ഓഖി: ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കണ്ണന്താനം

തിരുവനന്തപുരം: കേരളത്തില്‍നിന്നു മാത്രം കോസ്റ്റ് ഗാര്‍ഡും നേവിയും എയര്‍ഫോഴ്‌സും ചേര്‍ന്ന് 183 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

ഓഖി ദുരന്തവും തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കണ്ണന്താനം.

ഇനി 92 പേരെയാണ് കണ്ടെത്താനുള്ളത് എന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടലില്‍ ഉള്ളത് എന്നും കണ്ണന്താനം വ്യക്തമാക്കി. വളരെ ഊര്‍ജിതമായി തന്നെ ഇനിയും തെരച്ചില്‍ നടത്തും. കാറ്റടിച്ചതിനാല്‍ ബോട്ടുകളൊക്കെ കൂടുതല്‍ വടക്കോട്ടുപോയി എന്നാണ് നിഗമനം.

അതിനാല്‍ കപ്പലുകളും എയര്‍ഫോഴ്‌സുമെല്ലാം വരും ദിവസങ്ങളില്‍ അത്തരം ഭാഗങ്ങളിലേക്ക് കൂടി എത്തിച്ചേര്‍ന്ന് ശക്തമായ തെരച്ചില്‍ നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

50 വര്‍ഷത്തില്‍ ഇത്തരം ഒരു ചുഴലിക്കാറ്റ് കേരളത്തില്‍ അടിച്ചിട്ടില്ല. ചുഴലിക്കാറ്റുണ്ടാകുമെന്ന കൃത്യമായ അറിയിപ്പ് കിട്ടിയത് മുപ്പതാം തീയതി 12 മണിക്കാണ്. എന്നാല്‍ 28, 29 തീയതികളില്‍ ബോട്ടുകള്‍ കടലില്‍ പോയിട്ടുണ്ടായിരുന്നു. മുന്നറിയിപ്പ് കൊടുക്കാനായിട്ട് ഇതിനാല്‍ നേരത്തെ സാധിച്ചില്ല.

ലഭ്യമായ സന്ദേശങ്ങളെല്ലാം വായിച്ചെങ്കിലും കേരളത്തെ ഓഖി ചുഴലിക്കാറ്റ് ബാധിക്കുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല.

പകരം വടക്ക് ഭാഗത്തും അതുവഴി പടിഞ്ഞാറന്‍ പ്രദേശത്തെ ബാധിക്കും എന്നാണ് പല അറിയിപ്പുകളും വന്നിരുന്നത്. കേരളത്തില്‍ ഇത് ആഞ്ഞടിക്കുമെന്ന് ഒരു കണക്കുകൂട്ടലും ഉണ്ടായിരുന്നില്ല. സാധാരണ നിലയില്‍ വരുന്ന ഒരു ചുഴലിക്കാറ്റായിരുന്നില്ല.

മണിക്കൂറുകള്‍ക്കകം ഗതി മാറിമാറി വന്ന് കേരള തീരത്ത് വീശുകയായിരുന്നു. അതുകൊണ്ട് പ്രവചിക്കാനും സാധിച്ചില്ല.

ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് റവന്യുസെക്രട്ടറിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നിവേദനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന ഒരു പദ്ധതി കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ഇല്ലെന്നും കണ്ണന്താനം വിശദീകരിച്ചു.

ദുരിതാശ്വാസത്തിനായി ആവശ്യമായ പണം സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ട്. ആവശ്യമായ ഘട്ടത്തില്‍ കൂടുതല്‍ സഹായം നല്‍കും.

കോസ്റ്റ് ഗാര്‍ഡിന്റെ ഏഴുകപ്പലുകള്‍ മൂപ്പതാം തീയതിമുതല്‍ ഉണ്ടായിരുന്നെന്നും രണ്ടാം തീയതിമുതല്‍ എട്ടുകപ്പലുകള്‍, ഒരു ഹെലിക്കോപ്റ്റര്‍ എന്നിവ തെരച്ചില്‍ നടത്തിയെന്നും 88 പേരെ സംഘം രക്ഷിച്ചതായും കണ്ണന്താനം അറിയിച്ചു.

ഇന്ത്യന്‍ നേവിയുടെ മൂന്ന് കപ്പലുകള്‍, രണ്ട് വിമാനങ്ങള്‍ ഒരു ഹെലിക്കോപ്റ്റര്‍, രണ്ടാം തീയതിമുതല്‍ ഏഴു കപ്പല്‍, ഹെലിക്കോപ്റ്റര്‍ നാലെണ്ണം എന്നിവ വഴി 65 പേരെ സംഘത്തിന് രക്ഷിക്കാനായെന്നും ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel