ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം; ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വന്‍ഇടിവ്; യാഥാര്‍ത്ഥ്യങ്ങള്‍ മറിച്ചുവെച്ച് ദേശീയ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി :യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍ നടന്ന തദ്ദേശ തെരഞ്ഞടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വിജയം ബിജെപിക്കൊപ്പമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ട വാര്‍ത്തകള്‍.
എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ വ്യക്തമാക്കാതെയും മുഴുവന്‍ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വിടാതെയും, ബിജെപിയുടെ ജയം മാത്രമാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമാണ് ബിജെപിക്കേറ്റത് എന്നാണ് കണക്കുകളിലൂടെ മനസിലാകുന്നത്.
നഗര്‍ നിഗം(മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍), നഗര്‍ പരിഷത്, നഗര്‍ പഞ്ചായത്ത് എന്നീ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഫലം പുറത്തു വന്നപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് (നഗര്‍ നിഗം) മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പ് വാര്‍ത്ത മാത്രമായിരുന്നു.
ഇതില്‍ 16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 14 എണ്ണം ബിജെപിയും രണ്ടെണ്ണം ബി എസ് പിയുമാണ് നേടിയത്. എന്നാല്‍ ആകെയുള്ള 652 സീറ്റുകളില്‍ 184 സീറ്റുമാത്രമാണ് ബിജെപിക്ക് കിട്ടിയത്. അതേസമയം സ്വതന്ത്രര്‍ 225 സീറ്റുകളില്‍ ജയിച്ചു. 128 സീറ്റുമായി സമാജ്‌വാദി പാര്‍ട്ടി മൂന്നാം സ്ഥാനത്തും 76 സീറ്റുമായി ബിഎസ്‌പി നാലാം സ്ഥാനത്തുമാണ്.
കണക്കുകള്‍ പ്രകാരം 438 നഗര്‍ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ 182 പേര്‍ സ്വതന്ത്രരാണ്. ബിജെപി(100),എസ് പി(83), ബിഎസ്‌പി(45), കോണ്‍ഗ്രസ്(17), ആം ആദ്‌മി(2), ആര്‍ജെഡി(2),  ആര്‍എല്‍ഡി(3), എ ഐ എംഎം(1)എ ഐ എഫ് ബി(1) മറ്റുള്ളവര്‍(2) എന്ന നിലയിലാണ് സീറ്റുകള്‍ നേടിയിരിക്കുന്നത്.
നഗര്‍ പരിഷതില്‍ ഇത് യഥാക്രമം, ബിജെപി (70), എസ് പി(45), സ്വതന്ത്രര്‍(43), ബിഎസ്‌പി(29), കോണ്‍ഗ്രസ്(9), സിപിഐ(1), മറ്റുള്ളവര്‍(1) എന്ന നിലയിലാണ്
മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 16 സീറ്റുകളില്‍ ബിജെപി 14, ബിഎസ്‌പി 2 എന്ന നിലയിലാണ് സീറ്റുകള്‍ നേടി എന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകള്‍.എന്നാല്‍ മുഖ്യധാര മാധ്യമങ്ങളൾ  ബിജെപ്പിക്കുണ്ടായ സീറ്റു നഷ്ടത്തെകുറിച്ചും വോട്ടു ചോര്‍ച്ചയെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്തില്ല.
ഇനി വോട്ടിംഗ് പാറ്റേണ്‍ നോക്കാം, 22 കോടി ജനസംഖ്യയില്‍ എട്ട് കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 52.4 ശതമാനം പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. കഷ്ടിച്ച് നാല് കോടിക്ക് മുകളില്‍ പേര്‍ വോട്ട് ചെയ്തിരിക്കുന്നു. 16 കോര്‍പ്പറേഷനുകളില്‍ 35 ലക്ഷം വോട്ടാണുള്ളത്.
ഇതിന്റെ 87 ശതമാനം എന്ന് പറയുമ്പോള്‍ 30 ലക്ഷത്തിനടുത്ത് വോട്ടുകള്‍. നഗര്‍ പാലിക പരിഷദുകളില്‍ ഒരു കോടി വോട്ടുകളുണ്ട്. 70 സീറ്റുകളും 35.5 ശതമാനം വോട്ടുകളുമാണ് ബിജെപിക്ക് കിട്ടിയിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടിക്ക് 22.5 ശതമാനം വോട്ടുകളും സ്വതന്ത്രര്‍ക്ക് 21.72 ശതമാനം വോട്ടുകളും ബിഎസ്പിക്ക് 14.65 വോട്ടുകളുമാണുള്ളത്. കോണ്‍ഗ്രസ് 4.5 ശതമാനം വോട്ട് നേടി.
നഗര്‍ പഞ്ചായത്തുകളില്‍ 2.65 കോടി വോട്ടുകളാണുള്ളത്. 438 സീറ്റുകളില്‍ 100 എണ്ണമാണ് ബിജെപിക്ക് കിട്ടിയത്. 22 ശതമാനം വോട്ടും. സ്വതന്ത്രര്‍ക്ക് 41.55 ശതമാനം വോട്ട് കിട്ടി. എസ്പിക്ക് 18.95 ശതമാനം വോട്ട്. ബിഎസ്പിക്ക് 10.27 ശതമാനം.
കോണ്‍ഗ്രസിന് 3.88 ശതമാനം. ഏതാണ്ട് 58 ലക്ഷത്തിനടുത്ത് വോട്ടുകളാണ് ബിജെപിക്ക കിട്ടിയിരിക്കുന്നത്. സ്വതന്ത്രര്‍ക്ക് 1.7 കോടി വോട്ട്.  മൊത്തം വോട്ടുകളെടുത്താല്‍ നാല് കോടി വോട്ടുകളില്‍ 1,23,00,000 വോട്ടുകള്‍.
ബിജെപിയുടെ വോട്ട് വിഹിതം 30 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2017 മാര്‍ച്ചിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്.
ബ്രാഹ്മണര്‍, മുസ്ലിംകള്‍, യാദവര്‍, ദളിത് വിഭാഗങ്ങള്‍ ബിജെപിക്ക് എതിരായത് സീറ്റുകള്‍ നഷ്ടപ്പെടുന്നതിനും വോട്ടു വിഹിതം കുറയുന്നതിനും കാരണമായി.  ബസ്തി, ഗോണ്ട, ചിത്രകൂട്, അലഹബാദ്, മിര്‍സാപൂര്‍, ബാരാബങ്കി, അസംഗഢ്, ജോന്‍പൂര്‍, കൗശാംബി, ഫത്തേപൂര്‍, ഫറൂഖാബാദ്, ഫിറോസാബാദ്, അമേഥി തുടങ്ങിയവ എല്ലാം ബിജെപിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സമാന പ്രതിസന്ധി നേരിടുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News