ഇത് എഴുപതുകളിലെ ഒരു നായകനും നായികയും; ‘നായിക’യ്ക്ക് പിന്നീടൊരിക്കലും നായികയാകാനായില്ല

എഴുപതുകളിലെ ഒരു നായകനും നായികയുമാണിത്. രണ്ടുപേരും ഇന്ന് പ്രശസ്തര്‍.

‘നായികയ്ക്ക് പിന്നീടൊരിക്കലും നായികയാകാനായില്ല എന്നതാണ് ദുഃഖം’ ഈ അടിക്കുറിപ്പോടെ വാട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ആരാണീ നായകനും നായികയുമെന്നറിയേണ്ടേ.

നായകന്‍ മലയാളത്തിന്റെ അഭിനയ കുലപതി സാക്ഷാല്‍ ജഗതി ശ്രീകുമാര്‍, നായിക നടന്‍ രവിവള്ളത്തോള്‍.

ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ അറുപതുകളുടെ ഒടുവിലത്തെ മാര്‍ ഇവാനിയോസ് കോളേജ് കാലമാണ് മുന്നിലെത്തുക. സ്‌ക്കൂള്‍ കാലം തൊട്ടേ കൂട്ടുകാരും സഹ പാഠികളുമായിരുന്നു രവിയും ജഗതിയും. മാര്‍ ഇവാനിയോസ് കോളേജിലും ഇവര്‍ ഒരുമിച്ചു.

തിരുവനന്തപുരത്തെ തലയെടുപ്പുള്ള രണ്ട് നാടകാചാര്യന്മാരുടെ മക്കളായിരുന്നു ഇരുവരും. ശ്രീകുമാര്‍ ജഗതി എന്‍കെ ആചാരിയുടെ മകന്‍, രവി വള്ളത്തോള്‍ ടിഎന്‍ ഗോപിനാഥന്‍ നായരുടേയും. രണ്ടുപേര്‍ക്കും രക്തത്തലലിഞ്ഞ് പാരമ്പര്യമായി തന്നെ ലഭിച്ചതാണ് നാടകം. നാടകം തന്നെയാണ് രവിയെയും ജഗതിയെയും ഒരുമിപ്പിച്ചത്.

അക്കാലത്ത് ഒരു നാടകത്തില്‍ രണ്ട് പേരും അഭിനയിച്ച രണ്ട് കഥാപാത്രങ്ങളാണ് ഇവിടെ ഈ ഫോട്ടോ ചരിത്രമായി ഇപ്പോള്‍ പ്രചരിക്കുന്നത്. 1970ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നടന്ന നാടക മത്സരത്തിലെ നായകനും നായികയുമാണിത്.

നായകനടന്‍ മലയാള സിനിമയുടെ എക്കാലത്തേയും വിസ്മയം ആയി. പക്ഷേ നായികയ്ക്ക് പിന്നിട് ഒരിക്കലും നായികയാവാന്‍ അവസരം ലഭിച്ചില്ല. രവി വള്ളത്തോള്‍ സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങിയെങ്കിലും പിന്നീടൊരിക്കലും നാടകത്തിലോ സിനിമയിലോ സ്ത്രീവേഷം കെട്ടിയിട്ടില്ല എന്നാണ് പറഞ്ഞുവരുന്നത്.

കഴിഞ്ഞ വര്‍ഷം 1962-70 വര്‍ഷകാലത്തെ മാര്‍ ഇവാനിയോസ് കോളേജ് ബോട്ടണി വിഭാഗം അത്താഴം എന്ന പേരില്‍ കോളേജില്‍ സംഗമിച്ചിരുന്നു. ജഗതി ശ്രീകുമാറും രവി വള്ളത്തോളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അന്ന് ആരോ പുറത്തുവിട്ട പഴയ ഓര്‍മ്മ ചിത്രമാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ കറുപ്പിലും വെളുപ്പിലും മായാതെ തിളങ്ങിനില്‍ക്കുന്നൊരു ചിത്രചരിത്രമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News