കല്ലുവെച്ച നുണകളെഴുതി മനോരമ; നവംബര്‍ 30ന് ചുഴലിക്കാറ്റിന് മുന്നറിയിപ്പില്ലെന്ന വാര്‍ത്ത; രണ്ടാം ദിവസം ചുവട് മാറ്റി; തെളിവുകള്‍ ഇതാ

കൊച്ചി : ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന വ്യാജപ്രചരണം നടത്തുന്ന മാധ്യമങ്ങളുടെ കള്ളക്കളി പുറത്ത്. നവംബര്‍ 30ന് ഇറങ്ങിയ മലയാള മനോരമയില്‍ തന്നെ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് പറയുന്നുണ്ട്.

പത്രത്തിന്റെ പതിനഞ്ചാം പേജില്‍ ചെറിയ കോളത്തില്‍ അത്രപ്രാധാന്യമില്ലാതെയാണ് മനോരമ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇതേ മനോരമ തന്നെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചുവെന്ന് രണ്ടുദിവസത്തിനു ശേഷം ഒന്നാം പേജില്‍ വാര്‍ത്തയാക്കിയിരിക്കുന്നത്.

നവംബര്‍ 30ന് മലയാള മനോരമ നല്‍കിയ വാര്‍ത്ത


ഡിസംബര്‍ 2ന് മലയാള മനോരമ നല്‍കിയ വാര്‍ത്ത

29 ന് കേന്ദ്ര കാലാവസ്ഥവിഭാഗം ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഇതോടെ മനസ്സിലാക്കാം.

ഇത്തരം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അത് എല്ലാ മാധ്യമങ്ങളും വലിയ വാര്‍ത്തയാക്കിയേനെ. അതുണ്ടായിട്ടുമില്ല. 28നും 29നും ശ്രീലങ്കയ്ക്ക് തെക്ക് അകലെ നിലകൊള്ളുന്ന ന്യൂനമര്‍ദത്തെപ്പറ്റിമാത്രമാണ് കേന്ദ്ര കാലാവസ്ഥകേന്ദ്രത്തിന്റെ അറിയിപ്പുണ്ടായിരുന്നത്്.

ഇതുമൂലം കാറ്റ് ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നു. ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളിമേഖലയ്ക്ക് ഈ മുന്നറിയിപ്പും നല്‍കി.

അതിതീവ്ര ചുഴലിക്കാറ്റ് മുന്നറിയിപ്പ് 30ന് ലഭിച്ചയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ച് മുന്‍കരുതല്‍ നടപടികള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും രൂപംനല്‍കി. ഇതിനൊപ്പംതന്നെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും പോയി. കടലില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സൈന്യത്തിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായവും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

ഇത് ലഭിച്ചയുടന്‍തന്നെ സേനാവിഭാഗങ്ങള്‍ സുസജ്ജമായി രംഗത്തെത്തി. കപ്പല്‍ച്ചാല്‍വഴി പോകുന്ന വിദേശകപ്പലുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകളെല്ലാം ഏകോപനം ഉറപ്പാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടപടികള്‍ ഏകോപിപ്പിക്കുന്നു.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിഅമ്മ, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുമുണ്ട്. ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം തലവന്‍ മൃത്യുഞ്ജയ് മോഹപത്രയും വ്യക്തമാക്കിയിരുന്നു.

എല്ലാ ചുഴലിക്കാറ്റുകളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതല്ലെന്നും ഓഖി ചുഴലിക്കാറ്റ് അത്തരത്തിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം മറച്ചുവെച്ചാണ് ദുരന്തമുഖത്ത് രാഷ്ട്രീയനേട്ടം കൊയ്യാന്‍ വ്യാജവാര്‍ത്തകളുമായി മാധ്യമങ്ങള്‍ ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News