ദേവസ്വം ബോര്‍ഡുകളിലെ സംവരണം പുരോഗമനപരം

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം തൊഴില്‍സംവരണം ഏര്‍പ്പെടുത്തിയത് വലിയ വിവാദമായി ഉയര്‍ത്തുകയാണല്ലോ.

ഈ വിവാദങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം മറച്ചുവയ്ക്കപ്പെടുന്ന ഒരു സത്യമുണ്ട്. ഇക്കാലമത്രയും ഒരു ശതമാനംപോലും തൊഴില്‍സംവരണം ഇല്ലാതിരുന്ന ദേവസ്വം നിയമനങ്ങളില്‍ 40 ശതമാനം സംവരണം പട്ടിക- പിന്നോക്ക വിഭാഗങ്ങള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തി എന്നതാണത്.

ദേവസ്വങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രഭരണം ബ്രാഹ്മണ കേന്ദ്രിത ഹിന്ദുമതത്തിലെ സവര്‍ണവിഭാഗങ്ങള്‍ ഇക്കാലമത്രയും പരിപൂര്‍ണമായി കൈയടക്കിയിരുന്നു. സംവരണമെന്നത് തൊഴില്‍ലഭ്യതയേക്കാള്‍ അധികാരത്തിലുള്ള പങ്കാളിത്തമാണെങ്കില്‍ ഒരു ശതമാനം അധികാരപങ്കാളിത്തംപോലും ഇല്ലാതിരുന്ന സ്ഥാനത്ത് 40 ശതമാനത്തിന്റെ പങ്കാളിത്തം പുതിയതായി ഏര്‍പ്പെടുത്തുകയെന്ന പുരോഗമനപരമായ തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.

വര്‍ഷങ്ങളായി മുന്‍ സര്‍ക്കാരുകള്‍ അറച്ചുനിന്ന സ്ഥാനത്ത് പട്ടിക- പിന്നോക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍സംവരണം ഏര്‍പ്പെടുത്താന്‍ ധൈര്യം കാണിച്ച പിണറായി വിജയന്‍ സര്‍ക്കാരിന് അഭിനന്ദനം അര്‍പ്പിക്കുകയാണ് വേണ്ടത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ദേവസ്വം നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിയ സംവരണനയത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായി ഉയര്‍ത്തുന്ന ആരോപണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

(1) സംവരണത്തിന്റെ അടിസ്ഥാനതത്വം സാമൂഹിക പിന്നോക്കാവസ്ഥയാണ്. സാമൂഹിക പിന്നോക്കാവസ്ഥയുടെ അടിത്തറ ജാതിവിവേചനവും. എല്‍ഡിഎഫ് സര്‍ക്കാര്‍ സാമൂഹിക പിന്നോക്കാവസ്ഥയ്ക്കുപകരം സാമ്പത്തിക പിന്നോക്കാവസ്ഥയെ അടിത്തറയായി കാണുന്നു.
(2) ജാതിസംവരണം അട്ടിമറിച്ചിട്ട് സാമ്പത്തികസംവരണം കൊണ്ടുവരാന്‍ പോകുന്നു.
(3 ) ഇപ്പോള്‍ എടുത്ത തീരുമാനം ഭരണഘടനാവിരുദ്ധമാണ്.
(4) ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ ഇന്ന് അനുഭവിക്കുന്ന സംവരണത്തോത് വെട്ടി കുറയ്ക്കപ്പെടുകയും മുന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് പുതിയതായി സംവരണം ലഭിക്കുകയും ചെയ്യും.

വാസ്തവത്തില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടുമുറിയില്‍ തിരയുന്ന പ്രവൃത്തിയാണ് വിമര്‍ശകര്‍ ചെയ്യുന്നത്. സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും സംവരണനയം കൃത്യമായി പ്രകടനപത്രികയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്.

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച സംവരണതത്വത്തിന്റെ കാതല്‍ സാമൂഹിക പിന്നോക്കാവസ്ഥയും ഭരണകൂടത്തില്‍ മതിയായ പങ്കാളിത്തമില്ലായ്മയുമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4)ന്റെ അന്തസ്സത്ത അതേപടി അംഗീകരിക്കുന്ന സംവരണനയമാണ് എല്‍ഡിഎഫിന്റേത്. പ്രകടനപത്രികയില്‍ (579) ഇങ്ങനെ പറയുന്നു: “പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ഇതര ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരുന്ന നയത്തില്‍ എല്‍ഡിഎഫ് ഉറച്ചുനില്‍ക്കുന്നു. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കുതന്നെ കിട്ടുമെന്ന് ഉറപ്പാക്കേണ്ടതാണ്” ഈ പറഞ്ഞതിനര്‍ഥം നിലവിലുള്ള ജാതിസംവരണ സംവിധാനം അതേപടി തുടരുകമാത്രമല്ല സാമുദായിക അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ട പങ്ക് അവര്‍ക്കുതന്നെ ലഭിക്കുമെന്ന് ഉറപ്പാക്കുകകൂടിയാണ്.

സാമ്പത്തിക സംവരണതത്വം അംഗീകരിച്ചുകൊണ്ട് സമുദായങ്ങളുടെ അര്‍ഹതപ്പെട്ട പങ്ക് എങ്ങനെ ഉറപ്പാക്കാനാണ്? അതിനാല്‍ സാമൂഹികനീതിയില്‍ അധിഷ്ഠിതമായതും ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്തിട്ടുള്ള ജാതിസംവരണം അതേപടി തുടരുമെന്നുതന്നെയാണ്. സാമുദായിക സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണത്തിലേക്ക് ചുവടുമാറ്റുന്നു എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്.

പിന്നോക്കവിഭാഗത്തിന് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സംവരണം പൂര്‍ണമായും ജാതീയമായ പിന്നോക്കാവസ്ഥയെമാത്രം ആസ്പദമാക്കിയല്ലല്ലോ. അതില്‍ സാമ്പത്തിക മാനദണ്ഡം ഉള്‍ച്ചേര്‍ന്നിരിക്കുകയല്ലേ? അതുകൊണ്ടാണല്ലോ പിന്നോക്കക്കാരിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ക്രീമിലെയറിനെ സംവരണത്തിന്റെ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

സിപിഐ എമ്മിന്റെ പിന്നോക്ക സംവരണനയം ഭരണഘടന പ്രതിപാദിക്കുന്ന നയത്തേക്കാള്‍ കുറച്ചുകൂടി ജാതിസംവരണത്തെ അനുകൂലിക്കുന്നതും ബലപ്പെടുത്തുന്നതുമാണ്. ക്രീമിലെയറില്‍പ്പെടാത്ത പിന്നോക്കവിഭാഗത്തില്‍പ്പെട്ട യോഗ്യരായ അപേക്ഷകരില്ലെങ്കില്‍ ഇന്നത്തെ നിലയില്‍ അത്തരം തസ്തികകള്‍ ജനറല്‍ വിഭാഗത്തിലേക്ക് പോകും.

എന്നാല്‍, സിപിഐ എം പറയുന്നത് ക്രീമിലെയറില്‍പ്പെടാത്ത യോഗ്യരായവര്‍ ഇല്ലെങ്കില്‍ ക്രീമിലെയറില്‍പ്പെട്ടവരാണെങ്കിലും അതേ സമുദായത്തില്‍പ്പെട്ടവരില്‍നിന്നുതന്നെ നിയമനം നടത്തി സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ്. ഈ നയം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ടിയെയാണ് ദളിത്-പിന്നോക്ക വിരുദ്ധരെന്ന് വിളിച്ച് വിമര്‍ശിക്കുന്നത്.

നിലവില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരില്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ സംവരണത്തിന്റെ സംരക്ഷണം ഇല്ലാതിരിക്കുന്നിടത്തോളം, സുപ്രീംകോടതി ക്രീമിലെയര്‍ ഏര്‍പ്പെടുത്തിയതിനെ അനുകൂലിക്കുന്നിടത്തോളം കാലം ഇന്ത്യയില്‍ പിന്നോക്കവിഭാഗത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡവും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് കാണാം. പിന്നോക്ക- ന്യൂനപക്ഷ നേതാക്കള്‍ അവകാശപ്പെടുന്നതുപോലെ പരിശുദ്ധമായ ജാതിസംവരണമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നര്‍ഥം.

ഇന്ത്യയില്‍ നിലനിന്നുവന്നതും വരുന്നതുമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ഫലമായി സാമൂഹികപുരോഗതിയില്‍ പര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മറ്റുള്ളവരോടൊപ്പം ഉയര്‍ത്തിക്കൊണ്ടുവരികയും രാജ്യാധികാരത്തിലുള്‍പ്പെടെ സമത്വം നേടിയെടുക്കുകയെന്നതാണല്ലോ സംവരണത്തിന്റെ ഉദ്ദേശ്യം. മുമ്പില്ലാത്തവിധത്തില്‍ ജാതിസംവരണത്തിനെതിരെയും സംവരണം ആവശ്യപ്പെട്ടുകൊണ്ടും സമരങ്ങള്‍ തുടര്‍ച്ചയായി പൊട്ടിപ്പുറപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം.

സ്വാതന്ത്യ്രസമരത്തിനുശേഷം ഇന്ത്യയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ സാമ്പത്തികനയങ്ങള്‍ ജനങ്ങളുടെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാനും ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം കരഗതമാക്കാനുമല്ല ഉതകിയത്. മറിച്ച് സമ്പന്നരെ അതിസമ്പന്നരാക്കാനും ഇടത്തരക്കാരെ കൂടുതല്‍ ദരിദ്രരാക്കാനുമാണ്.

2000ല്‍ ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 37 ശതമാനം സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈകളിലായിരുന്നു. 2015 ആയപ്പോള്‍ അത് 49 ശതമാനമായും 2017ല്‍ അത് 61 ശതമാനമായും വര്‍ധിച്ചു. ഇതിനര്‍ഥം സമ്പത്ത് ഒരു ചെറിയ ശതമാനം ഇന്ത്യക്കാരുടെ കൈകളില്‍ കേന്ദ്രീകരിക്കുന്നു എന്നുമാത്രമല്ല, ഇടത്തരം കര്‍ഷകരും കൈത്തൊഴില്‍/സ്വയംതൊഴില്‍ ചെയ്തുവരുന്ന വലിയൊരു ജനവിഭാഗം ദരിദ്രരാവുകയും തൊഴില്‍രഹിതരുടെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തുവെന്നാണ്.

സമീപകാലത്തായി വളര്‍ന്നുവന്ന ഗുജറാത്തിലെ പട്ടേല്‍മാരുടെ സമരവും മഹാരാഷ്ട്രയില്‍ ഉദയംചെയ്ത മറാത്തിപ്രസ്ഥാനവും ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഇന്നലെവരെ മുന്നോക്കവിഭാഗക്കാരാണെന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നവര്‍ തൊഴില്‍ ലഭിക്കുന്നതിനുവേണ്ടി പിന്നോക്ക വിഭാഗത്തിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നു.

മുന്നോക്കവിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ ലഭിക്കാതെ പോകുന്നത് ജാതിസംവരണം നിലനില്‍ക്കുന്നതിനാലാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നു. സംവരണമെന്നത് ഭരണാധികാരത്തിലെ പങ്കാളിത്തമാണെന്നൊക്കെ നിര്‍വചിക്കുന്നത് ശരിയാണെങ്കിലും അതില്‍ തൊഴില്‍ലഭ്യതയുടെ സാധ്യതകളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

തൊഴില്‍സംവരണം വേണമെന്ന ആവശ്യം എന്തുകൊണ്ടാണ് ഉന്നയിക്കുന്നത്? പൊതുപരീക്ഷയില്‍ മുന്നോക്കവിഭാഗക്കാരോടൊപ്പം ഇപ്പോഴും എത്തിപ്പറ്റാന്‍ കഴിയാത്തതുകൊണ്ടാണ്. അഥവാ ഫലത്തില്‍ പൊതുതസ്തികകളില്‍ ബഹുഭൂരിപക്ഷവും ലഭിക്കുന്നത് മുന്നോക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്.

പട്ടികവിഭാഗ-പിന്നോക്ക- മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍സംവരണത്തില്‍ ഒരു കുറവും വരുത്താതെ ഭൂരിപക്ഷവും മുന്നോക്കക്കാര്‍മാത്രം തെരഞ്ഞെടുക്കപ്പെടുന്ന പൊതുവിഭാഗത്തില്‍നിന്ന് മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് നിശ്ചിത ശതമാനം തൊഴില്‍സംവരണം ഏര്‍പ്പെടുത്തുന്നതിന് പട്ടികവിഭാഗ- പിന്നോക്ക- മത ന്യൂനപക്ഷവിഭാഗങ്ങള്‍ എതിര്‍ക്കുന്നത് എന്തിനാണ്? തങ്ങളുടെ സാധ്യതകള്‍ക്ക് കുറവ് വരുന്നതിനാല്‍ മുന്നോക്കത്തിലെ സമ്പന്നരല്ലേ എതിര്‍പ്പുമായി വരേണ്ടത്?
വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന് എതിര്‍ക്കുന്നത് കൌതുകത്തോടെമാത്രമേ കാണാന്‍ കഴിയൂ.

നമ്പൂതിരിമുതല്‍ നായാടിവരെയുള്ളവരെ ഒരേചരടില്‍ കോര്‍ത്തിണക്കാന്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സമത്വ മുന്നേറ്റയാത്ര നടത്തുകയും ബിഡിജെഎസ് എന്ന രാഷ്ട്രീയപാര്‍ടിക്ക് ജന്മംനല്‍കുകയും ചെയ്തയാള്‍ ഇപ്പോള്‍ പറയുന്നു, എല്ലാം തെറ്റായിരുന്നുവെന്ന്!

ദളിതനേത്, പിന്നോക്കക്കാരനേത്, മുന്നോക്കക്കാരനേത് എന്നു തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ കേരളീയ സാമൂഹികജീവിതം മാറ്റിയെടുത്തത് തൊഴില്‍സംവരണംകൊണ്ടുമാത്രമല്ല. അവര്‍ണ- സവര്‍ണ വിഭാഗത്തില്‍പ്പെട്ട പുരോഗമനവാദികളായ മനുഷ്യരും പ്രസ്ഥാനങ്ങളും നടത്തിയ ഇടതടവില്ലാത്ത പോരാട്ടങ്ങളുടെ ഫലമായിട്ടുകൂടിയാണ്.

കേരള സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ കൈക്കൊണ്ട സമീപനത്തെ പട്ടികജാതിക്ഷേമ സമിതി സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്. നൂറ്റാണ്ടുകളായി പുറംവേലിക്ക് എത്രയോ അകലെ നിര്‍ത്തിയിരുന്ന പട്ടികവിഭാഗത്തിന് 12 ശതമാനം സംവരണം ആദ്യമായി ഏര്‍പ്പെടുത്തി. ഈഴവാദി പിന്നോക്കവിഭാഗത്തിനുള്‍പ്പെടെ 40 ശതമാനം പുതിയതായി വന്നിരിക്കുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ദേവസ്വം ബോര്‍ഡ് ഭരണസമിതിയില്‍ ആദ്യമായി ദളിതന് പ്രാതിനിധ്യം കൊടുത്തത്. ഇപ്പോള്‍ തൊഴില്‍സംവരണവും ഏര്‍പ്പെടുത്തി.

കഴിഞ്ഞ നൂറുവര്‍ഷക്കാലത്തിനിടയില്‍ കേരളീയ സമൂഹത്തില്‍ വലിയ പരിവര്‍ത്തനത്തിന് നാന്ദികുറിച്ച രണ്ടു തീരുമാനങ്ങളാണ് പൂജാരി നിയമനവും സംവരണം ഏര്‍പ്പെടുത്തലും. ഇതിന്റെ ശോഭകെടുത്താന്‍ തല്‍പ്പരകക്ഷികള്‍ നടത്തുന്ന ശ്രമത്തെ പുരോഗമനസമൂഹം തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തുകയും തന്നെ ചെയ്യും

(പട്ടികജാതിക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here