വിദ്യാർത്ഥി സാമാന്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കപ്പെടണം; അഡ്വ. പി. കെ. ഹരികുമാർ എ‍ഴുതുന്നു

രാഷ്ട്രീയം ഒരു കുറ്റകൃത്യമാകുകയും ഭരണകൂടം സാധാരണപോലെ ആ കുറ്റകൃത്യം തടയുകയും ചെയ്യുന്ന സംഭവങ്ങള്‍ അതത് കാലത്തെ ഫാസിസ്റ്റ് പ്രവണതകളുടെ ഭൂതകാലചരിത്രം നമ്മെ ബോധ്യപ്പെടുത്തിയതിന് അനേകം ഉദാഹരണങ്ങളുണ്ട്. രാഷ്ട്രീയത്തിലുള്ള ആമഗ്നത എല്ലാ പൌരന്മാരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ജീവിതവും രാഷ്ട്രീയവും തമ്മില്‍ എന്ത് വേര്‍തിരിവ്.

എന്നിട്ടും പലപ്പോഴും ഭരണകൂടം മനുഷ്യസമൂഹത്തില്‍നിന്ന് മൊത്തമായും അല്ലെങ്കില്‍ ഓരോ വിഭാഗമായി തിരിച്ചോ ജനതയുടെ രാഷ്ട്രീയബോധ്യങ്ങളെ മുറിച്ചുമാറ്റാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയില്‍തന്നെ ഇതിന് സമകാല അനുഭവങ്ങള്‍ പെരുകുകയാണ്. എന്നാല്‍, വിദ്യാര്‍ഥിരാഷ്ട്രീയവുമായി ബന്ധിച്ച് അടുത്തിടെ വന്ന കോടതി പരാമര്‍ശങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അതിന്റെ ഭീകരതയെ വെളിപ്പെടുത്തുന്നതാണ്.

നവ ലിബറല്‍കാലം ഇത്രയും പിന്നിട്ടപ്പോള്‍ അത് നമ്മുടെ ജീവിതത്തെത്തന്നെ പലനിലകളില്‍ മാറ്റിത്തീര്‍ത്തു. അത് സൃഷ്ടിച്ച ചിന്ത, അത് ഉല്‍പ്പാദിപ്പിച്ച പുതിയ ജീവിതം എന്തെല്ലാം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഭരണകൂടത്തിന്റെ നാനാവശങ്ങളില്‍ ഈ നവകാലത്തിന്റെ അരുതായ്കകള്‍ പിടിമുറുക്കുകയാണ്.

അത് കൈകാര്യം ചെയ്യുന്നവര്‍ ഇതാണ് ജീവിതം എന്നു കരുതി ചരിത്രത്തെയും സമകാല ജനപക്ഷ യാഥാര്‍ഥ്യങ്ങളെയും വിസ്മരിച്ച് അവരുടെ ചിന്തയ്ക്ക് അനുസൃതമായ ഡിക്രികള്‍ പുറപ്പെടുവിക്കുകയാണ്. അവരുടെ മുന്നില്‍ വസ്തുതകളുടെ ആന്തരവൈരുധ്യങ്ങളോ നിയമമുണ്ടായതിന്റെ ചരിത്രപശ്ചാത്തലമോ അതിന്റെ വൈവിധ്യമാര്‍ന്ന അര്‍ഥതലങ്ങളോ ഒന്നും തെളിഞ്ഞുവരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം വേണ്ട എന്നത് അസംബന്ധം നിറഞ്ഞ ഒരു ഫലിതമല്ലാതെ പിന്നെയെന്താണ്.

സാമൂഹ്യ ഉല്‍പ്പാദനപ്രക്രിയയില്‍ നിശ്ചിതമായ കടമ നിര്‍വഹിക്കുകയും ഉല്‍പ്പാദന ബന്ധങ്ങള്‍ക്കിടയില്‍ നിശ്ചിതസ്ഥാനം വഹിക്കുകയും ചെയ്യുന്നില്ലാത്തതിനാല്‍ വിദ്യാര്‍ഥിസമൂഹം ഒരു വര്‍ഗമാകുന്നില്ല. എന്നാല്‍, മുതലാളിത്തത്തിന്റെ ഉത്ഭവകാലംമുതല്‍ വളര്‍ന്നുവരുന്ന മൂലധനവും അധ്വാനവും തമ്മിലുള്ള വൈജാത്യം പെരുകിപ്പെരുകി എത്തുന്ന ഏറ്റുമുട്ടലില്‍, ഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്നവരുടെ മഹാമുന്നേറ്റത്തിന്റെ കാവല്‍ശക്തിയായി വിദ്യാര്‍ഥികള്‍ നിലയുറപ്പിക്കും.

ഇക്കാലയളവുവരെ കണ്ട വിമോചനപോരാട്ടത്തിന്റെ ആന്ദോളനങ്ങളില്‍ വിദ്യാര്‍ഥികള്‍ വഹിച്ച പങ്കിന് എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാം. ചൈനയിലെ മെയ് നാല് പ്രസ്ഥാനം, നീണ്ടയാത്രയിലെ വിദ്യാര്‍ഥിപങ്കാളിത്തം എന്നിവ ഇതില്‍ ചിലത്. പേര്‍ഷ്യ, തുര്‍ക്കി എന്നീ പൌരസ്ത്യരാജ്യങ്ങളിലെ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ അലകും പിടിയും വിദ്യാര്‍ഥികളുടെ കൈയിലായിരുന്നു. ക്യൂബന്‍ വിപ്ളവത്തെ അഗാധമായി സ്വാധീനിച്ച ഹവാന സര്‍വകലാശാല, ലാറ്റിനമേരിക്കന്‍ വിമോചന പോരാട്ടങ്ങളില്‍ ഉറഞ്ഞുകൂടിയ വിദ്യാര്‍ഥികളുടെ ചോര, എഴുപതുകളില്‍ പഴയ സിലോണിലെ ജനതാവിമുക്തി പേരമുനയുടെ സമരം, സമകാലത്തെ മുല്ലപ്പൂവിപ്ളവത്തില്‍ തടിച്ചുകൂടിയ വിദ്യാര്‍ഥിക്കൂട്ടം, അപ്പാര്‍ത്തീഡിനെതിരെ പൊരുതിയ ഇരുണ്ട ഭൂഖണ്ഡങ്ങളിലെ വിദ്യാര്‍ഥിസമരങ്ങള്‍.

ഇനിയുമിനിയും എത്ര വേണമെങ്കിലുമുണ്ട് പറയാന്‍.
ഇന്ത്യയില്‍ സ്വാതന്ത്യ്രത്തിനുമുമ്പ് 1830-40കളില്‍തന്നെ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ വിദ്യാര്‍ഥിസമൂഹത്തിന്റെ കൂട്ടംചേരലും സംഘടന രൂപീകരിക്കലും നടന്നതിന് തെളിവുകളുണ്ട്. 1905ലെ ബംഗാള്‍ വിഭജനം നമ്മുടെ സ്വാതന്ത്യ്രസമരത്തിലും നിര്‍ണായക വഴിത്തിരിവുണ്ടാക്കി. വൈദേശിക ആധിപത്യത്തിനെതിരെ ഈ സംഭവം വിദ്യാര്‍ഥികളുടെ ഇടയില്‍ ദേശീയബോധത്തിന്റെ വിത്തുകള്‍ ആഴത്തില്‍ പാകി.

ദേശീയാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ഉയര്‍ന്നുപൊങ്ങിയ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ ചെറിയ അലകള്‍ പെരുകിപ്പെരുകിയാണ് വലിയ അലയായ ഏകീകൃത വിദ്യാര്‍ഥിസംഘടന എഐഎസ്എഫ് 1936ല്‍ ഉണ്ടാകുന്നത്. കോളനി വിദ്യാഭ്യാസത്തിനെതിരെ, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജനാധിപത്യഅവകാശങ്ങള്‍ക്കുവേണ്ടി, വിദ്യാലയങ്ങളിലെ പ്രാഥമികസൌകര്യങ്ങള്‍, പരീക്ഷാസമ്പ്രദായത്തിലെ പരിഷ്കാരങ്ങള്‍ എന്നിവയ്ക്കുവേണ്ടിയും 50 ശതമാനം വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പ്പിക്കുന്നതിനെതിരെയും സാമ്രാജ്യത്വം നശിക്കട്ടെ എന്ന പൊതുമുദ്രാവാക്യം ഉയര്‍ത്തിയും ഈ സംഘടന നടത്തിയ സമരത്തിന്റെ, അസംഖ്യം പ്രക്ഷോഭങ്ങളുടെ ആകത്തുകയാണ് പിന്നീടുള്ള സ്വാതന്ത്യ്രസമരകാലത്തെ വിദ്യാര്‍ഥിപങ്കാളിത്തം.

ഇക്കാലയളവിലാണ് ഭഗത്സിങ്ങിനെ വിട്ടയക്കുന്നതിനെതിരെ, മീറത്ത് ഗൂഢാലോചന കേസിനെതിരെ, നിസ്സഹകരണപ്രസ്ഥാനം പിന്‍വലിച്ചതിനെതിരെ, ഫാസിസത്തിനെതിരെ, റഷ്യന്‍മുന്നേറ്റത്തില്‍ ആകൃഷ്ടരായി ലോക മുതലാളിത്ത കുഴപ്പം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കെതിരെ എത്രയോ സമരനീക്കങ്ങളാണ് അക്കാലത്തുണ്ടായത്. ഇതെല്ലാം രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളിലുള്ള വിദ്യാര്‍ഥികളുടെ ജൈവപരമായ ഇഴുകിച്ചേരലിന് ഉദാഹരണങ്ങളാണ്.

ഈ സാഹചര്യത്തിനുസമാന്തരമായി 1920കളില്‍തന്നെ കേരളത്തിലും വിദ്യാര്‍ഥിക്കൂട്ടായ്മകളുടെയും സമരങ്ങളുടെയും മുഴക്കങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. 1921 ആഗസ്തില്‍ തിരുവിതാംകൂറിലെ വിദ്യാര്‍ഥികള്‍ ഫീസ് വര്‍ധനയ്ക്കെതിരെ സമരം ആരംഭിച്ചു. ശ്രീമൂലവിലാസം സ്കൂളില്‍നിന്നാണ് സമരം തുടങ്ങിയത്. 1922 ആയപ്പോള്‍ മഹാരാജാസ് കോളേജിനെ കേന്ദ്രീകരിച്ചായി സമരം. ദിവാന്‍ രാഘവയ്യരുടെ കുതിരപ്പട്ടാളം കിരാതമായ വേട്ടയാടലാണ് ആ സമരത്തിനെതിരെ നടത്തിയത്. 1938 ജൂലൈയില്‍ തിരുവിതാംകൂറിലെ വിദ്യാര്‍ഥികള്‍ സര്‍. സി പിയുടെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ കെട്ടഴിച്ചുവിട്ട പ്രക്ഷോഭത്തെയും അടിച്ചമര്‍ത്താന്‍ കുതിരപ്പട്ടാളത്തെത്തന്നെ രംഗത്തിറക്കി. ഇക്കാലയളവില്‍ മലബാറിലും വിദ്യാര്‍ഥികളുടെ കൂട്ടംചേരല്‍ നടന്നു. അതിന്റെ ഫലമായിട്ടാണ് 1931ല്‍ വടകരയില്‍ നരിമാന്റെ അധ്യക്ഷതയില്‍ വിദ്യാര്‍ഥിസമ്മേളനം നടന്നത്. 1936ല്‍ ഓള്‍ കേരള സ്റ്റുഡന്റ്സ് ഫെഡറേഷനുണ്ടായി.

ഇതേകാലയളവില്‍തന്നെ തലശേരിയില്‍ മലബാര്‍ വിദ്യാര്‍ഥിസമ്മേളനം നടന്നു. ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി എത്തിയ സോളി ബാട്ട്ലിവാലയെ സമ്മേളനസ്ഥലത്ത് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ഥിപ്രകടനത്തിനുനേരെ ലാത്തിച്ചാര്‍ജ് നടന്നു. പിന്നീട് 1938ല്‍ പി സി ശങ്കരനാരായണന്‍ സെക്രട്ടറിയായി മലബാര്‍ വിദ്യാര്‍ഥി യൂണിയന്‍ രൂപീകരിച്ചു. ഇതേകാലത്ത് തിരുവിതാംകൂറില്‍ വിദ്യാര്‍ഥി കോണ്‍ഗ്രസും മലബാര്‍ വിദ്യാര്‍ഥി ഫെഡറേഷനുമുണ്ടായി. 1942ല്‍ പയ്യന്നൂരില്‍ നടന്ന ചിറയ്ക്കല്‍ താലൂക്ക് വിദ്യാര്‍ഥിസമ്മേളനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. 1942 മുതല്‍ വ്യത്യസ്ത രൂപങ്ങളില്‍ എഐഎസ്എഫിന്റെ പ്രവര്‍ത്തനവും അന്നത്തെ കേരള ഭാഗത്ത് നടക്കുകയുണ്ടായി.

കേരളത്തില്‍ അന്ന് നടന്നുവന്ന സ്വാതന്ത്യ്രസമരപ്രക്ഷോഭത്തിന്റെയും തൊഴിലാളിവര്‍ഗസമരങ്ങളുടെയും നവോത്ഥാന മുന്നേറ്റത്തിന്റെയും രാഷ്ട്രീയസാഹചര്യങ്ങളുമായി കെട്ടുപിണഞ്ഞാണ് മേല്‍പ്പറഞ്ഞ സംഘടനാരൂപീകരണങ്ങളും വിദ്യാര്‍ഥി സമരങ്ങളും സമ്മേളനങ്ങളും നടന്നത്. എഴുപതുകളുടെ ആരംഭംമുതല്‍ നാളിതുവരെയുള്ള കേരളത്തിലെ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ ചരിത്രം എസ്എഫ്ഐയുമായി ഇഴചേര്‍ന്നാണ് കിടക്കുന്നത്. ഈ ദീര്‍ഘകാലയളവിനിടയില്‍ കേരളത്തിലെ വിദ്യാര്‍ഥിസമൂഹം സ്വാതന്ത്യ്രത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയും വിദ്യാഭ്യാസപ്രശ്നങ്ങളെ മുന്‍നിര്‍ത്തിയും നടത്തിയ പോരാട്ടങ്ങള്‍ എണ്ണമറ്റതാണ്. കേരളത്തിലെ വിദ്യാര്‍ഥികളുടെ ബൌദ്ധികവും നീതിസംബന്ധവുമായ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി എസ്്എഫ്ഐ നടത്തിയ മഹാപോരാട്ടങ്ങളാണ് വിദ്യാര്‍ഥിസമൂഹം ഇന്ന് അനുഭവിക്കുന്ന എല്ലാ അക്കാദമിക് സ്വാതന്ത്യ്രത്തിന്റെയും അടിത്തറയായി തീര്‍ന്നിട്ടുള്ളത്.

കേരളത്തിലെ വിദ്യാലയങ്ങളില്‍ നിബിഡമായ രാഷ്ട്രീയസത്തയെ നീക്കം ചെയ്തെന്നിരിക്കട്ടെ, ആ ശൂന്യതയിലേക്ക്, അരാഷ്ട്രീയതയുടെ തുരുത്തുകളിലേക്ക് ആത്മവിശ്വാസക്കുറവിന്റെയും മനോരോഗത്തിന്റെയും അണുക്കള്‍ മുളപൊട്ടും. അവിടങ്ങളില്‍ ആത്മഹത്യാമുനമ്പുകളുണ്ടാകും. അവിടെ നന്മ, നീതി തുടങ്ങിയവ അസ്തമിച്ച് ക്വട്ടേഷന്‍ സംഘങ്ങളുടെ വിളനിലമാകും.

ലഹരിമരുന്നുകളുടെ പുകപടലംകൊണ്ട് നിറയും. കടുത്ത വര്‍ഗീയതയുടെ വരണ്ടകാറ്റ് വീശും. എല്ലാ സംവാദ മണ്ഡലങ്ങളുടെയും വാതിലുകള്‍ അടയും. വാണിജ്യ വിദ്യാഭ്യാസത്തിന്റെ അഹമ്മതിയിലും സമ്മര്‍ദത്തിലുംപെട്ട് വിദ്യാഭ്യാസ അന്തരീക്ഷം കലുഷമാകും. കാല്‍പ്പനിക രാഷ്ട്രീയംകൊണ്ട് പുറത്തേക്ക് തുറന്നുവച്ച വിദ്യാര്‍ഥിമനസ്സ് കെട്ടുപോകും.

ഒരു വിദ്യാര്‍ഥി വിദ്യാലയപ്രവേശനസമയത്ത് പഠനവിഷയം തെരഞ്ഞെടുക്കുന്നതിനോടൊപ്പം ഏതെങ്കിലും ഒരു വിദ്യാര്‍ഥിസംഘടനയെ തെരഞ്ഞെടുക്കുകയല്ല. അവരുടെ വിദ്യാലയജീവിതത്തിനിടയില്‍ ലോകത്തും നമ്മുടെ രാജ്യത്തും അവന്റെ മേഖലയില്‍ ഉണ്ടാകുന്ന രാഷ്ട്രീയ കാലാവസ്ഥയിലേക്ക് നിശ്ചയമായും അവന്‍ കണ്ണ് പായിക്കും. സാമൂഹ്യജീവിതത്തിലെ അരുതായ്കകള്‍, അസമത്വം, കലുഷമായ കാലാവസ്ഥ, അവന്റെ വിദ്യാഭ്യാസ പരിസരത്തും ഉണ്ടാകുന്ന പ്രതിസന്ധികള്‍, ഇതിലേക്ക് സ്വാഭാവികമായും അവന്റെ കണ്ണും മനസ്സും തുറക്കുകതന്നെ ചെയ്യും. അതിന്റെ കാരണം അന്വേഷിക്കും.

ആ തിരിച്ചറിവില്‍നിന്ന് ഈ സന്ദിഗ്ധതകളുടെ പരിഹാരം അന്വേഷിക്കുന്നതിനിടയില്‍ അവന്‍ ഒരു വിദ്യാര്‍ഥിസംഘടനയെയും അവന്റെ രാഷ്ട്രീയത്തെയും സ്വാഭാവികമായി കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇത് ഒരു വിദ്യാര്‍ഥിയുടെ വ്യക്തിസത്തയില്‍നിന്ന് സംഘസത്തയിലേക്കുള്ള നിരന്തരപ്രയാണമാണ്. അത് ജൈവപരമായ ഒരു അന്വേഷണവും കണ്ടെത്തലുമാണ്.

അങ്ങനെ കണ്ടെത്തുന്ന രാഷ്ട്രീയത്തെ ഏത്നിയമത്തിന് എങ്ങനെ മുറിച്ചുമാറ്റാനാകും. പരമസ്വതന്ത്രമായ രാഷ്ട്രീയവിചിന്തനം എത്തിച്ചേരുന്നത് നിശ്ചയമായും ഒരു പക്ഷത്തേക്കായിരിക്കും. അത് ശരിയുടേതാകണം. ചരിത്രപരവും വൈരുധ്യാത്മകവുമായ ഇടപെടല്‍വഴി തുറന്ന സംവാദത്തിന്റെ പ്രദേശങ്ങള്‍ വിദ്യാര്‍ഥികളുടെ ഇടയിലുണ്ടാകണം. വിദ്യാര്‍ഥിസാമാന്യത്തിന്റെ സ്വാതന്ത്യ്രവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് തടയാന്‍ നിയമത്തിന്റെ പ്രതിരോധങ്ങള്‍ മതിയാകില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News