമം എന്ന മെഗാഹിറ്റ് സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ക്രൈം ത്രില്ലറും അടുത്ത വര്‍ഷം മമ്മൂട്ടിക്കായി കാത്തിരിക്കുന്നുണ്ട്.

റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലറാണ് മമ്മൂട്ടിയുടെ മറ്റൊരു സിനിമ. സംവിധായകന്‍ സിദ്ദിക്കാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുടുംബചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. നാദിര്‍ഷയുടെ ബിഗ്ബജറ്റ് കോമഡി ത്രില്ലറിലും മമ്മൂട്ടി നായകനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News