കളവുകള്‍ കൊണ്ടു മറയ്ക്കാനാവാത്ത ജനരോഷമാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു ഫലമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയെന്ന കോര്‍പ്പറേറ്റ് മാധ്യമ പ്രചരണം എത്രമാത്രം കളവാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഫലപ്രഖ്യാപനം പരിശോധിച്ചാല്‍ വ്യക്തമാവുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്

കൊട്ടിഘോഷിക്കപ്പെടുന്ന ‘ബി.ജെ.പി. വിജയം’ സംഭവിച്ചത് കേവലം 16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ അടങ്ങുന്ന നഗരപ്രദേശങ്ങളില്‍ മാത്രം. ഈ പ്രദേശങ്ങളിലെ 1300 സീറ്റുകളില്‍ 46% ബി.ജെ.പി നേടിയത്, മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ദുരിത ഫലങ്ങള്‍ ഇതുവരേയ്ക്കും പൂര്‍ണ്ണമായി നേരിടേണ്ടി വന്നിട്ടില്ലാത്ത മധ്യസമ്പന്ന വര്‍ഗ്ഗത്തിന്റെ പിന്തുണ കൊണ്ടു മാത്രം.

എന്നാല്‍ ഈ പ്രദേശങ്ങളിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ലഭിച്ചതിനെക്കാള്‍ ഗണ്യമായ കുറവാണ് ബി.ജെ.പി വോട്ടുകളില്‍ നേരിട്ടതന്നും റിയാസ് വിശദീകരിച്ചു

നഗരപ്രാന്ത പ്രദേശങ്ങളിലെ 198 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലായി തിരഞ്ഞെടുപ്പു നടന്ന 5261 സീറ്റുകളില്‍ ബിജെപി ജയിക്കാനായത് വെറും 18 ശതമാനം. 64 ശതമാനം വിജയം നേടിയത് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.

ഗ്രാമ പഞ്ചായത്തുകളില്‍ ബി.ജെ.പിയുടെ പരാജയം കൂടുതല്‍ ദയനീയമാണ്. 5446 സീറ്റുകളില്‍ ജയിക്കാനായത് വെറും 12 ശതമാനം. മുഖ്യമന്ത്രി യോഗി നേരിട്ടു പ്രചരണം നടത്തിയിട്ടും പോലും നഗരപ്രാന്തങ്ങളിലും ഗ്രാമങ്ങളിലും ഭരണപക്ഷ പാര്‍ട്ടി പരാജയം ഏറ്റുവാങ്ങി. മോഡി സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങള്‍ കര്‍ഷകരേയും ചെറുകിടക്കാരെയും എത്രത്തോളം ബി.ജെ.പിയില്‍ നിന്നും അകറ്റി എന്നതിന്റെ തെളിവാണിത്.

കോര്‍പറേറ്റ് മാധ്യമങ്ങളുടെ നുണപ്രചരണങ്ങള്‍ കൊണ്ടും, പണക്കൊഴുപ്പു കൊണ്ടും ഒരു ജനതയെ ആകെ എക്കാലത്തും കബളിപ്പിക്കാമെന്ന ബി.ജെ.പിയുടെ വ്യാമോഹം തകര്‍ന്നടിയുന്ന കാലം വിദൂരമല്ല എന്നാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതന്നും റിയാസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here